ചണ്ഡിഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു. കശ്മീര്‍ പുന:സംഘടന ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയേയല്ല. സംസ്ഥാനത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കശ്മീരിനെക്കുറിച്ച് പറഞ്ഞ് ബിജെപി നടത്തുന്നതെന്നും കുമാരി സെല്‍ജ ആരോപിച്ചു.

ഹരിയാനയില്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. കുട്ടികള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുടെ തോത് വര്‍ധിക്കുകയാണ്. തൊഴിലില്ലായ്മയും യുവാക്കള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗവും വളരെ കൂടുതലാണ്. എന്നാല്‍, ഇതിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ കശ്മീരിനെക്കുറിച്ച് പറഞ്ഞ് വോട്ട് തേടുകയാണ് ബിജെപി. ഇത് അംഗീകരിക്കാനാവില്ലെന്നും കുമാരി സെല്‍ജ പറഞ്ഞു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നായിരുന്നു അധികാരത്തിലേറുമ്പോള്‍ ബിജെപി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍,  സ്വന്തം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാവതെ പ്രയാസപ്പെടുകയാണ് ഹരിയാനയിലെ കര്‍ഷകര്‍.  ഇവിടെ പല ഫാക്ടറികളും പൂട്ടിക്കഴിഞ്ഞു.

അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബിജെപി ഹരിയാനയില്‍ വോട്ടുതേടേണ്ടത്. എന്നാല്‍, ഹരിയാനയില്‍ അതല്ല അവരുടെ രീതി. കശ്മീര്‍ പുന:സംഘടനയും പൗരത്വ രജിസ്റ്ററുമൊക്കെയാണ് നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്.  ബിജെപിയുടെ പ്രചാരണം കാണുമ്പോള്‍. ഹരിയാന സര്‍ക്കാരാണ് ഇതൊക്കെ ചെയ്തതെന്ന് തോന്നും. കശ്മീരും പൗരത്വ രജിസ്റ്ററുമൊക്കെ ഹരിയാനയില്‍ പറയേണ്ട കാര്യമെന്താണെന്നും കുമാരി സെല്‍ജ ചോദിച്ചു.

Read Also: തെരഞ്ഞെടുപ്പ് ചൂടിലും കൂളായി രാഹുൽ ​ഗാന്ധി; കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന രാഹുലിന്‍റെ വീഡിയോ

ഹരിയാന കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടെന്ന വാദം കുമാരി സെല്‍ജ തള്ളി, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരെ തഴഞ്ഞെന്നാരോപിച്ച് അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.

Read Also: രാഹുലിന്‍റെ വിശ്വസ്തരെ തഴയുന്നു; യുവനേതാവ് അശോക് തന്‍വര്‍ കോണ്‍ഗ്രസ് വിട്ടു

അതേസമയം, ഹരിയാനയില്‍ 90 സീറ്റുകളില്‍ 83ലും ബിജെപി വിജയം നേടുമെന്നാണ് എബിപി ന്യൂസ് ഒപ്പീനിയന്‍ പോള്‍ പ്രവചിച്ചത്. കോണ്‍ഗ്രസിന് ഇവിടെ മൂന്ന് സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേഫലം പറയുന്നു.

Read Also: മഹാരാഷ്ട്രയിലും ഹരിയാനയിലും താമര വിരിയുമെന്ന് എബിപി ന്യൂസ് ഒപ്പീനിയൻ പോൾ