ദില്ലി: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പോര്‍ക്കളത്തിലേക്ക് നീങ്ങുമ്പോള്‍ ശ്രദ്ധേയമായ ഒരു കണക്ക് പുറത്ത് വിട്ട് യുഎസ് വിദഗ്ധന്‍. 2019ല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പ്, ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരിക്കുമെന്ന് സൗത്ത് കാര്‍നേജ് എന്‍ഡൗമെന്‍റ് ഫോര്‍ ഇന്‍റര്‍നാഷണല്‍ പീസിന്‍റെ സൗത്ത് ഏഷ്യന്‍ പ്രോഗ്രാം ഡയറക്ടര്‍ മിലന്‍ വെെഷ്ണവ് പിടിഐയോട് പറഞ്ഞു.

543 സീറ്റുകളിലേക്ക് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടാനിരിക്കെയാണ് ഈ സാധ്യതാ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 2016ല്‍ യുഎസില്‍ സംയുക്തമായി നടന്ന പ്രസിഡന്‍ഷ്യല്‍, കോണ്‍ഗ്രഷനല്‍ തെരഞ്ഞെടുപ്പിന് ആകെ ചെലവായത് 6.5 ബില്യണ്‍ യുഎസ് ഡോളറാണ്.

അതായത് 650 കോടി യുഎസ് ഡോളര്‍. അഞ്ച് വര്‍ഷം മുമ്പ് 2014ല്‍ ഇന്ത്യയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന് ആകെ ചെലവായത് 500 കോടി യുഎസ് ഡോളറാണ്. അതുകൊണ്ട് 2019ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഎസിനേക്കാള്‍ അധിക ചെലവ് ഇന്ത്യയിലുണ്ടാകുമെന്ന് ഉറപ്പാണെന്ന് മിലര്‍ പറഞ്ഞു.

ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ സാമ്പത്തിക കാര്യങ്ങളില്‍ വര്‍ഷങ്ങള്‍ നീണ്ട അനുഭവപരിചയമുള്ളയാണ് മിലന്‍ വെെഷ്ണവ്. ഇന്ത്യന്‍ ചരിത്രത്തിലും ജനാധിപത്യ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും വച്ച് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാകും 2019ല്‍ ഇന്ത്യയില്‍ നടക്കുകയെന്ന് മിലന്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ സുതാര്യതയില്ല. ആരാണ് പാര്‍ട്ടിക്കോ അല്ലെങ്കില്‍ വ്യക്തികള്‍ക്കോ പ്രാരണത്തിനായി പണം നല്‍കിയതെന്ന് കണ്ടെത്താനുമാകില്ല. വളരെ കുറച്ച് പേര്‍ മാത്രമാണ് തങ്ങള്‍ ഇത്ര തുക പാര്‍ട്ടികള്‍ക്കായി നല്‍കിയതെന്ന് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.