കാലത്തിന് അനുസരിച്ച് വിവാഹങ്ങളും മാറുകയാണ്. ഒപ്പം വിവാഹത്തിന് ക്ഷണിക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ തോതിലുള്ള തെരഞ്ഞെടുപ്പുകളാണ് ഉണ്ടാകുന്നതെന്നും യുവതി എഴുതുന്നു. 

നാടാടെ വിളിച്ച് വിവാഹ സദ്യ കൊടുക്കുന്ന പരിപാടി അവസാനിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ഇപ്പോൾ ആളുകൾ വിവാഹത്തിന് ക്ഷണിക്കുന്നത്. കാരണം മറ്റൊന്നുമല്ല,അമിത ചെലവ് തന്നെ. എന്നാല്‍, വിവാഹത്തിന് ക്ഷണിക്കുന്നില്ലെന്ന് ആരും നേരിട്ട് പറയുന്നില്ല. പകരം, ചില സൂചനകൾ മാത്രം നല്‍കും. അത്തരത്തില്‍ ഒരു വിവാഹ ക്ഷണക്കത്ത് ലഭിച്ച യുവതി, വിവാഹത്തിന് പങ്കെടുക്കാന്‍ എട്ട് മണിക്കൂറോളം കാറോടിച്ച് ചെന്നു. ഒടുവില്‍ വിവാഹ വേദിക്ക് മുന്നില്‍ വച്ചാണ് തനിക്ക് ക്ഷണമില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ താന്‍ അപമാനിക്കപ്പെട്ടതായി യുവതി പറയുന്നു.

റെഡ്ഡിറ്റിലാണ് യുവതി താന്‍ നേരിട്ട അപമാനത്തെ കുറിച്ച് വിശദമായി കുറിച്ചത്. ഒരു സഹപ്രവർത്തകയുടെ വിവാഹ ക്ഷണക്കത്ത് ലഭിച്ചപ്പോൾ, തന്‍റെ മറ്റൊരു സഹപ്രവര്‍ത്തകയെയും കൂട്ടി അവര്‍ വിവാഹത്തിന്പങ്കെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, എട്ട് മണിക്കൂര്‍ സ്കോട്ടിഷ് ഹൈലാൻഡ്സിലൂടെ വാഹനം ഓടിക്കണമായിരുന്നു. എന്നിട്ടും തങ്ങൾ ആ വിവാഹത്തിന് പോകാന്‍ തീരുമാനിച്ചതായി യുവതി എഴുതി. എന്നാല്‍, ഇത്രയേറെ ദൂരം വാഹനം ഓടിച്ച് വിവാഹ വേദിയിലെത്തിയപ്പോഴാണ് തങ്ങള്‍ക്ക് ലഭിച്ച വിവാഹ ക്ഷണത്തില്‍ വിരുന്നിന് പങ്കെടുക്കാനുള്ള ക്ഷണമില്ലെന്ന് യുവതി തിരിച്ചറിഞ്ഞത്. ടേബിൾ പ്ലാനില്‍ യുവതിയുടെ പേരില്ലാത്തതിനാല്‍ സെക്യൂരിറ്റിക്കാർ അവരെ വിവാഹ വേദിയിലേക്ക് കടത്തിവിട്ടില്ല. തനിക്കുള്ള ക്ഷണക്കത്തില്‍ വൈകുന്നേരത്തെ പാര്‍ട്ടിക്ക് എത്തിച്ചേരാന്‍ ചെറിയ അക്ഷരത്തില്‍ എഴുതിയിരുന്നത് അപ്പോഴാണ് തന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്നും 20 -കാരി എഴുതി.

'മാസ്റ്റർ ഓഫ് സെറിമണി' എന്നെഴുതിയ വിവാഹ ക്ഷണക്കത്തില്‍ തങ്ങൾക്ക് ആരാധനയ്ക്കും ചായ സത്ക്കാരത്തിനുമുള്ള ക്ഷണം മാത്രമാണ് നിര്‍ദ്ദേശിച്ചിരുന്നത്. അതില്‍ വിവാഹത്തിനോ വിവാഹ സദ്യയ്ക്കോയുള്ള ക്ഷണം ഇല്ലായിരുന്നു. മറ്റ് അനേകം അതിഥികൾ ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോൾ, ആരും കാണാതെ തനിക്ക് അവിടം വിടേണ്ടിവന്നെന്നും ഇത് അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും യുവതി എഴുതി. ഒടുവില്‍ അടുത്തുള്ള കഫേയില്‍ നിന്നും ഒരു ബേക്കൺ റോളും ചായയും കഴിച്ച് മടങ്ങിയെന്നും കുറിച്ച യുവതി, വിവാഹ സമ്മാനമായി നല്‍കിയ 50 പൗണ്ട് പിന്‍വലിച്ചെന്നും മറിച്ച് വധുവിന് സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ഒരു സമ്മാനം മാത്രം നല്‍കിയെന്നും എഴുതി. യുവതിയുടെ കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് വ്യക്തി ബന്ധങ്ങളെ കുറിച്ചും പുതിയ കാലത്ത് സൗഹൃദത്തിന് സംഭവിച്ച മൂല്യച്യുതിയെ കുറിച്ചും എഴുതിയത്.