തൊടുപുഴ: സീറ്റിന്‍റെ പേരിൽ യുഡിഎഫിൽ തർക്കങ്ങൾ ഉണ്ടാകില്ലെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പ് കെഎം മാണിയെ കാണാൻ ശ്രമിക്കുമെന്നും യുഡിഎഫ് സെക്രട്ടറി പറഞ്ഞു. കൂടുതൽ സീറ്റ് ചോദിക്കാൻ ഘടകകക്ഷികൾക്ക് അവകാശമുണ്ടെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് എമ്മിന് രണ്ട് സീറ്റ് നൽകാനാവില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യം പ്രായോഗികമല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞിരുന്നു. രണ്ട് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനുള്ള എല്ലാ അവകാശവും കേരളാ കോൺഗ്രസിനുണ്ടെന്നും എന്നാൽ, നിലവിലെ സാഹചര്യത്തിൽ അവരുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ബെന്നി ബെഹ്‍നാന്‍റെ പ്രസ്താവന. നാളെ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം കേരള കോൺഗ്രസിനെ അറിയിക്കുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞിരുന്നു.  

എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പാർട്ടി ചെയർമാൻ പി ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ ഒന്നുകൂടി വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.