മാസങ്ങൾക്ക് മുന്‍പ് റിസോർട്ടിലെ ജീവനക്കാരിയായിരുന്ന മറ്റൊരു പെൺകുട്ടിയുടെ കാണാതായ സംഭവത്തിലും പോലീസ് അന്വേഷണം തുടങ്ങി.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പെൺകുട്ടിയുടെ കൊലപാതകത്തില്‍ റിസോർട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന കുടുംബത്തിന്‍റെ ആരോപണത്തില്‍ വിശദീകരണവുമായി പോലീസ്. തെളിവ് ശേഖരണം നേരത്തെ പൂർത്തിയാക്കിയതാണെന്നും, റിസോർട്ട് പൊളിച്ചത് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഡിഐജി പറഞ്ഞു. 

മാസങ്ങൾക്ക് മുന്‍പ് റിസോർട്ടിലെ ജീവനക്കാരിയായിരുന്ന മറ്റൊരു പെൺകുട്ടിയുടെ കാണാതായ സംഭവത്തിലും പോലീസ് അന്വേഷണം തുടങ്ങി. മുതിർന്ന ബിജെപി നേതാവിന്‍റെ മകന്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദേശപ്രകാരം ഋഷികേശിലെ റിസോർട്ട് ബുൾഡോസറുപയോഗിച്ച് ഭാഗികമായി ഇടിച്ചുനിരത്തിയത്. 

എന്നാല്‍ കേസന്വേഷണം പുരോഗമിക്കവേ നിർണായക തെളിവുകൾ അവശേഷിക്കുന്ന റിസോർട്ട് പൊളിച്ചത് തെളിവുകൾ നശിപ്പിക്കാനാണെന്ന് പെൺകുട്ടിയുടെ സഹോദരന്‍ ആരോപിച്ചതോടെ സർക്കാർ വെട്ടിലായി. പിന്നാലെ കോൺഗ്രസും ആംആദ്മി പാർട്ടിയും വിഷയം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പോലീസ് വിശദീകരണവുമായി എത്തിയത്. 

പ്രതികളെ അറസ്റ്റ് ചെയ്ത കഴിഞ്ഞ 24ന് തന്നെ റിസോർട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നുവെന്നും, തെളിവുകൾ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പറഞ്ഞു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു.

അതിനിടെ റിസോർട്ടിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതല്‍ ആരോപണങ്ങൾ ഉയരുകയാണ്. 8 മാസം മുന്‍പ് ഇതേ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന മറ്റൊരു പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ഈ സംഭവത്തിലും പോലീസ് അന്വേഷം തുടങ്ങി. 

പെൺകുട്ടി തന്‍റെ പണമടങ്ങിയ ബാഗും മറ്റും മോഷ്ടിച്ച് കടന്നുകളഞ്ഞെന്നാണ് ചോദ്യം ചെയ്യലില്‍ റിസോർട്ട് ഉടമയായ പുൾകിത് ആര്യ നല്‍കിയ മൊഴി. അതേസമയം അങ്കിതയുടെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ഡോക്ടർമാർ പോലീസിന് കൈമാറും.

'റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാൻ', മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ അങ്കിതയുടെ കുടുംബം

അങ്കിത ഭണ്ഡാരി കൊലപാതകം :'വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും'