Asianet News MalayalamAsianet News Malayalam

ജോലി നായയെ നടക്കാൻ കൊണ്ടുപോകൽ, ഒരു വർഷം കിട്ടുന്നത് ഒരു കോടി രൂപ! വ്യത്യസ്ത ജോലിയുമായി യുവാവ്

വലിയ മോശമില്ലാതെ വരുമാനം ലഭിച്ച് തുടങ്ങിയതോടെ ജോസഫ് 2019 -ൽ അധ്യാപക ജോലി രാജി വച്ചു. പിന്നീട്, Parkside Pups എന്ന പേരിൽ ബിസിനസ് ആരംഭിച്ചു. വർഷാവസാനത്തോടെ 28 ലക്ഷം രൂപ വരുമാനം കിട്ടി.

working as dog walker man earns one crore
Author
First Published Jan 27, 2023, 1:38 PM IST

പല ജോലികളും നാം ചെയ്യാറുണ്ട്. അതിൽ പരമ്പരാ​ഗതമായി പിന്തുടർന്ന് പോരുന്ന എഞ്ചിനീയറിം​ഗ്, അധ്യാപനം തുടങ്ങിയ ജോലികളുണ്ട്. അതുപോലെ തന്നെ എഴുത്ത്, പെയിന്റിം​ഗ്, കല തുടങ്ങി വേറെയും ജോലികളുണ്ട്. എന്നാൽ, കാലം മാറുന്നതിനനുസരിച്ച് ജോലികളും മാറി. ഇന്ന് കണ്ടന്റ് ക്രിയേറ്റിം​ഗ് അടക്കം നവമാധ്യമ രം​ഗങ്ങളിലൂടെ വലിയ പണം സമ്പാദിക്കുന്നവരും ഉണ്ട്. അതുപോലെ തികച്ചും വ്യത്യസ്തമായ ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരാളാണ് ഇത്. ജോലി എന്താണ് എന്നല്ലേ? നായയെ നടക്കാൻ കൊണ്ടുപോവുക. അതുവഴി ഒരു കോടിയോളം രൂപ താൻ സമ്പാദിക്കുന്നു എന്നാണ് ഈ യുവാവ് പറയുന്നത്. 

യുഎസിലെ ബ്രൂക്ലിനിലാണ് മൈക്കിൾ ജോസഫ് എന്ന യുവാവ് താമസിക്കുന്നത്. നേരത്തെ ഒരു മുഴുവൻ സമയ അധ്യാപകനായിരുന്നു ജോസഫ്. എന്നാൽ, ഒരു വർഷം 30 ലക്ഷം രൂപയാണ് തനിക്ക് അതിൽ നിന്നും കിട്ടിയിരുന്നത് എങ്കിൽ ഇന്ന് തനിക്ക് ഒരു കോടിയോളം രൂപ സമ്പാദിക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ജോസഫ് പറയുന്നത്. അതുപോലെ ഇപ്പോൾ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നും ജോസഫ് പറയുന്നു. 

ഈ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് 34 -കാരനായ ജോസഫ് ന്യൂജേഴ്‌സിയിലെ മിഡിൽടൗണിൽ നല്ലൊരു വീട് വാങ്ങി, കാർ വാങ്ങി, കുടുംബത്തോടൊപ്പം ഡിസ്നിലാൻഡ് സന്ദർശിച്ചു, ഭാവിയിലേക്ക് കുട്ടിക്കായി നല്ലൊരു തുക മാറ്റിവച്ചു.

നേരത്തെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്നു ജോസഫ്. എപ്പോഴും പാർക്കിൽ സ്വന്തം നായയുമായി നടക്കാൻ പോകാറുണ്ടായിരുന്നു. ഇത് കാണുന്ന മറ്റ് നായ ഉടമകൾ എത്ര അനുസരണയോടെയാണ് ജോസഫിന്റെ നായകൾ പെരുമാറുന്നത് എന്ന് പറയാറുണ്ടായിരുന്നു. അങ്ങനെ ചിലർ തങ്ങളുടെ നായകളെ നടത്താൻ കൊണ്ടുപോകുമോ എന്ന് ചോദിച്ചു. ജോസഫ് അത് അവ​ഗണിച്ചില്ല. അങ്ങനെ അധ്യാപനത്തിന് പുറമെ അൽപം വരുമാനം എന്ന രീതിയിൽ നായകളെ നടക്കാൻ കൊണ്ടുപോയിത്തുടങ്ങി. 

വലിയ മോശമില്ലാതെ വരുമാനം ലഭിച്ച് തുടങ്ങിയതോടെ ജോസഫ് 2019 -ൽ അധ്യാപക ജോലി രാജി വച്ചു. പിന്നീട്, Parkside Pups എന്ന പേരിൽ ബിസിനസ് ആരംഭിച്ചു. വർഷാവസാനത്തോടെ 28 ലക്ഷം രൂപ വരുമാനം കിട്ടി. 1600 രൂപയാണ് 30 മിനിറ്റ് ഒരു നായയെ നടക്കാൻ കൊണ്ടുപോകുന്നതിന് ജോസഫ് വാങ്ങുന്നത്. ഒരുപാട് പേർ ഈ ആവശ്യവുമായി ജോസഫിനെ സമീപിക്കുന്നു. അങ്ങനെ കഴിഞ്ഞ വർഷം ഈ ബിസിനസിലൂടെ ഒരുകോടി രൂപ ജോസഫിന് ലഭിച്ചത്രെ. 

Follow Us:
Download App:
  • android
  • ios