Asianet News MalayalamAsianet News Malayalam

Women's Day: വരും കാലത്തെ പെണ്‍ജീവിതങ്ങള്‍; നിര്‍മിതബുദ്ധി മാറ്റിയെഴുതുമോ സ്ത്രീവിരുദ്ധതയുടെ തിട്ടൂരങ്ങള്‍?  

നിര്‍മിത ബുദ്ധിയുടെ കടന്നു വരവ് സ്ത്രീശാക്തീകരണത്തിന്റെ സാധ്യതകളെ ശക്തിപ്പെടുത്തുമോ?

internation womens day 2024 Dr keerthy prabha on Artificial intelligence and women
Author
First Published Mar 8, 2024, 1:47 PM IST

നിര്‍മിത ബുദ്ധി (Artificial Intelligence-AI) സ്ത്രീകളുടെ ജീവിതാനുഭവങ്ങളെ എങ്ങനെയൊക്കെയാവും മാറ്റിത്തീര്‍ക്കുക? ചരിത്രത്തിന്റെ പല ഘട്ടങ്ങള്‍ സ്ത്രീയോടു കാണിച്ച നീതിയുടെയും അനീതിയുടെയും സാമൂഹ്യാഖ്യാനങ്ങളെ എങ്ങനെയാവും കൃത്രിമബുദ്ധിയുടെ വരുംകാലം നിര്‍വചിക്കുക? ജീവിതത്തിന്റെ ഇരുകരകള്‍ ഒന്നിച്ചാക്കാന്‍ പെടാപ്പാട് പെടുന്ന സാധാരണ സ്ത്രീകള്‍ മുതല്‍ അധികാരശ്രേണിയുടെ ഉച്ചിയിലെത്തിപ്പിടിച്ച സ്ത്രീകള്‍ വരെ പങ്കുവെക്കുന്ന ജീവിതാനുഭവങ്ങളെ ഏതുവിധമായിരിക്കും ഈ ഡിജിറ്റല്‍ ഉപാധി പുനര്‍വ്യാഖ്യാനം ചെയ്യുക? ഭാവിയെക്കുറിച്ചുള്ള ഇത്തരം ആലോചനകള്‍ കൂടി മുന്നോട്ടുവെയ്ക്കുന്നുണ്ട് ഈ വനിതാദിനം.  

 

internation womens day 2024 Dr keerthy prabha on Artificial intelligence and women

സ്ത്രീകളെ, നിങ്ങൾക്കായി സമയം മാറ്റിവയ്ക്കൂ, ആത്മവിശ്വാസം കെെവിടരുത് ; പ്രിയ വർ​ഗീസ് എഴുതുന്നു

 

സ്ത്രീവിരുദ്ധതകളെക്കുറിച്ചും അസമത്വങ്ങളെ കുറിച്ചും പറയേണ്ടി വരാതെ കടന്നുപോകുന്ന ഒരു വനിതാദിനമുണ്ടാവുക എന്നത് ഓരോ വനിതാദിന ആഘോഷത്തിന്റെയും പ്രതീക്ഷയാണ്. രാജ്യം അനുശാസിക്കുന്ന അവകാശങ്ങളെല്ലാം അനുഭവിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയായി സ്ത്രീയെ പരിഗണിക്കാതെ ലൈംഗിക സ്വത്വത്തിലേക്ക് മാത്രമായി ചുരുക്കിക്കൊണ്ട് എക്കാലവും നിര്‍ത്തുക എന്നതാണ് സ്ത്രീവിരുദ്ധതയുടെ അടിസ്ഥാന തത്വം. 

