അനുമോള്‍ ടൈറ്റില്‍ വിന്നര്‍ ആയ സീസണ്‍ 7 ല്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച മത്സരാര്‍ഥി ആര്?

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ന് ​ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്നലെയാണ് പരിസമാപ്തിയായത്. അനുമോള്‍ ആണ് സീസണ്‍ 7 ടൈറ്റില്‍ വിജയി. ബി​ഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ വിജയിയുമാണ് അനുമോള്‍. ഏഴിന്‍റെ പണി എന്ന ടാ​ഗ് ലൈനോടെ എത്തിയ ഏഴാം സീസണ്‍ മുന്‍ സീസണുകളില്‍ നിന്ന് വേറിട്ട് പല പ്രത്യേകതകളും ഉള്ളതായിരുന്നു. സീസണ്‍ പകുതി ആവുമ്പോഴേക്കും ഒരു മത്സരാര്‍ഥി ജനപ്രീതിയില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലെത്തുന്ന പതിവിന് ഇക്കുറി മാറ്റം ഉണ്ടായിരുന്നു. ഫിനാലെയോട് അടുക്കുമ്പോള്‍പ്പോളും ആരാവും വിജയിയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. മത്സരാര്‍ഥികളുടെ ജനപ്രീതി ബി​ഗ് ബോസില്‍ എപ്പോഴും അളക്കുന്നത് വോട്ടിം​ഗിലൂടെയാണ്. അതത് നോമിനേഷന്‍ ലിസ്റ്റുകളില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ചവരാണ് പലപ്പോഴായി പുറത്തായവരെല്ലാം. എന്നാല്‍ 14 വാരങ്ങളിലായി അവസാനിച്ച ബി​ഗ് ബോസ് സീസണ്‍ 7 ല്‍ എല്ലാ നോമിനേഷന്‍ ലിസ്റ്റുകളില്‍ നിന്നുമായി ഏറ്റവും കുറവ് വോട്ട് ലഭിച്ച മത്സരാര്‍ഥി ആരാണ്?

ഓരോ നോമിനേഷന്‍ ലിസ്റ്റിന്‍റെയും വോട്ടിം​ഗ് റിസല്‍ട്ട് വരുമ്പോള്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച ഒന്നോ അതിലധികമോ മത്സരാര്‍ഥികളെ എവിക്റ്റ് ചെയ്യും എന്നല്ലാതെ ഷോ പുരോ​ഗമിക്കുന്ന സമയത്ത് വോട്ടിം​ഗ് കണക്കുകള്‍ ബി​ഗ് ബോസ് പുറത്തുവിടാറില്ല. ​ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ ഒന്നിച്ചാണ് 14 ആഴ്ചകളിലെയും വോട്ടിം​ഗ് കണക്കുകള്‍ പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും മുന്നില്‍ അവതരിപ്പിക്കാറ്. ഇന്നലത്തെ ഫിനാലെ വേദിയിലും ഈ കണക്കുകള്‍ അവതരിപ്പിച്ചിരുന്നു. ലഭിച്ച വോട്ടുകളുടെ എണ്ണമല്ല, മറിച്ച് ശതമാനമാണ് ബി​ഗ് ബോസ് അവതരിപ്പിക്കാറ്. ഇതനുസരിച്ച് ഈ സീസണില്‍ ഏറ്റവും കുറവ് നോമിനേഷന്‍ ലഭിച്ച മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് നോക്കാം.

മസ്താനിയാണ് ഈ സീസണില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച മത്സരാര്‍ഥി. ഒരു ശതമാനത്തിലും താഴെയാണ് മസ്താനിക്ക് ലഭിച്ച വോട്ട്. 0.9 ശതമാനം. പ്രവീണ്‍ ആണ് ഏറ്റവും കുറവ് വോട്ട് ലഭിച്ച വോട്ട് ലഭിച്ച രണ്ടാമത്തെ മത്സരാര്‍ഥി (1 ശതമാനം). ലക്ഷ്മി (1.2), ശൈത്യ (1.2), ജിഷിന്‍ (1.3), അപ്പാനി ശരത്ത് (1.5), മുന്‍ഷി രഞ്ജിത്ത് (1.6), ഒനീല്‍ (1.6), സാബുമാന്‍ (1.9), അഭിലാഷ് (1.9) എന്നിങ്ങനെയാണ് കുറവ് വോട്ട് ലഭിച്ച മറ്റ് മത്സരാര്‍ഥികളുടെ വോട്ടിം​ഗ് ശതമാനം. ഇതില്‍ പല മത്സരാര്‍ഥികളും ഒന്നിലധികം തവണ നോമിനേഷനില്‍ വന്നവരാണ്. ഒന്നിലധികം തവണ വന്നവരില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച ആഴ്ചയിലെ കണക്കാണ് ഇത്. ഉദാഹരണത്തിന് എട്ടാം ആഴ്ച 1.0 ശതമാനം വോട്ട് മാത്രം ലഭിച്ച അഭിലാഷിന് നാലാം വാരം 14.7 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. അതേസമയം ഒരേയൊരു തവണ നോമിനേഷനില്‍ വന്ന് എവിക്റ്റ് ആയ ആളുകളുമുണ്ട്. മുന്‍ഷി രഞ്ജിത്തും മസ്താനിയുമൊക്കെ അക്കൂട്ടത്തില്‍ പെട്ടവരാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്