2019ല്‍ രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ബിജെപി പുതിയ മുദ്രാവാക്യവുമായി അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. 'മോദിയുണ്ടെങ്കില്‍ സാധ്യമാകും' എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യം രാജസ്ഥാനില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി തന്നെയാണ് മുന്നോട്ട് വെച്ചത്

ജയ്പൂര്‍: 2014 പൊതു തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത് അച്ഛാ ദിന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. യുപിഎ സര്‍ക്കാരിന്‍റെ മോശം ഭരണത്തിന് ശേഷം ഇന്ത്യയില്‍ അച്ഛാ ദിന്‍ ബിജെപി കൊണ്ടു വരുമെന്നായിരുന്നു ആ മുദ്രാവാക്യത്തിന്‍റെ ആശയം. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ബിജെപിക്കെതിരെ എവിടെ അച്ഛാ ദിന്‍ എന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ നടത്തിയത്.

2019ല്‍ രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ബിജെപി പുതിയ മുദ്രാവാക്യവുമായി അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. 'മോദിയുണ്ടെങ്കില്‍ സാധ്യമാകും' എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യം രാജസ്ഥാനില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി തന്നെയാണ് മുന്നോട്ട് വെച്ചത്.

രാജ്യത്തെ നിലവിലുള്ള സര്‍ക്കാരിനെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അത് കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും മോദിയുണ്ടെങ്കില്‍ സാധ്യമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസം ഒരു രൂപയടച്ചാല്‍ രണ്ട് ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് ആരെങ്കിലും കരുതിയുന്നോ? എന്നാല്‍, തങ്ങള്‍ അത് നടപ്പാക്കി. മോദിയുണ്ടെങ്കില്‍ അത് സാധ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ കാര്‍ഷികകടം എഴുതി തള്ളല്‍ തട്ടിപ്പാണെന്നും മോദി കുറ്റപ്പെടുത്തി. ചിലര്‍ പാകിസ്ഥാന്‍റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അവര്‍ക്ക് എങ്ങനെയും തന്നെ അധികാരത്തിൽ നിന്ന് താഴെയിറക്കിയാൽ മതിയെന്നും മോദി വിമര്‍ശിച്ചു. പുൽവാമ പശ്ചാത്തലത്തിൽ ദേശീയത ഉയര്‍ത്തി കൊണ്ടുള്ള പ്രചരണത്തിലാണ് പ്രധാനമന്ത്രി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.