നമുക്ക് ചുറ്റുമുള്ള കരുത്തുള്ള സ്ത്രീകളെ ആശ്ചര്യത്തോടെയും ബഹുമാനത്തോടെയും ഒരല്പം അസൂയയോടെയും നോക്കിയിരുന്നിരുന്നിട്ടുണ്ട് ഓരോ വനിതാ ദിനത്തിലും. നിലവിലുള്ള ചരിത്രാഖ്യാനങ്ങളില്‍ സ്ത്രീനാമങ്ങള്‍ വളരെ കുറവാണ്. എന്നാല്‍, ഇനി അങ്ങോട്ടുള്ള കാലത്ത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തിളങ്ങിയവരുടെ ലിസ്റ്റില്‍ ആണ്‍പേരുകള്‍ മാത്രമല്ല കാണാന്‍ സാധിക്കുക. കാലം കഴിയുന്തോറും എത്ര സ്ത്രീകളാണ് സ്വന്തം കഴിവുകളുമായി മുന്നോട്ട് വന്ന് അവരാഗ്രഹിക്കുന്ന മേഖലകളില്‍ മികവ് തെളിയിക്കുന്നത്. തൊഴിലും രാഷ്ട്രീയവും  മാത്രമല്ല ഇഷ്ടമുള്ള കലയും താല്പര്യങ്ങളും കൂടെ കൊണ്ടു നടക്കുന്നതും ഒരു സ്ത്രീയെ സംബന്ധിച്ച് വിപ്ലവമാണ്. ഒരു പുരുഷന് സാധ്യമാകുന്നതുപോലെ തൊഴിലും രാഷ്ട്രീയവും കലയും യാത്രകളും അതേ അവകാശങ്ങളോടെ പെണ്‍ ലോകത്തിന് ഏറ്റവും സ്വാഭാവികമായി ചെയ്യാന്‍ കഴിയുന്ന നേരങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസം തരുന്നുണ്ട് ഓരോ വനിതാദിനങ്ങളും. 

 

ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാം അറി‍ഞ്ഞിരിക്കേണ്ടത്...

internation womens day 2024 Dr keerthy prabha on Artificial intelligence and women

 

നിര്‍മിത ബുദ്ധിയും സ്ത്രീകളും

ഇത് നിര്‍മിത ബുദ്ധിയുടെ കാലമാണ്. നവസാങ്കേതിക വിദ്യ ജീവിതങ്ങളുടെ വ്യാകരണം അടിമുടി മാറ്റിയെഴുതുന്ന കാലം. എല്ലാ സാങ്കേതിക വിദ്യകളും മനുഷ്യജീവിതങ്ങളുടെ അലകും പിടിയും മാറ്റാറുണ്ട്. അതില്‍നിന്നു വ്യത്യസ്തമായിരിക്കില്ല നിര്‍മിത ബുദ്ധിയും (Artificial Intelligence-AI). ഈ മാറ്റം സ്ത്രീകളുടെ ജീവിതാനുഭവങ്ങളെ എങ്ങനെയൊക്കെയാവും മാറ്റിത്തീര്‍ക്കുക? ചരിത്രത്തിന്റെ പല ഘട്ടങ്ങള്‍ സ്ത്രീയോടു കാണിച്ച നീതിയുടെയും അനീതിയുടെയും സാമൂഹ്യാഖ്യാനങ്ങളെ എങ്ങനെയാവും കൃത്രിമബുദ്ധിയുടെ വരുംകാലം നിര്‍വചിക്കുക? ജീവിതത്തിന്റെ ഇരുകരകള്‍ ഒന്നിച്ചാക്കാന്‍ പെടാപ്പാട് പെടുന്ന സാധാരണ സ്ത്രീകള്‍ മുതല്‍ അധികാരശ്രേണിയുടെ ഉച്ചിയിലെത്തിപ്പിടിച്ച സ്ത്രീകള്‍ വരെ പങ്കുവെക്കുന്ന ജീവിതാനുഭവങ്ങളെ ഏതുവിധമായിരിക്കും ഈ ഡിജിറ്റല്‍ ഉപാധി പുനര്‍വ്യാഖ്യാനം ചെയ്യുക? ഭാവിയെക്കുറിച്ചുള്ള ഇത്തരം ആലോചനകള്‍ കൂടി മുന്നോട്ടുവെയ്ക്കുന്നുണ്ട് ഈ വനിതാദിനം.  

നിര്‍മിത ബുദ്ധിയുടെ കടന്നു വരവ് സ്ത്രീശാക്തീകരണത്തിന്റെ സാധ്യതകളെ ശക്തിപ്പെടുത്തുമോ? അതെ, എന്നാണ് നിലവില്‍ മുന്നില്‍ വരുന്ന ഉത്തരം. എന്നാല്‍, ആണധികാരത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന സാമൂഹ്യക്രമം ഇത്തരമൊരു മാറ്റത്തെ അംഗീകരിക്കുന്നതിനു പകരം, എങ്ങനെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് മാറ്റിമറിക്കും എന്ന ചരിത്രപരമായ ചോദ്യം അവിടെ തന്നെയുണ്ട്. 

