ഉത്തര്‍പ്രദേശിലെ ദാമോദർപുര മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പൊലീസുകാരിയായ യുവതി

മധുര: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം. ആസിഡ് ആക്രമണത്തില്‍ 20 വയസുകാരിയായ പൊലീസുകാരിക്ക് മുഖത്തിന്‍റെ ഇടതുഭാഗത്തായി അമ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം പുലര്‍ച്ചെ 4.30 ന് ഡ്യൂട്ടിക്കു പോകാനായി വീട്ടില്‍നിന്നിറങ്ങിയ യുവതിയെ, പുറത്തു കാത്തുനിന്നിരുന്ന പ്രതിയും രണ്ടു സഹായികളും ചേര്‍ന്ന് അസിഡ് ബള്‍ബ് കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ദാമോദർപുര മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പൊലീസുകാരിയായ യുവതി. ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ് ആണ് ആസിഡ് ആക്രമണം നടത്തിയ പ്രതി. ഇയാള്‍ കുറച്ചുകാലമായി പെണ്‍കുട്ടി പിന്തുടരുന്നുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ച യുവതി, ഇനിയും ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രകോപനമാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.

പ്രതിയുടെ രണ്ടു സഹായികളെ പൊലീസ് പിടികൂടി. മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണ്. യുവതി തന്നെയാണ് ചികിത്സയ്ക്കിടയിൽ കേസിന്‍റെ പ്രഥിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.