സിസിടിവി ക്യാമറകൾ 'അടിച്ചുമാറ്റി' കള്ളന്‍; ദൃശ്യങ്ങൾ മറ്റൊരു സിസിടിവി പതിഞ്ഞു
വികാസ് നഗറിൽ താമസിക്കുന്ന കെ ടി ഹരിലാലിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ച ക്യാമറകളാണ് വൊയറും പെഡലും അടർത്തിയെടുത്ത് കവർന്നത്.

കൊല്ലം: കൊല്ലം കപ്പലണ്ടിമുക്ക് കോളേജ് ജങ്ഷന് സമീപം വീട്ടിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ മോഷണം പോയി. വികാസ് നഗറിൽ താമസിക്കുന്ന കെ ടി ഹരിലാലിന്റെ ചുറ്റുമതിലിൽ സ്ഥാപിച്ച ക്യാമറകളാണ് വൊയറും പെഡലും അടർത്തിയെടുത്ത് കവർന്നത്. ചൊവ്വാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമായിരുന്നു കവർച്ച. വീട്ടിലെ മറ്റൊരു സിസിടിവിയിലാണ് മോഷണ ദൃശ്യങ്ങൾ പതിഞ്ഞത്. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. സമീപത്ത് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന യുവാവാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.
അതേസമയം, കണ്ണൂർ ആലക്കോട് മേഖലയിൽ ബ്ലാക്ക് മാന് പിന്നാലെ മോഷണ സംഘവും ഭീഷണിയാവുന്നു. മാരകായുധങ്ങളുമായെത്തിയ കവർച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേർ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവർച്ച നടത്താൻ തെരഞ്ഞെടുത്ത രണ്ട് വീടുകളിലും ആള്‍ത്താമസമില്ല. ഞായറാഴ്ച്ച പുലർച്ചെയാണ് കവർച്ചാ സംഘമെത്തിയത്. ആദ്യമെത്തിയത് കോടോപ്പള്ളി ചെക്കിച്ചേരിയിലെ സണ്ണിയുടെ വീട്ടിലാണ്. അലമാരയിലെ സാധനങ്ങൾ മുഴുവൻ വലിച്ചു വാരി നിലത്തിട്ടു. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാത്തതിനാൽ മോഷണം നടന്നില്ല. തുടർന്ന് കവർച്ചാ സംഘം തൊട്ടടുത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി. ഇവിടെ സിസിടിവി ശ്രദ്ധയിൽ പെട്ടതിനാൽ ഉടൻ പിൻമാറി.