ജീവിതത്തിന്റെ സകല മേഖലകളിലേക്കും നിര്‍മിത ബുദ്ധി കടന്നു വരുമ്പോള്‍ സ്ത്രീകളെ സംബന്ധിച്ച് ലിംഗപരമായ റോളുകള്‍ പുനര്‍നിര്‍വചിക്കപ്പെടാനുള്ള വലിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് എന്റെ വീക്ഷണം. ജീവിതം നിര്‍ണയിക്കുന്ന ഊര്‍ജസ്വലമായ തീരുമാനങ്ങള്‍ എടുത്തു കൊണ്ട് സ്വന്തം ലക്ഷ്യങ്ങളിലേക്ക് സുശക്തം നടന്നു പോകാനുമുള്ള വലിയ സ്വാതന്ത്ര്യങ്ങളുടെ വാതില്‍ നിര്‍മിത ബുദ്ധിയുടെ വരുംകാലം തുറക്കാതിരിക്കില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അസമത്വത്തിന്റെയും വിവേചനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ഇരുണ്ട നാളുകളില്‍ നിന്ന് അവരുയര്‍ന്നു വരാതിരിക്കില്ല. 

 

സ്ത്രീകളെ അലട്ടുന്ന പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ

internation womens day 2024 Dr keerthy prabha on Artificial intelligence and women

 

സ്ത്രീകളുടെ തൊഴില്‍ സാധ്യതകള്‍ കുറയ്ക്കുമോ? 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തിന്റെ ആണിക്കല്ലായി മാറുകയാണ്. ലിംഗഭേദമനുസരിച്ചുള്ള പക്ഷപാതങ്ങള്‍ സാമൂഹിക ശരിയായി കൊണ്ടുനടക്കുന്ന ഒരു സമൂഹത്തില്‍ നിലവില്‍ വിവേചനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് മനുഷ്യാവകാശപരവും നിയമപരവും ധാര്‍മികവുമായ ആശങ്കകള്‍ ഉണ്ടാക്കിക്കൊണ്ട് തന്നെയാണ് എ ഐ എന്ന് ചുരുക്കി വിളിക്കുന്ന നിര്‍മിത ബുദ്ധി  മുന്നേറിക്കൊണ്ടിരിക്കുന്നത്. എ ഐ എന്നത് ഒരു മാജിക്കല്‍ ബുദ്ധിശക്തിയുമല്ല. മനുഷ്യന്‍ തന്നെ നല്‍കുന്ന സ്ഥിതിവിവര കണക്കുകളും അനുമാനങ്ങളുമൊക്കെ ചേര്‍ന്ന ഡാറ്റയില്‍നിന്ന് മുളച്ചുപൊന്തുന്ന ഒന്നാണ്. ആ ഡാറ്റ അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുകയും  നിര്‍ദ്ദിഷ്ഠ ഫലങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ മനുഷ്യരില്‍ അന്തര്‍ലീനമായ ലിംഗവിവേചനങ്ങള്‍ ഉള്‍പ്പെടെയുള്ള സകല പക്ഷപാതങ്ങളില്‍ നിന്നും അതിനു മുക്തിയുമില്ല. ഒരര്‍ത്ഥത്തില്‍ നിലവിലുള്ള സാമൂഹിക നിയമങ്ങളെ അത് പുനര്‍നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും തന്നെയാണ് ചെയ്യുന്നത്.

നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവ് സ്ത്രീകളുടെ തൊഴിലവസര സാധ്യതകള്‍ കുറയ്ക്കുന്നുണ്ടോ? വിവിധ രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള പല പഠനങ്ങളും അതിനെ സാധൂകരിക്കുന്നുണ്ട്. ഒപ്പം, നിര്‍മ്മിത ബുദ്ധിയുടെ വരവോടെ കോള്‍ സെന്ററുകള്‍, റിസപ്ഷനിസ്റ്റുകള്‍, വിവിധ ഓഫീസ് ജോലികള്‍, ക്ലറിക്കല്‍ ജോലികള്‍, ബാങ്ക് ജോലികള്‍, പ്രോഗ്രാമിങ് ജോലികള്‍ തുടങ്ങി പലവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ നഷ്ടമാവുമോ, അത് സ്ത്രീകളെ കൂടുതല്‍ ബാധിക്കുമോ എന്ന ആശങ്കകള്‍ കൂടിയുണ്ട്. ഈ മേഖലകളിലൊക്കെ ജോലി നഷ്ടം സംഭവിക്കാം. അവിടെയൊക്കെ സ്ത്രീ പങ്കാളിത്തം കൂടുതലുമാണ്. പക്ഷേ അത് ആ മേഖലയെ മുഴുവനായും ഒരുപോലെ ബാധിക്കും എന്നല്ലാതെ ഒരു പ്രത്യേക ജന്‍ഡറിനെ മാത്രം കൂടുതല്‍ ബാധിക്കും എന്ന് പറയാന്‍ സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിലവിലെ വ്യവസ്ഥ പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടും എന്നാണ് ചരിത്രം പറയുന്നത്. അത്തരം ജോലികളും അവയുടെ സ്വഭാവങ്ങളുമൊക്കെ പുതിയ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പുനര്‍നിര്‍വചിക്കപ്പെടുകയും പുതിയ രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെടുകയും ചെയ്യും. 

യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ഉള്ള പല ജോലികളും പുരുഷന്മാര്‍ ലോ പ്രൊഫൈല്‍ ജോലി ആയി പരിഗണിക്കുന്നുണ്ട്. അത് കൊണ്ട് കൂടിയാണ് അവിടെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുന്നത്. ബാങ്ക് മേഖലകളിലൊക്കെ ഏതാണ്ട് 50 ശതമാനത്തോളം ജോലി സാധ്യതകള്‍ പുരുഷനും സ്ത്രീക്കും നിലനില്‍ക്കുന്നുണ്ട്. അതൊരു നല്ല പ്രൊഫൈല്‍ ഉള്ള ജോലി ആയതുകൊണ്ട് പുരുഷന്‍ അത് ആഗ്രഹിക്കുന്നുണ്ട്. സ്ത്രീകള്‍ കൂടി ആ ജോലിക്ക് പരിശ്രമിക്കുമ്പോള്‍ അവിടെ പുരുഷന്റെ സാദ്ധ്യതകള്‍ പകുതിയായി കുറയുന്നു എന്ന് മാത്രം. കുറഞ്ഞ വേതനമുള്ള ജോലികളിലൊന്നും അത്തരം ഒരു മത്സരബുദ്ധി ഉണ്ടാകുന്നില്ല. വേതനം കുറവ് ലഭിക്കുന്ന ജോലികള്‍ സ്ത്രീകള്‍ക്കുള്ളതാണ് എന്ന തരം തിരിവ് അദൃശ്യമായും പ്രത്യക്ഷമായും നമുക്ക് ചുറ്റുമുണ്ട്. പുരുഷന്‍ ലോ പ്രൊഫൈല്‍ ആയിട്ട് കാണുന്ന, സ്ത്രീകള്‍ കൂടുതലുള്ള ഹോം മെയ്ഡ് അടക്കമുള്ള ജോലികള്‍ മറ്റു പല മേഖലകളിലെ ജോലികളും പോലെ നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവോടെ ഇല്ലാതാവാം. അങ്ങനെ വന്നാല്‍, സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ചേക്കാം. പക്ഷേ പുരുഷനും സ്ത്രീയും തമ്മില്‍ ജെന്‍ഡര്‍ വ്യത്യാസങ്ങള്‍ ഇല്ലാതെ ജോലി ചെയ്യാന്‍ പറ്റുന്ന പുതിയ മേഖലകള്‍ തുറക്കപ്പെടുക തന്നെ ചെയ്യും. അത്തരത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ഇടയിലേക്കും നമ്മള്‍ വിചാരിക്കാത്ത വേഗതയില്‍ നിര്‍മിത ബുദ്ധി കടന്നു കയറും.

 

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

internation womens day 2024 Dr keerthy prabha on Artificial intelligence and women
 

ശാരീരിക സവിശേഷതകള്‍ വിലങ്ങുതടിയാണോ? 

