Asianet News MalayalamAsianet News Malayalam

പണമില്ലാതെ ജീവിക്കാനാവുമോ? ഇതാ പണമില്ലാതെ കച്ചവടം നടക്കുന്ന മാർക്കറ്റ്; ഇവിടെ ഇന്നും ബാർട്ടർ സമ്പ്രദായം

1956 മുതലാണ് ഈ സമ്പ്രദായം നിലവില്‍ വന്നത് എന്ന് കരുതുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ ഈ സമ്പ്രദായം തന്നെ തുടരുന്നു. ഒരിക്കലും അവര്‍ ഇവിടെ പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങാറില്ല. 

barter system in Akpabuyo community
Author
Akpabuyo, First Published Apr 27, 2021, 9:26 AM IST

ബാർട്ടർ സമ്പ്രദായത്തെ കുറിച്ച് നാം കേട്ടിട്ടുണ്ട് അല്ലേ? പണത്തിന് പകരം സാധനങ്ങൾ കൈമാറിയുള്ള കച്ചവടം. നമ്മുടെ നാട്ടിലും വളരെ കാലം മുമ്പ് ഈ സമ്പ്രദായം നിലനിന്നിരുന്നതായി നാം കേട്ടിട്ടുണ്ട്. അരി കൊടുത്ത് പകരം പച്ചക്കറി വാങ്ങുക. പച്ചക്കറിക്ക് പകരം പഴങ്ങളും മറ്റും വാങ്ങുക എന്നതൊക്കെ ആയിരുന്നു പതിവ്. എന്നാൽ, പണം കടന്നു വരികയും ആ സമ്പ്രദായം ഇല്ലാതെ ആവുകയും ചെയ്‍തു. എന്നാൽ, ഇന്നും ബാർട്ടർ സമ്പ്രദായം നിലനിൽക്കുന്ന ചിലയിടങ്ങൾ ലോകത്തുണ്ട്. അതിൽ ഒരു സ്ഥലത്തെ കുറിച്ചാണ് ഇത്.

നൈജീരിയയിലെ ക്രോസ് റിവർ സ്റ്റേറ്റിലെ അക്പബ്യൂയോ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എസുക് എംബ കമ്മ്യൂണിറ്റി മാർക്കറ്റ് വ്യത്യസ്തത കൊണ്ട് അറിയപ്പെടുന്നൊരു മാർക്കറ്റാണ്. കാരണം വേറൊന്നുമല്ല. അവിടെ ഇന്നും നിലനിൽക്കുന്നത് ബാർട്ടർ സമ്പ്രദായമാണ് എന്നത് തന്നെ. പണത്തിന് പകരം ഇന്നും അവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് സാധനങ്ങളാണ്. 'ഞാന്‍ വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഞങ്ങള്‍ പണത്തിന് പകരം സാധനങ്ങള്‍ തന്നെയാണ് കൈമാറ്റം ചെയ്‍തിരുന്നത്' എന്ന് ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്ത്രീ പറയുന്നു. ചിലപ്പോള്‍ കൃത്യമായ മൂല്യം കണക്കാക്കിയൊന്നും ആയിരിക്കില്ല സാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാലും ഇത് വളരെ സഹായകമാണ് എന്ന് തന്നെയാണ് ഇവിടെയുള്ളവര്‍ പറയുന്നത്. 

അരിത് എക്പോ അവിടെയുള്ള കച്ചവടക്കാരിയാണ്. 'അവരെന്താണോ തരുന്നത് അതെല്ലാം വാങ്ങും. പക്ഷേ, മോശം സാധനങ്ങളാണ് എങ്കില്‍ അത് ഉപേക്ഷിക്കും' എന്ന് അരിത് പറയുന്നു. 'ചിലപ്പോള്‍ അവര്‍ കപ്പയായിരിക്കും വില്‍ക്കുന്നത്. പകരമായി ഞങ്ങള്‍ മീന്‍ വില്‍ക്കും' എന്നും അരിത് കൂട്ടിച്ചേർക്കുന്നു. 'ഇവിടെയുള്ള ഞങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി പണമില്ല. കാരണം, കാലങ്ങളായി ഞങ്ങള്‍ ബാര്‍ട്ടര്‍ സമ്പ്രദായമാണ് ശീലിച്ചു പോരുന്നത്. ഞങ്ങളുടെ കച്ചവടമെല്ലാം നടക്കുന്നത് ബാര്‍ട്ടര്‍ സമ്പ്രദായം വഴിയാണ്' എന്നും ഇവിടെയുള്ളവർ പറയുന്നു. 

