ഇടവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ എൺപതുകാരനായ ബഷീറിനോട്  സംസാരിക്കാനെന്ന രീതിയിൽ അടുത്തുകൂടിയ യുവാക്കൾ മുഖത്തും നെഞ്ചിലും മർദിച്ച് ഫോണും പണവും തട്ടിയെടുക്കുകയായിരുന്നു.

തിരുവനന്തപുരം : വർക്കലയിൽ സംസാരിക്കാനെന്ന വ്യാജേനെ അടുത്തുകൂടി വയോധികനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. ഇടവ സ്വദേശികളായ മുഹമ്മദ് ഷാ, സുഹൃത്ത് മുഹമ്മദ് അജ്മൽ എന്നിവരെയാണ് അയിരൂർ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബർ 24 ന് വൈകിട്ട് 7 മണിയ്ക്കായിരുന്നു സംഭവം. ഇടവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ എൺപതുകാരനായ ബഷീറിനോട് സംസാരിക്കാനെന്ന രീതിയിൽ അടുത്തുകൂടിയ യുവാക്കൾ മുഖത്തും നെഞ്ചിലും മർദിച്ച ശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിലൊരാളായ മുഹമ്മദ് ഷായെ അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും സുഹൃത്ത് അജ്മലിനെ ഇടവ മാന്തറയിലെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

സ്പെഷ്യൽ ബ്രാഞ്ച് എസ് ഐക്ക് വധഭീഷണി; സസ്പെൻഷനിലായ മംഗലപുരം എഎസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തി

അതേ സമയം, കൊച്ചിയിൽ മറ്റൊരു കേസിൽ ഇരുചക്രവാഹന മോഷ്ടാവ് പിടിയിലായി. സ്ഥിരമായി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തി വന്ന വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന മോഷ്ടാവാണ് പൊലീസിന്റെ പിടിയിലായത്. കുന്നത്തേരി പേകുഴി വീട്ടിൽ റഫീക്ക് (38) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉളിയന്നൂരിൽ നിന്നും തൃശൂർ കൊച്ചുകടവ് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ ഇതേ ബൈക്കുമായി റഫീക്കിനെ പിടികൂടുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ആലുവ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ മറ്റ് മൂന്ന് ബൈക്കുകൾ കൂടി പിടികൂടി. എല്ലാം നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലായിരുന്നു. മുൻപ് വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന റഫീക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.