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ടല്ലെങ്കില്‍ പോലും സമൂഹത്തിന്റെ നാനാമേഖലകളില്‍ സ്ത്രീകളുടെ സജീവമായ പങ്കാളിത്തം സ്ഥിരമായി ഉണ്ടാവുന്നത് പുരുഷനേക്കാള്‍ താരതമ്യേന കുറവാണ്. മാനുഷിക മൂലധനത്തിലെ വ്യത്യാസങ്ങള്‍, ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍, തൊഴിലുമായി ബന്ധപ്പെട്ട വിവേചനം എന്നിവയില്‍ സ്ത്രീകള്‍ വഹിക്കുന്ന വര്‍ധിച്ച ഭാരമാണ് സ്ത്രീകളുടെ ഈ അഭാവത്തിന് കാരണമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇതിലുപരി സാമ്പത്തികമായും അധികാര-തൊഴില്‍ മേഖലകളിലുമൊക്കെ സ്ത്രീകള്‍ പുറകോട്ട് പോകാനുള്ള പ്രധാന കാരണം, പുരുഷനെ സംബന്ധിച്ച് ബാധ്യതകള്‍ അല്ലാത്ത, ഗര്‍ഭധാരണം, ആര്‍ത്തവം തുടങ്ങിയ ചില ശാരീരികപരിമിതികളാണ്. 

ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ കായിക അധ്വാനം ആവശ്യമായ ജോലികള്‍ ചെയ്താണ് മനുഷ്യന്‍ മുന്നോട്ടുവന്നത്. ആ കാലഘട്ടത്തില്‍ ശാരീരിക സവിശേഷതകള്‍ കൊണ്ടും സാഹചര്യങ്ങള്‍ കൊണ്ടും പുരുഷനോളം കായിക ശേഷി ഉപയോഗിക്കാന്‍ പറ്റാതിരുന്ന സ്ത്രീ വിഭാഗത്തിന് അവനോളം സമ്പാദിക്കാനും സ്ഥിരമായ സാമൂഹിക ഇടപെടലുകള്‍ക്കുമുള്ള സാധ്യതകള്‍ കുറവായിരുന്നു. വര്‍ഷങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ സാങ്കേതികവിദ്യകളുടെ വികാസം വന്നു. മനുഷ്യന്റെ കായിക ശേഷി ജോലികള്‍ക്ക് അത്യാവശ്യമല്ലാത്ത ഒന്നായി മാറി. അത് സ്ത്രീകള്‍ക്കുള്ള സാധ്യതകള്‍ തുറന്നു. പക്ഷേ ഇന്നും ഭൂരിഭാഗം മേഖലകളും പുരുഷന്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം കായികക്ഷമതയിലുള്ള വ്യത്യാസവും ജീവശാസ്ത്രപരമായി സ്ത്രീക്ക് മാത്രമുള്ള ചില പ്രത്യേകതകളുമാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള കായികക്ഷമതയിലുള്ള വ്യത്യാസം, ചെയ്യുന്ന ജോലികളിലെ ഉല്‍പാദനക്ഷമതയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുമെന്ന് നമ്മള്‍ ഇന്നും വിശ്വസിക്കുന്നു. 

 

ഫെമിനിസത്തെ ആയുധമാക്കി കച്ചവടം; സ്ത്രീകള്‍ക്ക് ഇത് നല്ലൊരു ഓര്‍മ്മപ്പെടുത്തല്

internation womens day 2024 Dr keerthy prabha on Artificial intelligence and women
 

