Asianet News MalayalamAsianet News Malayalam

'ഇതൊരു ഗെയിമാണ്, ജയിച്ചേ പറ്റൂ', അന്വേഷണം വഴി തിരിച്ച് വിടാൻ ജോളി ശ്രമിച്ചെന്ന് കെ ജി സൈമൺ

''ശവക്കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവർ രണ്ട് പേരെക്കൂട്ടി ഒരു പ്രമുഖ അഭിഭാഷകനെ കാണാൻ പോയി. എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക എന്ന് ചോദിക്കാനാണ് പോയത്. അപ്പോൾ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോയിട്ടില്ല. ഞങ്ങളുടെ മുന്നിലൂടെയാണ് പോയത്. പോട്ടെന്ന് വച്ചു''

sp kg simon opens up about how jolly tried to divert the koodathayi murder case exclusive
Author
Vadakara, First Published Oct 13, 2019, 4:50 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം വഴി തിരിച്ച് വിടാൻ ജോളി ശ്രമിച്ചെന്ന് റൂറൽ എസ്‍പി കെ ജി സൈമൺ. കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവർ രണ്ട് പേരെക്കൂട്ടി കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ കണ്ടു. അതനുസരിച്ച് കിട്ടിയ ഉപദേശം മൂലമായിരിക്കാം, ആദ്യത്തെ രണ്ട് ദിവസം അവർ ബലം പിടിച്ച് നിന്നു. പിന്നീട് കുറ്റം സമ്മതിച്ചെന്നും കെ ജി സൈമൺ വ്യക്തമാക്കി. 

കോഴിക്കോട് റൂറൽ എസ്‍പി കെ ജി സൈമണുമായി ഞങ്ങളുടെ ബ്യൂറോ ചീഫ് സന്ദീപ് തോമസ് നടത്തിയ അഭിമുഖം മൂന്നാം ഭാഗം:

ചോദ്യം: അവർ നിയമോപദേശം തേടിയിരുന്നെന്നാണല്ലോ പറയുന്നത്. അവർ അതനുസരിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടോ?  

ഉത്തരം: തീർച്ചയായിട്ടുമുണ്ട്.

ചോദ്യം: എന്തായിരുന്നു അത്?

ഉത്തരം: കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ അത് വിശദമായി ഞാനിപ്പോൾ പറയുന്നില്ല. പക്ഷേ, ഈയടുത്ത കാലത്തായി കണ്ടു വരുന്ന ഒരു മോശം പ്രവണതയാണിത്. ഞാൻ 37 വ‌ർഷമായി സർവീസ് തുടങ്ങിയിട്ട്. പണ്ടൊക്കെ പൊലീസ് ഓഫീസർമാർ പ്രതികളെ തേടി ചെന്നാൽ അവർക്ക് മുൻകൂർ ജാമ്യമെടുക്കാം. പക്ഷേ, ഇങ്ങനെ ചോദ്യം ചെയ്യലിൽ പറയണമെന്ന തരത്തിലുള്ള ഉപദേശം നൽകുന്നത് ഞാൻ കേട്ടിട്ടില്ല. നമ്മൾ തെറ്റ് കാണിച്ചെങ്കിൽ നിയമത്തെ അനുസരിച്ച് ബാക്കിയുള്ളതൊക്കെ ചെയ്യൂ. പ്രൊഫഷണലായി അതിനെ സമീപിക്കൂ. 

ചോദ്യം: പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴികളുണ്ടാക്കി നൽകുന്നു അഭിഭാഷകർ എന്ന് അല്ലേ? 

ഉത്തരം: അതെ. 

ചോദ്യം: ഇത്തരം നിയമോപദേശം കിട്ടിയതിന്‍റെ ഭാഗമായി അവരെന്തെങ്കിലും പറഞ്ഞിരുന്നോ? 

ഉത്തരം: ഞാനത് ഇപ്പോൾ പറയുന്നില്ല. തീർച്ചയായും അവർ ഞങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ചോദ്യം: കൊലപാതകങ്ങളല്ലാതെ മറ്റ് പല തട്ടിപ്പുകളും അവർ ചെയ്തിട്ടുണ്ടല്ലോ. വ്യാജ ഒസ്യത്തുണ്ടാക്കുക, രേഖകളുണ്ടാക്കുക എന്നിങ്ങനെ. തഹസിൽദാർ ജയശ്രീ അടക്കമുള്ളവർ ഇവരെ സഹായിച്ചിട്ടുമുണ്ട്. അതേക്കുറിച്ച് എങ്ങനെയാണ് അന്വേഷണം?

ഉത്തരം: വഞ്ചന കാണിക്കുന്ന ഒരു സ്ത്രീ, ഇത് നമ്മൾ പോലും പ്രതീക്ഷിക്കുന്നതല്ല ഇത്തരത്തിലൊരു പെരുമാറ്റം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന്. കൃത്യമായി അവർ എല്ലാം പ്ലാൻ ചെയ്തു. ശവക്കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവർ രണ്ട് പേരെക്കൂട്ടി ഒരു പ്രമുഖ അഭിഭാഷകനെ കാണാൻ പോയി. എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക എന്ന് ചോദിക്കാനാണ് പോയത്. അപ്പോൾ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോയിട്ടില്ല. ഞങ്ങളുടെ മുന്നിലൂടെയാണ് പോയത്. പോട്ടെന്ന് വച്ചു. 

അവർ പോയി മടങ്ങി വന്നു. അവരുടെ പുറകേ മാസങ്ങൾക്ക് മുമ്പേ ഞങ്ങളുണ്ട്. 

ചോദ്യം: രാമകൃഷ്ണൻ എന്ന കോൺഗ്രസ് നേതാവിന്‍റെ മകൻ അച്ഛന്‍റെ മരണത്തിൽ സംശയമുണ്ടെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചിട്ടുണ്ടല്ലോ? ഇതിൽ ജോളിയുടെ പങ്ക് സംശയിക്കുന്നുണ്ടോ?

ഉത്തരം: ഒരു സംഭവമുണ്ടാകുമ്പോൾ, മറ്റൊരു സംഭവത്തിൽ ഇതിന് ബന്ധമുണ്ടോ എന്ന സംശയമുയരുക സ്വാഭാവികമാണ്. ആദ്യം ഇത്തരം ഒരു വിവരം കിട്ടി രണ്ട് തവണ പരിശോധന നടത്തിയെങ്കിലും പിന്നീട് അത്ര വിശദമായ അന്വേഷണം നടത്തിയില്ല. പിന്നീട് അദ്ദേഹത്തിന്‍റെ മകൻ പരാതി തന്നതിന്‍റെ അടിസ്ഥാനത്തിൽ ആ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി, അവർ അത് ഭംഗിയായി അന്വേഷിക്കുന്നുണ്ട്. 

ചോദ്യം: പൊന്നാമറ്റം കുടുംബത്തിൽ നിന്ന് മാത്യുവിന്‍റെ സഹായമല്ലാതെ മറ്റാരുടെയെങ്കിലും സഹായം ജോളിയ്ക്ക് കിട്ടിയതായി അറിവുണ്ടോ? 

ഉത്തരം: അതൊന്നും നിലവിൽ പറയാവുന്ന സാഹചര്യമല്ല. ബന്ധുക്കളായ റെഞ്ചിയും റോജോയും അടക്കമുള്ളവർ ഇതിൽ സംശയമുന്നയിച്ചിട്ടുണ്ട്. പക്ഷേ, അടുത്ത ബന്ധുക്കളെപ്പോലും വിദഗ്ധമായി ഇവർ കബളിപ്പിച്ച സ്ഥിതിക്ക്, ഇങ്ങനെ കൊലപാതക വിവരം പറഞ്ഞിട്ട് പോലും ഒരാൾ പോലും ഇത് വിശ്വസിച്ചിരുന്നില്ല. ആദ്യം മുതൽക്കേ. കുടുംബത്തിനകത്തുള്ളവർ പോലും. 

