തൊടുപുഴ: ക്രൂരമർദ്ദനമേറ്റ ഏഴ് വയസ്സുകാരന്‍റെ ചികിത്സ വൈകിപ്പിക്കാൻ അമ്മയുടെ പങ്കാളി പ്രതി അരുൺ ആനന്ദ് ശ്രമിച്ചതിന് തെളിവുകൾ പുറത്ത്. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുൺ എതിർത്തു. കുട്ടിയുടെ അമ്മയെയും ആംബുലൻസിൽ കയറാൻ അരുൺ അനുവദിച്ചില്ല. ആശുപത്രി അധികൃതരുമായി തർക്കിച്ച് അര മണിക്കൂർ നേരമാണ് അരുൺ പാഴാക്കിക്കളഞ്ഞത്. തലയ്ക്കേറ്റ മാരകമായ ക്ഷതം മൂലമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. 

മർദ്ദനം നടന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊണ്ടുവന്നത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തിയപ്പോഴേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.

കൊണ്ടുവരാൻ 45 മിനിറ്റ്, വിദഗ്‍ധ ചികിത്സയ്ക്ക് കൊണ്ടുപോകാൻ അര മണിക്കൂർ.. അങ്ങനെ ഒന്നേകാൽ മണിക്കൂർ അരുൺ കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചു. നേരത്തേ കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചു കൂടി വിദഗ്‍ധ ചികിത്സ കുട്ടിയ്ക്ക് നൽകാനാകുമായിരുന്നെന്ന് ഡോക്ടർമാരും വ്യക്തമാക്കുന്നു. ഒടുവിൽ പൊലീസ് നിർബന്ധിച്ചാണ് ആംബുലൻസിൽ ഇരുവരെയും കയറ്റിവിട്ടത്. 

അതേസമയം, കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും പറയുന്നു. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടൽ. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തിൽ ബലമായി ഇടിച്ചതിന്‍റെ പാടുകളുമുണ്ട്. വീഴ്ചയിൽ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാൾ ഗുരുതരമാണെന്നും പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 

ഇന്ന് രാവിലെ 11.35-നാണ് കുരുന്നിന്‍റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായി നിലച്ച അവസ്ഥയായിരുന്നു. ഇന്നലെത്തന്നെ സ്ഥിതി മോശമായതായി ബന്ധുക്കളെ അറിയിച്ചിരുന്നു. കുട്ടിയുടെ സംസ്കാരച്ചടങ്ങുകൾ അമ്മയുടെ വീട്ടിലാണ്. കുട്ടിയുടെ മൃതദേഹത്തിനൊപ്പമാണ് അമ്മയും ഇളയകുഞ്ഞും കുടുംബാംഗങ്ങളും. 

കേസിലെ പ്രതി അരുൺ ആനന്ദ് ഇപ്പോൾ റിമാൻഡിലാണ്.