നിര്‍മിത ബുദ്ധി മാറ്റിയെഴുതുന്ന തൊഴില്‍ സങ്കല്‍പ്പങ്ങള്‍

എന്നാല്‍ ഈ യാഥാസ്ഥിതിക സങ്കല്പങ്ങളെയൊക്കെ മറികടന്ന്, മനുഷ്യന്റെ കായികാധ്വാനങ്ങളെ പകരം വെയ്ക്കാന്‍ നിര്‍മിത ബുദ്ധിയുടെ വരവോടെ സാധ്യമാകുന്നു. സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ യന്ത്ര നിര്‍മ്മാണം വരെ റോബോട്ടുകള്‍ ചെയ്യുന്ന കാലത്ത് പുരുഷനും സ്ത്രീയും തമ്മിലുള്ള കായികക്ഷമതയുടെ വ്യത്യാസങ്ങള്‍ക്ക് തൊഴിലിടങ്ങളില്‍ പ്രസക്തിയില്ലാതാകുന്നു. ലിംഗ വ്യത്യാസമില്ലാതെ കാര്യക്ഷമമായി അത്തരം ജോലികള്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന അവസ്ഥ വരുന്നു. പുരുഷനെ സംബന്ധിച്ച് അവന്റെ കായികക്ഷമത അനിവാര്യമല്ലാത്ത ഒരു കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. പ്രതിരോധ മേഖലയിലും സൈന്യത്തിലും സ്ത്രീകള്‍ കുറയാനുള്ള പ്രധാന കാരണം യുദ്ധങ്ങള്‍ പുരുഷന്റെ കായികക്ഷമത ഉപയോഗിച്ച് ചെയ്യേണ്ട ഒന്നാണ് എന്ന വസ്തുതയാണ്. യുദ്ധങ്ങളും റോബോട്ടുകളുടെ കയ്യിലേക്ക് പോകുമ്പോള്‍ കായികക്ഷമത അനിവാര്യമല്ലാതാവുന്നു. എവിടെയിരുന്നും റോബോട്ടുകളെ നിയന്ത്രിച്ച് യുദ്ധം ചെയ്യുന്ന സാഹചര്യം സമീപഭാവിയില്‍ തന്നെ ഉണ്ടാകാം. മുന്‍പ് കായികക്ഷമത ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിച്ചിരുന്ന വമ്പന്‍ ആയുധങ്ങള്‍ ഇന്ന് പരിശീലനവും അറിവും ഉണ്ടെങ്കില്‍ ചെറുവിരലുകള്‍ കൊണ്ട് ചെറിയ ബലം മാത്രം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് ആയ എയര്‍ബസ് എ 380, വലിയ കപ്പലുകള്‍ എന്നിവയൊക്കെ പരിശീലനം നേടിയവര്‍ക്ക് എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. 
പുരുഷന്മാര്‍ മാത്രം ഉണ്ടായിരുന്ന എയര്‍ക്രാഫ്റ്റ് പൈലറ്റ് മേഖലയിലേക്ക് നല്ലൊരു ശതമാനം സ്ത്രീകള്‍ എത്തിച്ചേര്‍ന്നത് ഇങ്ങനെയൊക്കെയാണ്. കായിക ക്ഷമത ഉള്ളതുകൊണ്ട് മാത്രം തൊഴില്‍ ചെയ്യാനും സമ്പാദിക്കാനും പുരുഷനുണ്ടായിരുന്ന മേല്‍ക്കൈ നിര്‍മ്മിത ബുദ്ധിയുടെ അല്ലെങ്കില്‍ റോബോട്ടിക്കുകളുടെ കടന്നു വരവോടെ ഇല്ലാതാവുകയാണ്. സാങ്കേതിക വിപ്ലവങ്ങളുടെ കാലം ലിംഗവ്യത്യാസങ്ങള്‍ ഇല്ലാതെ സ്ത്രീക്കും പുരുഷനും ഒരുപോലെ ജോലി ചെയ്യാനും ഒരുപോലെ സമ്പാദിക്കുവാനും ഉള്ള അവസരങ്ങള്‍ കൂടിയാണ് തുറന്നു വയ്ക്കുന്നത്.

 

എന്തിന് നമുക്കൊരു വനിതാ ദിനം? സ്ത്രീകൾക്ക് മാത്രം അങ്ങനെയൊരു ദിനം ആവശ്യമുണ്ടോ?

internation womens day 2024 Dr keerthy prabha on Artificial intelligence and women

 

