ബിഗ് ബോസ് മലയാളം സീസൺ 7ൽ അനീഷ്, സഹമത്സരാർത്ഥിയായ അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ അനുമോൾ, അനീഷിനെ സഹോദരനായാണ് കാണുന്നതെന്ന് കുടുംബം പ്രതികരിച്ചു.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ലാപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള എട്ട് മത്സരാർത്ഥികളിൽ ഏറ്റവും ജനശ്രദ്ധനേടിയ രണ്ടുപേരാണ് അനുമോളും അനീഷും. ഇന്ന് അനുമോളെ അനീഷ് പ്രപ്പോസ് ചെയ്തത് വലിയ തോതിൽ ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. തതവസരത്തിൽ അനുവിനെയും അനീഷിനെയും കുറിച്ച് അനുമോളുടെ വീട്ടുകാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഒരു ഓൺലൈൻ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം. അനുമോളും അനീഷും തമ്മിൽ ലവ് ട്രാക്കാണോ എന്ന ചോദ്യത്തിന്, "അവൾ അനീഷിനെ സഹോദരനെ പോലെയാണ് കാണുന്നത്. പുറത്ത് അത് വേറൊരു രീതിയിലേക്ക് പോകുന്നതാണ്. ഭയങ്കര കെയറിംഗ് ആയൊരാളാണ് അനു. അനീഷിനെ ഇതുവരെ ചേട്ട എന്നല്ലാതെ വേറൊന്നും അവൾ വിളിച്ചിട്ടില്ല. എടോ, പോടോ എന്നൊന്നും. അനുവിനെ ഞങ്ങൾക്ക് നല്ലോണം അറിയാം. അവൾക്ക് എങ്ങനെ ഉള്ള ആളെയാണ് ഇഷ്ടാവുക എന്നൊക്കെ. അനീഷിന് കുഴപ്പമുണ്ടെന്നല്ല. പക്ഷേ അനുവിന്റെ കാര്യം നമുക്ക് അറിയാവുന്നതാണല്ലോ. അതുകൊണ്ട് തന്നെ പറയുവാണ്, അനീഷിനെ സഹോദരനെ പോലയെ അവൾ കണ്ടിട്ടുമുള്ളൂ", എന്നായിരുന്നു സഹോദരിമാരുടെ മറുപടി. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിനോട് ആയിരുന്നു ഇവരുടെ പ്രതികരണം.
അതേസമയം, ബിഗ് ബോസ് ടീം പുറത്തുവിട്ട പ്രമോ വീഡിയോ ഏറെ വൈറലായി കഴിഞ്ഞു. തന്നെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് അനുവിനോട് ചോദിക്കുന്നതും ശേഷം നമുക്ക് വിവാഹം കഴിച്ചാലോ എന്ന് അനീഷ് ചോദിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു. ലൈവിൽ ഇതിന് അനുമോൾ മറുപടിയും നൽകിയതും സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിക്ക് കുറേ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതൊന്നും ഇപ്പോഴൊന്നും നടക്കില്ലെന്നുമെല്ലാം അനു പറയുന്നുണ്ട്. അനുവിന്റെ മറുപടി കേട്ട് വിഷമിച്ച് അനീഷ് എഴുന്നേറ്റ് പോകുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇന്നത്തെ ജയിൽ നോമിനേഷനിൽ അനുമോളെയാണ് അനീഷ് നോമിനേറ്റ് ചെയ്തത്.



