Asianet News MalayalamAsianet News Malayalam

ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പുല്ലുവില; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോള്‍ കര്‍ഷകർ

തെരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് ഇവരു‍ടെ ആവശ്യം. ഇല്ലെങ്കില്‍ കൃഷി നിര്‍ത്തിവെക്കാനും കോള്‍ കര്‍ഷകസംഘം ആലോചിക്കുന്നുണ്ട്

kole farmers in thrissur will boycott loksabha election
Author
Thrissur, First Published Feb 20, 2019, 9:38 AM IST

തൃശ്ശൂ‍ർ: തൃശൂരിലെ 40,000ത്തിലധികം കോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നവരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് കോള്‍ കര്‍ഷകസംഘം. നെല്ല് സംഭരണത്തിൽ മില്ലുടമകളുടെ ചൂഷണത്തിനെതിരെ പലവട്ടം സര്‍ക്കാരിന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു

തൃശൂര്‍ ജില്ലയിലെ 30,000 ഏക്കർ കോള്‍പാടങ്ങളില്‍  പണിയെടുക്കുന്ന 40,000 ത്തിലധികം കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. നെല്ല് സംഭരണപദ്ധതി പ്രകാരം നെല്ല് സംഭരിക്കുന്നതിനായി സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന മില്ലുടമകൾ നെല്ല് ചാക്കില്‍ നിറയ്ക്കുന്നതിനും തൂക്കം നോക്കി വണ്ടിയില്‍ കയറ്റുന്നതിനും കൃതൃമായ തുക കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഒരു കിലോ അരി സംഭരിക്കുന്നതിനുളള കൂലിയായി കിലോയ്ക്ക് 37 പൈസയും വണ്ടിയിൽ കയറ്റുന്നതിന് 12 പൈസയുമാണ് മില്ലുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഈ പണം നൽകാതെ കഴിഞ്ഞ അഞ്ച് മാസമായി മില്ലുടമകള്‍  വ‌ഞ്ചിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി. പലവട്ടം സർക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചില കടുത്ത തീരുമാനങ്ങളിലാണ് കോള്‍ കര്‍ഷകര്‍.

പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് തൃശൂരിലെ കോള്‍പാടങ്ങളില്‍ ഉത്പാദിപ്പിക്കുന്നത്. സര്‍ക്കാർ ഉത്തരവ് പ്രകാരമാണ് എല്ലാം നടക്കുന്നതെന്നാണ് സപ്ലൈകോയുടെ നിലപാട്. തെരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് ഇവരു‍ടെ ആവശ്യം. ഇല്ലെങ്കില്‍ കൃഷി നിര്‍ത്തിവെക്കാനും കോള്‍ കര്‍ഷകസംഘം ആലോചിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios