വിജയവാഡ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഒരു ധാരണയ്ക്കുമില്ലെന്ന് വൈഎസ്ആർ കോൺഗ്രസ്. ആന്ധ്രയിലും ദില്ലിയിലും പോരാട്ടം ഒറ്റയ്ക്കായിരിക്കുമെന്ന് എം പിയും മുതിർന്ന നേതാവുമായ വരപ്രസാദ റാവു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം പ്രചാരണറാലികളിൽ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ മൗനം തുടരുകയാണ് പാർട്ടി അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി.

ആന്ധ്രപ്രദേശിൽ നരേന്ദ്രമോദിയും ബിജെപിയും ഉന്നമിടുന്നത് ചന്ദ്രബാബു നായിഡുവിനെതിരായ കടന്നാക്രമണമാണ്. എന്നാല്‍ ജഗൻമോഹൻ റെഡ്ഡിക്കെതിരെ തന്ത്രപരമായ മൗനം പാലിക്കുകയാണ് ബിജെപി. നിലപാട് വ്യക്തമാക്കാത്ത ജഗൻ, തെരഞ്ഞെടുപ്പിന് ശേഷമെങ്കിലും ഒപ്പം വരുമെന്ന് ബിജെപിക്ക് പ്രതീക്ഷയുണ്ട്. തെക്ക് നിന്ന് കുറയുന്ന സീറ്റ് ചന്ദ്രശേഖര റാവുവിന്‍റെയും ജഗന്‍റെയും പിന്തുണയിൽ പരിഹരിക്കാമെന്നും ബിജെപി കരുതുന്നു.

മമതാ ബാനർജിക്കെതിരായ സിബിഐ നടപടിയിലടക്കം ബിജെപിക്കെതിരെ മൗനം പാലിക്കുന്ന ജഗൻ കെസിആറുമായി കൈ കോർക്കുകയും ചെയ്തു. വൈഎസ്ആർ പാർട്ടിയുടെ ബിജെപി ചായ്‍വ് ആന്ധ്രയിലിപ്പോൾ പ്രചാരണവിഷയമാണ്. ഇതിനിടയിലാണ് വൈഎസ്ആർ കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നത്..

''ലോക്സഭയിൽ ബിജെപിക്കെതിരെ ആദ്യം പ്രതിഷേധിച്ച പാർട്ടി ഞങ്ങളാണ്. പ്രത്യേക പദവി വിഷയത്തിൽ 5 എംപിമാർ രാജിവെക്കാൻ തയ്യാറായി.  അവരുമായി സഖ്യമുണ്ടാക്കുമെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊളളാൻ ബിജെപി ആദ്യം തയ്യാറാകണം'' - വരപ്രസാദ റാവു പറഞ്ഞു.

ആന്ധ്രയിൽ 12 ശതമാനത്തോളം വരുന്ന ന്യൂനപക്ഷവോട്ടുകൾ നഷ്ടമാവാതിരിക്കാൻ കൂടിയാണ് വൈഎസ്ആർ കോൺഗ്രസിന്‍റെ അടവുനയം.  പ്രത്യേക പദവി നൽകുന്നതിലടക്കം ആന്ധ്രയെ വഞ്ചിച്ചയാളാണ് മോദിയെന്ന വികാരം ടിഡിപി ഉയർത്തുന്നതും മറ്റൊരു കാരണമാണ്. അതേ സമയം പ്രചാരണ റാലികളിൽ ചന്ദ്രബാബു നായിഡുവിനെതിരെ മാത്രമാണ് ജഗൻ മോഹൻ റെഡ്ഡി ആഞ്ഞടിക്കുന്നത്. ജഗൻ - ബിജെപി രഹസ്യബാന്ധവം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ടിഡിപിയുടെ ആലോചന.