റെഞ്ചിയോ റോജോയോ അല്ലാതെ ഇവർക്കെതിരെ ആദ്യം മൊഴി നൽകിയിരുന്നില്ല. അത് ഞങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു. ഒരു കുടുംബത്തിന്‍റെ കാര്യമാണ്. ആറ് മൃതദേഹങ്ങൾ കല്ലറ പൊളിച്ച് എടുക്കുക എന്നത് തന്നെ ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു ടാസ്കായിരുന്നു. 

ചോദ്യം: ജോളിയെക്കുറിച്ച് അതേ മതിപ്പ് കുടുംബത്തിലും ഉണ്ടായിരുന്നു? അതവരുടെ മിടുക്കാണോ ഇത് മറച്ചു വച്ചത്?

ഉത്തരം: മിടുക്കിന് ഉപരി, ഒരു ഇരട്ട വ്യക്തിത്വം അവർക്കുണ്ടായിരുന്നു.  അങ്ങനെയാണ് അവർ വിവരം മറച്ചു വച്ചത്. 

ചോദ്യം: ജയിലിൽ അവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചെന്ന് പറയുന്നു. അത് രക്ഷപ്പെടാനുള്ള അവരുടെ തന്ത്രമാകുമോ? 

ഉത്തരം: അതെന്താണെന്ന് എനിക്കിപ്പോൾ പറയാനാകില്ല. ജയിലിൽ വച്ച് നടന്ന സംഭവമല്ലേ? ഇതിന് മുമ്പ് അങ്ങനെയൊന്നുമില്ല. 

ചോദ്യം: ഇപ്പോഴെങ്ങനെയാണ്? ചോദ്യം ചെയ്യലുമായി അവർ സഹകരിക്കുന്നുണ്ടോ?

ഉത്തരം: തീർച്ചയായും. ആദ്യത്തെ ദിവസം അവർ, ലീഗർ അഡ്വൈസ് കിട്ടിയത് കൊണ്ടാകണം, ഇത്തിരി ബലം പിടിച്ചിരുന്നു. ഇപ്പോൾ വളരെ ശാന്തയാണ്. ഞങ്ങൾ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. സഹകരിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെയാണ് പ്രശ്നങ്ങൾ എന്നെല്ലാം. 

ചോദ്യം: മാധ്യമങ്ങളിൽ ഇതെല്ലാം വലിയ വാർത്തയാകുന്നതെല്ലാം ജോളി അറിയുന്നുണ്ടോ? 

ഉത്തരം: ഉണ്ടെന്നാണ് പലരും പറഞ്ഞ് ഞാൻ അറിഞ്ഞത്. 

ചോദ്യം: കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടോ അതിൽ അവർക്ക്?

ഉത്തരം: അതൊക്കെ പിന്നീട് പറയാം. ന്യൂസ് വരുന്നതിൽ അവർക്ക് ബുദ്ധിമുട്ടുണ്ട്. 

ചോദ്യം: ആരെക്കുറിച്ചെങ്കിലും പറയുന്നുണ്ടോ?

ഉത്തരം: മക്കളുടെ പഠനം ബുദ്ധിമുട്ടിലാകുമല്ലോ എന്നൊക്കെ പറയുന്നുണ്ട്. അതല്ലാതെ ഒന്നുമില്ല. 

അഭിമുഖത്തിന്‍റെ ആദ്യ രണ്ട് ഭാഗങ്ങൾ:

Watch more at: ആറ് കൊലകളും നടത്തിയത് ജോളി തന്നെ, ഷാജു നിരപരാധിയെന്ന് ഇപ്പോൾ പറയില്ല: എസ്‍പി സൈമൺ

Watch more at: 'വിരൽ കൊണ്ടെടുക്കും സാറേ, കഴുകിക്കളയും, ഒരു പ്രശ്നവുമില്ല', സയനൈഡിനെക്കുറിച്ച് ജോളി

Follow Us:
Download App:
  • android
  • ios