മദ്യക്കടയുടെ ചുമർ തുരന്നാണ് ഇവർ അകത്തുകയറിയത്. മോഷണം നടത്തി മടങ്ങുന്നതിന് മുമ്പ് രണ്ടെണ്ണം കഴിക്കാനിരുന്നതാണ് കള്ളൻമാർക്ക് വിനയായത്

ചെന്നൈ : കവർച്ച ചെയ്യാൻ കയറുന്ന കടയിലെ സാധനങ്ങൾ മോഷ്ടിക്കുന്ന കള്ളൻമാർ ആ വസ്തുക്കൾ എടുത്ത് കഴിച്ചാലോ, വല്ല ബേക്കറിയോ ഹോട്ടലോ ആണെങ്കിൽ കൊള്ളം വയറ് നിറയും. എന്നാൽ അതൊരു മദ്യക്കടയാണെങ്കിലോ!

മദ്യക്കടയിൽ കവർച്ചയ്ക്ക് കയറി അവിടുണ്ടൈയിരുന്ന മദ്യം അകത്താക്കി അബോധാവസ്ഥയിലായി ഒടുവിൽ പൊലീസിന്റെ പിടിവീണ കള്ളൻമാർ ഇപ്പോൾ ജയിലിലാണ്. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ കരവട്ടിയിലെ സര്‍ക്കാര്‍ മദ്യക്കടയിലാണ് മോഷണത്തിന് കയറിയ കള്ളൻമാർ മദ്യപിച്ച് ലക്കുകെട്ട് പിടിയിലായത്. 

മദ്യക്കടയുടെ ചുമർ തുരന്നാണ് ഇവർ അകത്തുകയറിയത്. മോഷണം നടത്തി മടങ്ങുന്നതിന് മുമ്പ് രണ്ടെണ്ണം കഴിക്കാനിരുന്നതാണ് കള്ളൻമാർക്ക് വിനയായത്. കുടിച്ച് കഴിഞ്ഞതോടെ ഇവർക്ക് പുറത്തുകടക്കാൻ കഴിയാതെയായി. രാത്രി 11 മണിക്ക് കട അടച്ചുപോയതിന് ശേഷമാണ് ഈ കോലാഹലമെല്ലാം ഉണ്ടായത്. രാത്രി പട്രോളിം​ഗ് നടത്തുന്ന പൊലീസ് സംഘം കടയ്ക്ക് മുന്നിൽ എത്തിയപ്പോൾ ഉള്ളിൽ നിന്ന് ഒരു ശബ്ദം കേട്ടു.

മദ്യക്കുപ്പികൾ വീഴുന്ന അസ്വാഭാവിക ശബ്ദത്തിൽ സംശയം തോന്നിയ പൊലീസുകാർ പരിസരം പരിശോധിച്ചു. സിസിടിവി കേബിൾ മുറിച്ചിട്ടതായി കണ്ടതോടെ പന്തിയല്ലെന്ന് മനസ്സിലാക്കിയ പൊസീസ് സം​ഘം ഉള്ളിലുള്ളത് കള്ളൻമാർ തന്നെയെന്ന് ഉറപ്പിച്ചു. കൂടുതൽ പരിശോധിച്ചപ്പോൾ കടയുടെ ഒരു വശത്തെ ചുമർതുരന്നതായി കണ്ടു. മദ്യക്കുപ്പികൾ വീഴുന്ന ശബ്ദം തുടർന്നതോടെ കള്ളനെന്ന് ഉറപ്പിച്ചു. 

ഉള്ളിൽ കയറിയ പൊലീസ് മദ്യപിച്ച് ബോധം പോയ രണ്ട് കള്ളൻമാരെയും കയ്യോടെ പിടികൂടി. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് കവർ‌ച്ച നടത്തിയത്. കടയിലെ മേശയിലുണ്ടായിരുന്ന പതിനായിരം രൂപയും എടുത്ത് പുറത്തുകടക്കാൻ തുടങ്ങിയപ്പോഴാണ് മദ്യകുപ്പികൾ ശ്രദ്ധയിപ്പെട്ടത്. പൊലീസ് പിടികൂടിയപ്പോഴും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു ഇരുവരും. ഒടുവിൽ പൊലീസ് സംഘം ഇവരെ വലിച്ച് പുറത്തിറക്കുകയായിരുന്നു. മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇരുവരും ഇപ്പോൾ ജയിലിലാണ്. 

Read Also : 'ഡിഷ്, അരിപ്പ, ഇരുമ്പ് തൊട്ടികള്‍' മോഷണം പതിവ്, ഒരു കേസിൽ പിടിക്കപ്പെട്ടപ്പോൾ പുറത്തുവന്നത് മറ്റൊരു മോഷണം