ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാജേഷിനെ ചുറ്റികയും വടിയുമെല്ലാം വച്ച് വളഞ്ഞിട്ട് തല്ലുന്നത് സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കളാണെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. 

കോട്ടയം : പൊൻകുന്നത്ത് കുടുംബ പ്രശ്നം പറഞ്ഞ് തീർക്കാൻ സഹോദരി ഭർത്താവിന്റെ വീട്ടിലെത്തിയ യുവാവിനെ വളഞ്ഞിട്ടു മർദ്ദിച്ച ശേഷം കള്ളക്കേസിൽ കുടുക്കിയതായി പരാതി. ആക്രമണദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ആയുധങ്ങളുമായെത്തി അക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

കോട്ടയം ഞാലിയാകുഴിക്കടുത്ത് താമസിക്കുന്ന രാജേഷ് എന്ന യുവാവിന് പൊന്‍കുന്നത്തുളള സഹോദരി ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച് മര്‍ദനമേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാജേഷിനെ ചുറ്റികയും വടിയുമെല്ലാം വച്ച് വളഞ്ഞിട്ട് തല്ലുന്നത് സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കളാണെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ആയുധങ്ങളടക്കം ഉപയോഗിച്ചുളള മര്‍ദനത്തില്‍ അവശനായ നിലയിലായിരുന്നിട്ടും തെളിവായി ഈ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും സഹോദരി ഭര്‍ത്താവിന്‍റെ വീട് കയറി ആക്രമിച്ചെന്ന കേസില്‍ രാജേഷിനെ പൊന്‍കുന്നം പൊലീസ് റിമാന്‍ഡ് ചെയ്യുകയായിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി.

ഭര്‍ത്താവുമായുളള പ്രശ്നങ്ങളെ തുടര്‍ന്ന് രാജേഷിന്‍റെ സഹോദരി രാജി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ രാജിയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് രാജേഷിനെ സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ പൊന്‍കുന്നത്തേക്ക് വിളിപ്പിച്ചതെന്നും കുടുംബം പറയുന്നു. തെളിവായി സഹോദരി ഭര്‍ത്താവിന്‍റെ അമ്മയുടെ ഫോണ്‍ സംഭാഷണവും കുടുംബം പുറത്തുവിട്ടു. ഇത്രയധികം തെളിവുകള്‍ കാട്ടിയിട്ടും രാജേഷിനെ മര്‍ദിച്ചവര്‍ക്കെതിരെ ഒരു കേസ് പോലും ചുമത്താത്തതിലെ അനീതിക്കെതിരെ കുടുംബം കോട്ടയം എസ്പിക്ക് പരാതി നല്‍കി. 

ആഴിമലയിലെ യുവാവിൻ്റെ മരണത്തില്‍ സ്ഥിരീകരണവുമായി പൊലീസ്: ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കും

എന്നാല്‍ രാജേഷിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന ആയുധങ്ങളെല്ലാം രാജേഷ് തന്നെ കൊണ്ടുപോയതാണെന്നാണ് പൊലീസ് വിശദീകരണം. സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ ഒരാളുടെ തല രാജേഷ് അടിച്ചു പൊട്ടിച്ചെന്നും പൊലീസ് പറയുന്നു. അപ്പോഴും രാജേഷിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒരു കൗണ്ടര്‍ കേസു പോലും ചുമത്തിയില്ലെന്ന ചോദ്യത്തിന് പൊന്‍കുന്നം പൊലീസിന് വ്യക്തമായ മറുപടിയില്ല.

YouTube video player