Asianet News MalayalamAsianet News Malayalam

രാജ്യത്തെ കർഷകരുടെ കടം എഴുതിത്തള്ളും: വൻ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച അതേ ഫോർമുല ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ വീണ്ടും ഇറക്കുന്നു. കർഷകരുടെ കടം പൂർണമായും എഴുതിത്തള്ളും.

After Basic Income, Congress's Next Big Promise: Farm Loan Waiver For All says rahul
Author
Patna, First Published Feb 3, 2019, 6:50 PM IST

പട്‍ന: മത്സരിച്ച് ജയിച്ചാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പട്‍നയിൽ നടത്തിയ കോൺഗ്രസ് റാലിയിലാണ് രാഹുലിന്‍റെ പ്രഖ്യാപനം. രാജ്യത്ത് എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്‍റെ വൻ വാഗ്ദാനം. 

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച അതേ ഫോർമുല ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ വീണ്ടും ഇറക്കുകയാണ്. വിജയിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മൂന്ന് സംസ്ഥാനങ്ങളിലും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി രാഹുൽ സ്വന്തം വാഗ്ദാനം പാലിക്കുകയും ചെയ്തു. 

ഇതേ വാഗ്ദാനം രാജ്യമൊട്ടുക്കും നടപ്പാക്കുമെന്നാണ് രാഹുലിന്‍റെ വാഗ്ദാനം. സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവിനും ശരദ് യാദവിനുമൊപ്പം വേദി പങ്കിട്ട രാഹുൽ ഇരുവരെയും പ്രശംസിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നാണ് റാലിയിൽ സംസാരിച്ച തേജസ്വി യാദവ് പറഞ്ഞത്. എന്നാൽ മറ്റു പാർട്ടികളെയെല്ലാം ഒന്നിച്ച് കൊണ്ടു പോകാൻ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.  

ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന ഒരു ബഹുജനറാലി ബിഹാറിൽ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമാണ്. മണ്ഡൽ പ്രക്ഷോഭകാലത്ത് ബിഹാറിൽ അടിപതറിയ കോൺഗ്രസിന് പിന്നീട് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios