പന്ത്രണ്ട് ശതമാനം വോട്ട് ബാങ്കായ വണ്ണിയര്‍ സമുദായത്തിനിടയില്‍ നിര്‍ണായക സ്വാധീനമുള്ള പിഎംകെയെ കൈവിട്ടത് പരിഹരിക്കാന്‍ ഡിഎംഡികെയെ ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഡിഎംകെ സഖ്യം.

ചെന്നൈ: തമിഴ്നാട്ടില്‍ വിജയകാന്തിന്‍റെ ഡിഎംഡികെയെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം ചരടുവലികള്‍ ശക്തമാക്കി. കോണ്‍ഗ്രസിന് പിന്നാലെ ഡ‍ിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും നടന്‍ രജനീകാന്തും ഇന്ന് വിജയകാന്തുമായി ചർച്ച നടത്തി. ബിജെപി സഖ്യത്തിനൊപ്പം നില്‍ക്കണമെന്നാണ് പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായമെങ്കിലും ഡിഎംകെ സഖ്യത്തോടാണ് വിജയകാന്തിന് പ്രിയം.

2005-ല്‍ ഡിഎംഡികെയുടെ പാര്‍ട്ടി പ്രഖ്യാപനത്തിന് മൂന്ന് ലക്ഷത്തോളം ആളുകളാണ് മധുരയില്‍ അണിനിരന്നത്. ഒരു വര്‍ഷത്തിനകം അഭിമുഖീകരിച്ച സംസ്ഥാന തെരഞ്ഞടുപ്പില്‍ 9 ശതമാനം വോട്ട് നേടിയ പാര്‍ട്ടി ഒരു സീറ്റും സ്വന്തമാക്കി. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ 10.5 ശതമാനം വോട്ടായി ഉയര്‍ന്നു. വടക്കന്‍ തമിഴ്നാടിന്‍റെ മേഖലകളില്‍ വേരോട്ടം ശക്തമാക്കി. 2014ല്‍ 15 ശതമാനത്തോളം വോട്ട് ഉറപ്പിച്ചു.

പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ വിജയകാന്തിനെ അലട്ടാന്‍ തുടങ്ങിയതോടെ പാര്‍ട്ടിയും തളര്‍ന്നു. ഭാര്യ പ്രേമലതയുടേയും, ഭാര്യാസഹോദരന്‍റെയും നേതൃത്വത്തില്‍ നേരിട്ട കഴിഞ്ഞ സംസ്ഥാന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ട് രണ്ടരശതമാനമായി കുറഞ്ഞു. എന്നാല്‍ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം വിജയകാന്ത് മടങ്ങിഎത്തിയതോടെ ചിത്രം മാറുമെന്നാണ് ദ്രാവിഡപാര്‍ട്ടികളുടെ വിലയിരുത്തല്‍.

ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള വടക്കന്‍ മേഖലയില്‍ ഡിഎംഡികെയെ ഒപ്പം നിര്‍ത്തുന്നത് ഗുണമാകുമെന്ന് അണ്ണാഡിഎംകെ കണക്ക് കൂട്ടുന്നു. പിഎംകെയ്ക്ക് നല്‍കിയത് പോലെ ഏഴ് മണ്ഡലങ്ങളും രാജ്യസഭാ സീറ്റുമെന്ന ആവശ്യം ഉയര്‍ത്തിയതോടെ സഖ്യസാധ്യത മങ്ങിയിരിക്കുകയാണ്. രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കാനും വിജയകാന്ത് തയ്യാറല്ല. പന്ത്രണ്ട് ശതമാനം വോട്ട് ബാങ്ക് ഉറപ്പാക്കുന്ന വണ്ണിയര്‍ സമുദായത്തിനിടയില്‍ നിര്‍ണായക സ്വാധീനമുള്ള പിഎംകെയെ കൈവിട്ടത് പരിഹരിക്കാന്‍ ഡിഎംഡികെ ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഡിഎംകെ സഖ്യം.