Asianet News MalayalamAsianet News Malayalam

കൊറിയർ വഴി ബ്ലൂടൂത്ത് സ്പീക്കര്‍, അകത്ത് ലക്ഷങ്ങളുടെ മയക്ക്മരുന്ന്; കൊച്ചിയില്‍ യുവാവിനെ വളഞ്ഞിട്ട് പിടികൂടി

അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും അജ്മൽ ഇത് കൈപ്പറ്റി മടങ്ങുമ്പോൾ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അങ്കമാലിയിൽ വച്ച് വളഞ്ഞ് പിടിയ്ക്കുകയായിരുന്നു.

youth arrested for drug smuggling case at kochi
Author
First Published Sep 15, 2022, 11:05 PM IST

കൊച്ചി: കൊറിയർ വഴി  ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്ന് കടത്തിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. എറണാകുളം ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മൽ (24) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 200 ഗ്രാം എം.ഡി.എം.എ,  3.89 ഗ്രാം ഹാഷിഷ് ഓയിൽ,  മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയർ വഴി വന്നത്. എം.ഡി.എം.എയ്ക്ക് മാത്രം 20 ലക്ഷത്തോളം രൂപ വിലവരും.  

മുംബൈയിൽ നിന്നും രാഹുൽ എന്നയാളുടെ അഡ്രസിലാണ് മയക്കുമരുന്ന് വന്നത്. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും അജ്മൽ ഇത് കൈപ്പറ്റി മടങ്ങുമ്പോൾ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അങ്കമാലിയിൽ വച്ച് വളഞ്ഞ് പിടിയ്ക്കുകയായിരുന്നു. ബ്ലുടൂത്ത് സ്പീക്കറിന് ഉള്ളിൽ വച്ചാണ് മയക്കുമരുന്ന് കടത്തിയത്. ഇയാൾ ചെങ്ങമനാട് സ്‌റ്റേഷനിലെ റൗഡി ലിസിറ്റിൽ പെട്ടയാളാണ്. 

കഴിഞ്ഞ ദിവസം കോട്ടപ്പടി - ആലങ്ങാട് റോഡിൽ ആയുർവ്വേദ മരുന്ന് കടയ്ക്ക് സമീപം വച്ച് ഇരുപത് ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എം.ഡി.എം.എ എറണാകുളം  റൂറൽ ജില്ലാ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കാറിൽ കടത്തുകയായിരുന്ന രണ്ട് പേരെയും പിടികൂടി. അങ്കമാലി എസ്.എച്ച്‌.ഒ പി.എം ബൈജു, എസ്.ഐമാരായ എൽദോ പോൾ,  മാർട്ടിൻ ജോൺ,  എ.എസ്.ഐമാരായ റെജിമോൻ,  സുരേഷ് കുമാർ എസ്.സി.പി. ഒ മാരായ അജിത് കുമാർ,  മഹേഷ്,  അജിത  തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

മയക്കുമരുന്ന് പിടികൂടുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. അന്വേഷണവും പരിശോധനയും വ്യാപിപ്പിക്കുമെന്നും ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും  എസ്.പി പറഞ്ഞു.
Read More :  എൽഎസ്ഡി സ്റ്റാമ്പുകളും എംഡിഎംഎയും, ലഹരി ഗുളികകളും, മലപ്പുറത്ത് 22-കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

Follow Us:
Download App:
  • android
  • ios