ഫെന്‍റനൈൽ കലർന്ന വ്യാജ മരുന്നുകൾ വിറ്റഴിച്ചതിന് രണ്ട് ഇന്ത്യൻ പൗരന്മാർക്കും ഒരു ഓൺലൈൻ ഫാർമസിക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി.  

ഫെന്‍റനൈൽ കലർന്ന വ്യാജ മരുന്നുകൾ രാജ്യത്ത് വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാർക്ക് ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രഷറി അറിയിച്ചു. ഈ പ്രവർത്തനങ്ങളുമായി ബന്ധമുള്ള, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഫാർമസിയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാദിഖ് അബ്ബാസ് ഹബീബ് സയ്യിദ്, ഖിസർ മുഹമ്മദ് ഇഖ്ബാൽ ഷെയ്ഖ് എന്നീ ഇന്ത്യൻ പൗരന്മാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കെ എസ് ഫാർമേഴ്സ്

ഫെന്‍റനൈൽ, അതിനോട് സാമ്യമുള്ള മറ്റ് രാസവസ്തുക്കൾ, മെത്താംഫെറ്റാമൈൻ എന്നിവ കലർത്തിയ വ്യാജ ഗുളികകൾ വൻതോതിൽ വിതരണം ചെയ്യുന്നതിനായി ഇവർ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും അമേരിക്കയിലെയും ലഹരിക്കടത്തുകാരുമായി ചേർന്ന് പ്രവർത്തിച്ചതായി യുഎസ് അധികൃതർ പറയുന്നു. ഈ നിയമവിരുദ്ധ മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെഎസ് ഇന്‍റർനാഷണൽ ട്രേഡേഴ്സിന്‍റെ (കെ എസ് ഫാർമേഴ്സ് ) ഉടമ ഖിസർ മുഹമ്മദ് ഇഖ്ബാൽ ഷെയ്ഖ് ആണെന്നാണ് യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രഷറി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഖിസർ മുഹമ്മദിനൊപ്പം സാദിഖ് അബ്ബാസ് ഹിബാബ് സയ്യദ് എന്നയാളും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2024 സെപ്റ്റംബർ മുതൽ ഖിസർ മുഹമ്മദിനെതിരെ ന്യൂയോർക്കിലെ ഫെഡറൽ ഗ്രാൻഡ് ജൂറി മയക്കുമരുന്ന് കടത്ത് ആരോപണങ്ങളിൽ കുറ്റം ചുമത്തിയെങ്കിലും, ഇയാൾ ഈ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരുന്നതായാണ് യുഎസ് അധികൃതർ ആരോപിക്കുന്നത്.

വിലക്കും നടപടിയും

ഈ ഉപരോധങ്ങൾ പ്രകാരം സയ്യിദിന്‍റെയും ഷെയ്ഖിന്‍റെയും യുഎസിലുള്ളതോ അല്ലെങ്കിൽ അമേരിക്കൻ സ്ഥാപനങ്ങൾ വഴി കൈവശം വെച്ചിട്ടുള്ളതോ ആയ എല്ലാ ആസ്തികളും മരവിപ്പിക്കും. അമേരിക്കൻ പൗരന്മാർക്കും കമ്പനികൾക്കും ഇവരുമായി വ്യാപാരം, സേവനങ്ങൾ, പണമിടപാടുകൾ എന്നിവയുൾപ്പെടെയുള്ള ഇടപാടുകളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്. ഉപരോധം നേരിടുന്നവരുടെ പേരിൽ പണം കൈമാറുകയോ സാധനങ്ങൾ നൽകുകയോ ചെയ്യുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന യുഎസിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നേക്കാം.

യു.എസ്. അധികൃതരുടെ അഭിപ്രായത്തിൽ, സിന്തറ്റിക് ഓപിയോയിഡ് പ്രതിസന്ധിക്ക് പ്രധാന കാരണം ഫെന്‍റനൈലാണ്, ഇത് അമേരിക്കയിൽ വലിയ തോതിലുള്ള മയക്കുമരുന്ന് അമിത ഉപയോഗ മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. 18 മുതൽ 45 വയസ്സുവരെയുള്ളവരിൽ മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഓപിയോയിഡിന്‍റെ അമിത ഉപയോഗം. നിരവധി കുടുംബങ്ങളെ ഫെന്‍റനൈൽ ദുരന്തം തകർത്തുവെന്നും അമേരിക്കയെ ഫെന്‍റനൈൽ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണത്തിൽ യുഎസ് പ്രതിജ്ഞാബദ്ധമായി തുടരുമെന്നും യുഎസ് ട്രഷറി അണ്ടർ സെക്രട്ടറി ഫോർ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇന്‍റ്റലിജൻസ് ജോൺ കെ. ഹർലി പറഞ്ഞു.