ഇടുക്കി:  രണ്ടാംസീറ്റെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്ന സൂചന നൽകി കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം. ദേശീയതലത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കോൺഗ്രസിന് കൂടുതൽ സീറ്റ് വേണമെന്നതിനാൽ ഘടകകക്ഷികൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ പറഞ്ഞു. 

ലോകസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ആവശ്യപ്പെട്ട രണ്ടാം സീറ്റാണ് സീറ്റ് വിഭജനത്തിൽ യുഡിഎഫിന് മുന്നിലുള്ള ഏറ്റവും വലിയ കീറാമുട്ടി. പി ജെ ജോസഫിന്റെ താത്പര്യപ്രകാരം കോട്ടയത്തിന് പുറമേ ഇത്തവണ ഇടുക്കി സീറ്റ് കൂടി വേണമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം. ഇവർക്ക് പുറമേ കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗവും ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം സീറ്റെന്ന ആവശ്യം ലീഗും യുഡിഎഫിന് മുന്നിൽ വച്ചിരിക്കുന്നു. എല്ലാവരുടെയും വാദങ്ങൾ ന്യായമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം മുൻനിറുത്തി കോൺഗ്രസ് ആവശ്യപ്പെട്ടാൽ കേരള കോൺഗ്രസ് ജേക്കബും ലീഗും ആവശ്യത്തിൽ നിന്ന് പിന്മാറുമെന്നാണ് സൂചനകള്‍.

ഈ മാസം 26ന് കൊച്ചിയിൽ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസ് ലയനം അടഞ്ഞ അധ്യായമല്ലെന്നും ബാക്കിയായ ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായാൽ ലയനം ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പും സംഭവിക്കാമെന്ന് ജോണി നെല്ലൂർ തൊടുപുഴയിൽ പറഞ്ഞു.