യന്ത്രവല്‍ക്കരണം തുറന്നിടുന്ന പെണ്‍സാധ്യതകള്‍ 

നിര്‍മ്മിത ബുദ്ധിയിലേക്കും റോബോട്ടുകളിലേക്കുമൊക്കെ പോകുന്നതിനു മുമ്പ് യന്ത്രവല്‍ക്കരണം ജെന്‍ഡര്‍ റോളുകളെ എത്രമാത്രം മാറ്റിമറിച്ചു എന്നൊന്ന് പരിശോധിക്കാം. സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന വീട്ടുജോലികള്‍ മിക്‌സി, വാഷിംഗ് മെഷീന്‍ എന്നിവയടക്കമുള്ള ഗാര്‍ഹിക യന്ത്രങ്ങള്‍ വന്നതോടുകൂടി എളുപ്പമാക്കപ്പെട്ടു. ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒന്നായി വീട്ടുജോലികള്‍ മാറി. പുരുഷന്‍ കല്ലില്‍ അടിച്ചലക്കിയാല്‍ നാണക്കേടാണ് എന്ന് കരുതുന്ന ജെന്‍ഡര്‍ ഈഗോ കൂടിയാണ് ഇതോടെ ഇല്ലാതായത്. വീട് വൃത്തിയാക്കാന്‍ റോബോട്ടിക് വാക്വം ക്ലീനറുകള്‍ സാധാരണമാകുന്നതോടെ അവിടെയും ജെന്‍ഡര്‍ റോളുകള്‍ക്ക് പ്രാധാന്യമില്ലാതായി. ഈ യന്ത്രങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന പൊതു ഉപകരണമായി മാറുമ്പോള്‍ വീട്ടുജോലികളില്‍ സമൂഹം ഉണ്ടാക്കി വച്ചിരുന്ന ലിംഗ വിവേചനങ്ങള്‍ പതിയെ ഇല്ലാതാകുകാാണ്. സ്ത്രീയും പുരുഷനും ഒരുപോലെ വീട്ടുജോലികള്‍ ചെയ്യുന്ന ഇടങ്ങളില്‍ അവരുടെ ജോലിഭാരം യന്ത്രവല്‍ക്കരണം കൊണ്ട് ലഘൂകരിക്കപ്പെടും. പക്ഷേ ബഹുഭൂരിപക്ഷം ഇടങ്ങളിലും അത്തരം ജോലികള്‍ ലിംഗവ്യത്യാസങ്ങള്‍ അനുസരിച്ച് തരംതിരിക്കപ്പെട്ടിരിക്കുന്നു. അടുക്കളയില്‍ ഞാന്‍ അവളെ സഹായിക്കാറുണ്ട് എന്ന് പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം അവളുടെത് തന്നെയാണ് എന്ന സാമൂഹിക ധാരണയാണ് പ്രഖ്യാപിക്കപ്പെടുന്നത്. 

റോബോട്ടിക് അടുക്കളകളുടെ വരവോടുകൂടി കുക്കിങ്ങിലും ജെന്‍ഡര്‍ റോളുകള്‍ക്ക് പ്രാധാന്യമില്ലാതാകും. 'എന്റെ സഹായവും അവളുടെ ഉത്തരവാദിത്വവും' ഒക്കെ അപ്രസക്തമാവും. ലിംഗ ഭേദമനുസരിച്ച് ജോലികളിലും പ്രവൃത്തികളിലും കൃത്യമായ വേര്‍തിരിവ് ഉണ്ടാക്കി വെച്ച നമ്മുടെതു പോലുള്ള സമൂഹത്തില്‍ യന്ത്രവല്‍ക്കരണവും നിര്‍മ്മിത ബുദ്ധിയും നിലവില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ മാറ്റിയെഴുതുക തന്നെ ചെയ്യും. കൃത്രിമഗര്‍ഭപാത്രങ്ങളുടെ വരവും അസാധ്യമായ ഒന്നല്ല. ഗര്‍ഭധാരണം എന്ന പ്രക്രിയ സ്ത്രീകളില്‍ നിന്ന് അകന്നു പോകുമ്പോള്‍ അക്കാരണത്താല്‍ മാത്രം പലയിടങ്ങളില്‍ നിന്നും വിവേചനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീ സമൂഹത്തില്‍ ഒരു വിപ്ലവം തന്നെ ഉണ്ടാകും.

 

പുതിയ മതങ്ങള്‍ എവിടെനിന്നാവും പിറവിയെടുക്കുക?

internation womens day 2024 Dr keerthy prabha on Artificial intelligence and women

 

മാറ്റങ്ങളുടെ കൊടുങ്കാറ്റ് 

നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും കടന്നുവരവ് സ്ത്രീകളെ ഏത് വിധത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ അന്തിമ വിശകലനം അസാധ്യമാണ്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ സാഹചര്യം അത്തരം വിധിയെഴുത്തുകളെ അപ്രസക്തമാക്കുന്നുണ്ട്. പക്ഷേ, മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. സ്ത്രീവിരുദ്ധമായ നിലപാടുകളെ മറികടക്കാന്‍ നിര്‍മിത ബുദ്ധി വലിയ അളവില്‍ ഉപയോഗിക്കപ്പെടുക തന്നെ ചെയ്യും. '

'നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്'' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വനിത ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വെച്ച മുദ്രാവാക്യം. അവിടെ ലിംഗസമത്വത്തിന്റെ സാദ്ധ്യതകള്‍ കണ്ടെത്തേണ്ടത് നമ്മളാണ് എന്നത് കൂടി പ്രധാനമാണ്.

Follow Us:
Download App:
  • android
  • ios