കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി കണ്ടക്ടർ അഫ്സലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി അഫ്സൽ ഇക്കാര്യം മറച്ചുവെച്ചാണ് ബസിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്.
കോട്ടയം: പാല കൊട്ടാരമറ്റത്ത് ബസിനുള്ളിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശി വിഷ്ണു മനോഹരനാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 15 നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പാല കൊട്ടാരമറ്റം പ്രൈവറ്റ് ബസിനുള്ളിൽവെച്ച് കണ്ടക്ടർ അഫ്സൽ പീഡിപ്പിച്ചത്. പീഡനത്തിന് ഒത്താശ ചെയ്തത് കേസിലെ മൂന്നാം പ്രതിയായ വിഷ്ണു മനോഹരനായിരുന്നു.
കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി കണ്ടക്ടർ അഫ്സലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി അഫ്സൽ ഇക്കാര്യം മറച്ചുവെച്ചാണ് ബസിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്.
പെൺകുട്ടിയെ ബസിൽ കയറ്റിയ ശേഷം വിഷ്ണുവും രണ്ടാംപ്രതി ഡ്രൈവർ എബിനും അഫ്സലിന് ഒത്താശ ചെയ്ത് ബസിന്‍റെ ഷട്ടർ താഴ്ത്തി പുറത്ത് പോവുകയായിരുന്നു. കേസിൽ അറസ്റ്റിലായ അഫ്സലും എബിനും റിമാൻഡിലാണ്. ഇരുവരും പിടിയിലായതറിഞ്ഞ് വിഷ്ണു ഒളിവിൽ പോവുകയായിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതി വിഷ്ണു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
