പാലക്കാട്: കേരളത്തിൽ ബിജെപി പ്രവർത്തനം തുടങ്ങിയത് മുതൽ കമ്യൂണിസ്റ്റ് പാർടി അക്രമം അഴിച്ചുവിടുന്നുവെന്നും നൂറു കണക്കിന് പേർ ബലിദാനികളായിയെന്നും  ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തുമെന്നും കേരളത്തിൽ നിന്നും എംപിമാർ ഉണ്ടാകണമെന്നും അമിത് ഷാ പാലക്കാട് പറഞ്ഞു. 

മഹാ സഖ്യം രാജ്യത്തിന് നല്ലതല്ല. മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ലെന്നും അധികാരത്തിനായി അഴിമതിക്കാരുടെ കൂട്ടുകെട്ടാണ് മഹാ സഖ്യമെന്നും അമിത് ഷാ ആരോപിച്ചു. കേരളത്തിൽ ബിജെപിക് അവസരം തന്നാൽ മികച്ച സംസ്ഥാനമാക്കാമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ ഇരുമുന്നണികളും ഭായ്- ഭായ് കൂട്ടുകെട്ടാണെന്നും അമിത് ഷാ ആരോപിച്ചു. 

10 വർഷം ഭരിച്ച യുപിഎ സർക്കാർ കേരളത്തിന് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്നും കേരളത്തിന് ബിജെപി നൽകിയത് എന്‍ഡിഎ നൽകിയതിനേക്കാൾ നാലിരട്ടിയാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ വിശ്വാസികളെ സംസ്ഥാന സർക്കാർ വഞ്ചിച്ചു. ശബരിമല വിഷയത്തില്‍ കോടതി വിധിയുടെ പേരിൽ കേരള ജനതയെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയിൽ പൊലീസ് വേഷത്തിൽ ഡിവൈഎഫ്ഐ ഗുണ്ടകളെ വിന്യസിച്ചു. ബംഗാളിന്റെയും ത്രിപുരയുടേയും അവസ്ഥയിലേക്കാണ് കേരളത്തെ സിപിഎം എത്തക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.