ഈ ചന്ത ശനിയാഴ്ച രാവിലെ കുറച്ച് മണിക്കൂറുകള്‍ നേരം മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ എന്നതാണ് ഇവിടെയുള്ളവർ നേരിടുന്ന ഒരു പ്രതിസന്ധി. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന ചന്ത ഉച്ചയോട് കൂടി അവസാനിക്കും. മെറിറ്റ് അകോണ്‍ എന്ന കച്ചവടക്കാരി പറയുന്നത് 'തങ്ങള്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധി കുറച്ചുനേരം മാത്രമേ കടകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നതാണ് എന്നാണ്. മാര്‍ക്കറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിപ്പിക്കണം എന്നാണ് എന്‍റെ ആഗ്രഹം' എന്നാണ്. 

ഈ മാര്‍ക്കറ്റാണ് ഈ കമ്മ്യൂണിറ്റിയുടെ സംസ്‍കാരം സംരക്ഷിക്കാന്‍ സഹായിക്കുന്നത്. ക്രോസ് റിവര്‍ സ്റ്റേറ്റിലെ കമ്മീഷണര്‍ ഫോര്‍ കൊമേഴ്സ് റോസ്‍മേരി ആര്‍ച്ചിബോംഗ് പറയുന്നത് സംസ്‍കാരം സംരക്ഷിക്കുന്നത് പോലെ മനോഹരമായി ഒന്നുമില്ല എന്നാണ്. 'ഈ സമ്പ്രദായം തങ്ങളെയും തങ്ങളുടെ കുട്ടികളെയും പണം എല്ലാ പ്രശ്‍നങ്ങള്‍ക്കും ഉള്ള പരിഹാരം അല്ല എന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു' എന്നാണ് അവർ പറയുന്നത്. 

1956 മുതലാണ് ഈ സമ്പ്രദായം നിലവില്‍ വന്നത് എന്ന് കരുതുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ ഈ സമ്പ്രദായം തന്നെ തുടരുന്നു. ഒരിക്കലും അവര്‍ ഇവിടെ പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങാറില്ല. എന്താണോ തങ്ങളുടെ കയ്യിലുള്ളത് അത് നല്‍കി തങ്ങളുടെ കയ്യിലില്ലാത്ത തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുക എന്ന വളരെ ലളിതമായ തത്വമാണ് ഇവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. കച്ചവടക്കാര്‍ വിവിധ തരത്തിലുള്ള സാധനങ്ങള്‍ ഇവിടെ കൈമാറുന്നു. പച്ചക്കറി, പഴങ്ങള്‍, മത്സ്യം, എണ്ണ ഇവയെല്ലാം അതില്‍ പെടുന്നു. സാധാരണയായി സഞ്ചാരികളെത്തുമ്പോഴോ അല്ലെങ്കില്‍ കമ്മ്യൂണിറ്റിക്ക് പുറത്ത് സാധനങ്ങള്‍ വില്‍ക്കുമ്പോഴോ മാത്രമാണ് പണം ഉപയോഗിക്കാറുള്ളത് എന്ന് ഇവിടെയുള്ളവര്‍ പറയുന്നു. സ്‍കൂള്‍ ഫീസ് പോലെയുള്ളവ അടക്കാന്‍ വേണ്ടി മാത്രമാണ് ഇവിടുത്തുകാര്‍ പണം ഉപയോഗിക്കുന്നത്. 

കേൾക്കുമ്പോൾ കൗതുകം തോന്നുന്നു അല്ലേ? പണമില്ലാതെ ജീവിക്കാനാവില്ല എന്ന് കരുതുന്ന ലോകത്തിൽ അവശ്യസാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറി ജീവിക്കുന്ന ഒരു ജനത ഇപ്പോഴും ഉണ്ട് എന്നത് ഒരു അത്ഭുതം തന്നെ എന്നതിൽ സംശയമില്ല. 

Follow Us:
Download App:
  • android
  • ios