ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ അഫ്സൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട് കാക്കവയൽ മുട്ടിൽ വീട്ടിൽ അഫ്സൽ (23) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണൻ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്സൽ ഇരുവർക്കും സംരക്ഷണം നൽകാനെന്ന വ്യാജേന അടുത്ത് കൂടി.
പിന്നീട്, ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയും ലക്ഷ്മീനാരായണനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരുന്നതിനാൽ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താൻ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വയനാട്ടിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി എസ്. ഐ. കെ. ആർ. ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും ലഹരി ഉപയോഗ കേസിൽ നേരത്തേ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാരോട് മാറാടി ജിജി ഭവനിൽ ലിജിൻ (24) ആണ് പിടിയിലായത്. സമൂഹിക മാധ്യമം വഴി നേരത്തെ പരിചയപ്പെട്ട 17 വയസ്സുളള പെൺകുട്ടിയെ ലിജിൻ സ്വന്തം വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ പാറശാല ബസ് സ്റ്റാൻഡിൽ എത്തിക്കാൻ പോകുന്ന വഴി, ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പെൺകുട്ടിയെ ലിജിന്‍ ബസ് സ്റ്റാൻഡിൽ വിട്ട ശേഷം തിരികെ പോയെങ്കിലും പെൺകുട്ടി യുവാവിന്‍റെ വീടിന് സമീപത്ത് തിരിച്ചെത്തി. തുടര്‍ന്ന് പെണ്‍കുട്ടി സമീപവാസികളോട് ലിജിന്‍റെ വീട് അന്വേഷിച്ചു. അപരിചിതയായ പെണ്‍കുട്ടി യുവാവിന്‍റെ വീടന്വേഷിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയും പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കൂടുതല്‍ വായിക്കാന്‍: വിവാഹ വാഗ്ദാനം നൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്
