ബിഗ് ബോസ് ഷോയുടെ ആദ്യ സീസൺ മുതൽ തന്നെ ക്ഷണിക്കുന്നുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. കുടുംബത്തെ പിരിഞ്ഞ് നിൽക്കാനും ജീവിതം വെച്ച് റിസ്ക് എടുക്കാനും താല്പര്യമില്ലാത്തതുകൊണ്ടാണ് ഇതുവരെ പങ്കെടുക്കാത്തതെന്ന് അവർ പറഞ്ഞു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ മലയാളത്തിന്റെ സീസൺ 7 ആണ് കഴിഞ്ഞു പോയത്. തിരുവനന്തപുരം സ്വദേശിനിയും ആർട്ടിസ്റ്റുമായ അനുമോൾ ആയിരുന്നു വിന്നറായത്. നിലവിൽ സീസൺ 8മായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയില്‍ നടക്കുകയാണ്. തതവസരത്തിൽ ബിഗ് ബോസ് ഷോയെ കുറിച്ച് നടി പ്രിയങ്ക അനൂപ് മുൻപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ആദ്യ സീസൺ മുതലേ ബിഗ് ബോസ് ക്രൂ തന്നെ വിളിക്കുന്നുണ്ടെന്നും ലൈഫ് വച്ച് റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തതിനാൽ പോയില്ലെന്നും പ്രിയങ്ക അനൂപ് പറഞ്ഞിരുന്നു. ഭാവിയിൽ ചിലപ്പോൾ നല്ല ഓഫറാണെങ്കിൽ ഷോയിൽ പോയെന്ന് വരാമെന്നും അവർ പറയുന്നുണ്ട്.
"ബിഗ് ബോസിൽ ഞാൻ പോകില്ല. ആദ്യം മുതൽ ബിഗ് ബോസ് ക്രൂ എന്നെ വിളിക്കുന്നതാണ്. ഫാമിലിയായിട്ടൊക്കെ ജീവിക്കുന്നൊരാളാണ് ഞാൻ. അതിനകത്ത് പോയി, ഓരോ കാര്യങ്ങളൊക്കെ വിളിച്ച് പറഞ്ഞ്, അടിയുണ്ടാക്കി, ബഹളമുണ്ടാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്നത് ഉറപ്പാ. എന്റെ കോൺഫിഡൻസ് ലെവലാണത്. പക്ഷേ റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല. ലൈഫിന് റിസ്ക് എടുക്കാം. ഇതിന് വേണ്ട. ലൈഫ് പോകുമെന്ന പേടി കൊണ്ടുതന്നെയാണ് ബിഗ് ബോസിൽ പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം. അതിൽ ഞാൻ റിസ്ക് എടുക്കില്ല. വീട്ടുകാരെ പിരിഞ്ഞ് അതിനകത്ത് നിൽക്കണ്ടേ. എനിക്കതിന് സാധിക്കില്ല. ഭാവിയിൽ ചിലപ്പോൾ ബിഗ് ബോസിൽ വരാം. അതൊന്നും പറയാൻ പറ്റില്ല", എന്നായിരുന്നു പ്രിയങ്ക അനൂപിന്റെ വാക്കുകൾ.
അതേസമയം, സമീപകാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് പ്രിയങ്ക അനൂപ്. പുരുഷന്മാരെ അനുകൂലിച്ചു കൊണ്ടുള്ള പല പ്രസ്താവനകളും പ്രിയങ്ക നടത്തുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.



