തൊടുപുഴ: ലോക്‍സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് പിജെ ജോസഫ്. കേരള കോൺഗ്രസ് എമ്മിന് യുഡിഎഫ് ഒരു സീറ്റ് മാത്രമാണ് നൽകുന്നതെങ്കിൽ കോട്ടയത്ത് മത്സരിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി പി ജെ ജോസഫ് കോട്ടയത്തെത്തി കൂടിക്കാഴ്ചകൾ തുടങ്ങി.

പ്രതിസന്ധിയുണ്ടാക്കരുതെന്ന കെപിസിസി അധ്യക്ഷന്‍റെ നിർദ്ദേശത്തിന് ശേഷവും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പിജെ ജോസഫ്. ജനമഹായാത്രയ്ക്കിടെ മുല്ലപ്പള്ളി രാമചന്ദ്രൻ ഇടുക്കിയിലും കോട്ടയത്തും വച്ച് കെ എം മാണി, പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ മഞ്ഞ് ഉരുകിയില്ല. മുല്ലപ്പള്ളി പോയതിന് പിന്നാലെ കോട്ടയത്തെത്തി മതമേലധ്യക്ഷന്മാരും പൗരപ്രമുഖരുമായി പി ജെ ജോസഫ് കൂടിക്കാഴ്ച നടത്തി. 

ചൊവ്വാഴ്ച കൊച്ചിയിൽ യുഡിഎഫ് ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെ കോട്ടയം സന്ദർശനത്തിലൂടെ മാണി ക്യാമ്പിന് ക്യത്യമായ സന്ദേശമാണ് ജോസഫ് നൽകുന്നത്. കേരള കോൺഗ്രസ് എമ്മിന് രണ്ടാം സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ ഏകസീറ്റായ കോട്ടയത്ത് മത്സരിക്കാനാണ് ജോസഫിന്‍റെ നീക്കം.

നേരത്തെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. കോട്ടയം ലോക്സഭ സീറ്റല്ലെങ്കിൽ പാർട്ടി ചെയർമാൻ സ്ഥാനമെന്ന നിർദ്ദേശം ചർച്ചയിൽ പിജെ ജോസഫ് മുന്നോട്ട് വച്ചെന്നാണ് സൂചന. എന്നാൽ എന്ത് സമ്മർദ്ദമുണ്ടായാലും പാർട്ടി ചെയർമാൻ സ്ഥാനവും സ്വന്തം തട്ടകമായ കോട്ടയവും വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് മാണി വിഭാഗം. രണ്ടുകൂട്ടരും നിലപാടിൽ അയവില്ലാതെ തുടർന്നാൽ പാർട്ടി വീണ്ടും പിളരുമോ എന്ന ആശങ്കയും ശക്തമാണ്.