Asianet News MalayalamAsianet News Malayalam

ദിവാന്‍ജിമൂല കൊല: ഇരു സംഘങ്ങളുടെ മധ്യസ്ഥ ചര്‍ച്ച കൊലപാതകത്തിൽ അവസാനിച്ചത് ഇങ്ങനെ

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

thrissur diwanjimoola murder case updates joy
Author
First Published Nov 9, 2023, 11:46 PM IST

തൃശൂര്‍: നഗരത്തില്‍ അര്‍ധരാത്രിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രണ്ടു സംഘങ്ങള്‍ തമ്മില്‍ നേരത്തെയുണ്ടായ ഏറ്റുമുട്ടല്‍ ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച ചര്‍ച്ചയിലാണ് വീണ്ടും സംഘര്‍ഷമുണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിച്ചതും. നിരവധി കേസുകളില്‍ പ്രതികളായ ശ്രീരാഗിന്റെയും അല്‍ത്താഫിന്റെയും സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ശ്രീരാഗും അല്‍ത്താഫിന്റെ കൂട്ടുകാരനും തമ്മിലുണ്ടായ തര്‍ക്കം തീര്‍ക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഘര്‍ഷവും കൊലപാതകവും നടന്നത്. ഒളരിക്കര സ്വദേശിയായ ഇരുപത്തിയാറുകാരന്‍ ശ്രീരാഗിനൊപ്പം ഏഴു പേരും അല്‍ത്താഫിനൊപ്പം എട്ടുപേരുമായിരുന്നു ദിവാന്‍ജിമൂലയില്‍ മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയത്. അല്‍ത്താഫിന്റെ സംഘത്തിന്റെ കൈവശം കത്തിയും ആയുധങ്ങളുമുണ്ടായിരുന്നു. ശ്രീരാഗിന്റെയും കൂട്ടുകാരുടെയും കൈയ്യില്‍ ഹെല്‍മറ്റും. മധ്യസ്ഥ ചര്‍ച്ച തുടങ്ങിയ ഉടന്‍ തന്നെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതില്‍ ശ്രീരാഗിന് നാലു കുത്തേറ്റു. സഹോദരന്‍ ശ്രീനേഗിനും കുത്തേറ്റു. ഇവരുടെ സുഹൃത്ത് ശ്രീരാജിനും മര്‍ദ്ദനമേറ്റു. ഇവരുടെ സംഘാംഗമായ ഒരാളുടെ കൈവശമുണ്ടായ ഹെല്‍മറ്റ് ഉപയോഗിച്ചാണ് അല്‍ത്താഫിന്റെ സംഘത്തെ നേരിട്ടത്. ഇതിനിടെ ശ്രീരാഗിനെ കുത്തിയ അല്‍ത്താഫിനും പരുക്കേറ്റു. ശ്രീരാഗ് മരിച്ചതോടെ ദിവാന്‍ജിമൂലയിലുണ്ടായ സംഘര്‍ഷം കൊലക്കേസായി മാറി. ഏഴു പ്രതികളില്‍ ആറു പേരെയും അറസ്റ്റ് ചെയ്തു.

കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച നാലു പ്രതികളും സംഭവം വിവരിച്ചു. ഒളിവിലുള്ള ഏക പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ശ്രീരാഗ് തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലെ റൗഡിയാണ്. അല്‍ത്താഫും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും. കൊല്ലപ്പെട്ട ശ്രീരാഗ് നേരത്തെ ഉത്സവാഘോഷത്തിനിടെയുണ്ടായ തല്ലു കേസില്‍ പ്രതിയാണ്. അന്നു മുതല്‍ ശ്രീരാഗിന് ഭീഷണിയുണ്ട്. കുടുംബാംഗങ്ങളോട് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു. അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് ശ്രീരാഗിന്റെ മരണം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

വിവാഹ സല്‍ക്കാരത്തിനിടെ തർക്കം, പിന്നാലെ കത്തിക്കുത്ത്; പ്രതികളെ അറസ്റ്റ് ചെയ്‌ത് പൊലീസ് 
 

Follow Us:
Download App:
  • android
  • ios