ബിഗ് ബോസിലെ അഞ്ച് വൈല്‍ഡ് കാര്‍ഡുകളില്‍ ഒരാളാണ് ജിഷിന്‍ മോഹന്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് പുരോഗമിച്ചു വരികയാണ്. ഇതിനിടെ, വൈല്‍ഡ് കാര്‍ഡ് എൻട്രികളും ഹൗസിലേക്ക് എത്തി കഴിഞ്ഞു. മലയാളികള്‍ക്ക് സുപരിചിതനായ സീരിയല്‍ താരം ജിഷിൻ മോഹനാണ് വൈല്‍ഡ് കാര്‍ഡ് എൻട്രികളില്‍ ഒരാള്‍. പുറത്ത് നിന്ന് കളി കണ്ട ആള്‍ എന്ന നിലയില്‍ ബിഗ് ബോസില്‍ നിര്‍ണായക മത്സരാര്‍ഥിയാകാൻ ജിഷിൻ മോഹന് സാധിക്കും എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ഇപ്പോഴിതാ ജിഷിന്റെ ബിഗ്ബോസ് എൻട്രിക്കു ശേഷം താരത്തിന്റെ പ്രിയതമയും നടിയുമായ അമേയ നായർ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.

''നീ ഒരുപാട് ആഗ്രഹിച്ച സ്ഥലത്താണ് ഇപ്പോൾ എത്തിനിൽക്കുന്നത്. അതിൽ എനിക്ക് അഭിമാനം തോന്നുന്നു. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഞാൻ നിന്നോടൊപ്പം ഉണ്ടാകും. സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച് നീ പറന്നു കഴിഞ്ഞു. ലക്ഷ്യസ്ഥാനത്ത് നീ എത്തുന്നതും കാത്ത് ഞാനിരിക്കുകയാണ്. നിന്നെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു'', എന്നാണ് ജിഷിനൊപ്പമുള്ള ചിത്രത്തോടൊപ്പം അമേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View post on Instagram

മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജിഷിൻ മോഹൻ. പലപ്പോഴും പല തുറന്നു പറച്ചിലുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും താരം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകൾ നടത്തിയും ജിഷിൻ വാർത്താ കോളങ്ങളിൽ ഇടം പിടിച്ചു. നടി വരദയുമായുള്ള വിവാഹമോചനം മുതൽ നടി അമേയ നായർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വരെ ജിഷിൻ തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തിനു ശേഷം താൻ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിന്‍ പറഞ്ഞിരുന്നു. തങ്ങൾ എൻഗേജ്ഡ് ആയി എന്ന വിവരവും കഴിഞ്ഞ പ്രണയദിനത്തിൽ ഇരുവരും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്