ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായ അനീഷ്, അനുമോളോട് നടത്തിയ വിവാഹാഭ്യർത്ഥന വലിയ ചർച്ചയായി. അവതാരകൻ മോഹൻലാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അനീഷിനെ ആ രീതിയിൽ കണ്ടിട്ടില്ലെന്ന് അനുമോൾ മറുപടി നൽകി.
ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ കഴിഞ്ഞ ആഴ്ച നടന്ന ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച അനീഷ്, അനുമോളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതാണ്. ഷോയ്ക്ക് അകത്തും പുറത്തും വലിയ രീതിയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നിതാ മോഹന്‍ലാലും ഇക്കാര്യം അനീഷിനോടും അനുമോളോടും ചോദിച്ചിരിക്കുകയാണ്. 'ഒരു പ്രണയമണം തോന്നുന്നുണ്ടോ അനീഷ്', എന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ തുടങ്ങിയത്.
പിന്നാലെ അനുമോളെ പ്രപ്പോസ് ചെയ്യുന്ന അനീഷിന്‍റെ വീഡിയോ മോഹന്‍ലാല്‍ ഹൗസിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ അവസരത്തിലാണ് ഇങ്ങനെ ഒരു കാര്യം നടന്നതായി അക്ബര്‍, സാബുമാന്‍, നെവിന്‍ എന്നിവര്‍ അറിയുന്നത്. പ്രാങ്ക് ആണോ എന്നും അനീഷിനോട് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. 'അല്ല. അങ്ങനെ ഒരു ഫീൽ തോന്നി. അത് പറഞ്ഞു', എന്നായിരുന്നു അനീഷിന്‍റെ മറുപടി.
'ഒരു കാര്യം തോന്നി. അതൊരാളോട് പറയുന്നതിൽ എന്താ തെറ്റ്. എന്റെ പ്രണയം നിനക്ക് നിഷേധിക്കാൻ പറ്റില്ലെന്നാണ്. വേണമെങ്കിൽ സ്വീകരിച്ചാൽ മതി. പക്ഷേ നിഷേധിക്കുന്നത് എന്തിനാണ്. ജീവിതത്തിൽ പ്രണയിക്കാത്ത ആൾ മണ്ടനെന്നാണ് പറയുന്നത്. പ്രേമം, അനുകമ്പ, സ്നേഹം, പ്രണയം എന്താണ് അങ്ങയുടെ മനസിൽ തോന്നിയത്', എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍, 'ലാലേട്ടൻ പറഞ്ഞ എല്ലാ വികാരങ്ങളുമാണ് എനിക്ക് തോന്നിയത്. അത് ഞാൻ തുറന്നു പറഞ്ഞു', എന്നാണ് അനീഷ് പറഞ്ഞത്.
പിന്നാലെ 'ഗുരുവായൂരമ്പല നടയിൽ ഒരുദിവസം ഞാൻ വരേണ്ടി വരോ' എന്നാണ് അനുമോളോട് മോഹൻലാൽ ചോദിക്കുന്നത്. 'ഉറപ്പായും വരണം ലാലേട്ടാ. രണ്ട് വർഷത്തിനകത്തെ ഉള്ളൂ' എന്നായിരുന്നു അനുവിന്റെ മറുപടി. അനീഷ് പറഞ്ഞപ്പോള്‍ എന്ത് തോന്നി എന്ന് ചോദിച്ചപ്പോള്‍, 'എനിക്ക് സന്തോഷം തോന്നി. ഒരാള് നമ്മളെ ഇഷ്ടമാണെന്ന് പറയുന്നത് സന്തോഷമുള്ള കാര്യമല്ലേ. വെറുതെ ഒരാളത് പറയില്ലല്ലോ. അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് തുറന്നു പറയുന്നത്. അനീഷേട്ടൻ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല. കുറേ വർഷങ്ങൾക്ക് ശേഷമാണ് ഒരാള് മുഖത്ത് നോക്കി ഇങ്ങനെ പറയുന്നത്. എന്നെ പ്രാങ്ക് ചെയ്യുകയാണെന്നാണ് വിചാരിച്ചത്. ഞാൻ സംസാരിക്കാൻ പലപ്പോഴും പോയി. പക്ഷേ പുള്ളിക്ക് താല്പര്യമില്ല. എനിക്ക് പുള്ളിയോട് സ്നേഹമുണ്ട്. പക്ഷേ അത് കല്യാണം കഴിക്കുന്നതല്ല. അനീഷേട്ടനെ ആ രീതിയിൽ ഞാൻ കണ്ടിട്ടുമില്ല. ഫ്രണ്ട് എന്ന രീതിയിലുള്ള സ്നേഹമുണ്ട്', എന്ന് അനുമോള്‍ വ്യക്തമായി മറുപടിയും നല്‍കി.
മറുപടി കിട്ടാതായപ്പോൾ കുറച്ച് ദേഷ്യത്തോടെ എഴുന്നേറ്റ് പോകുന്നത് കണ്ടുവെന്ന് അനീഷിനോട് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. 'അങ്ങനെ എപ്പോഴും ദേഷ്യപ്പെടാൻ പാടില്ല. നമ്മൾ എപ്പോഴും അപ്പുറത്ത് നിൽക്കുന്ന ആളുടെ ആംഗിൾ കൂടി ചിന്തിക്കണം. പ്രത്യേകിച്ച് ഒരു സ്ത്രീയോടാണ് കാര്യങ്ങൾ ചോദിക്കുന്നത്. അവർക്ക് ഒരുപാട് കാര്യങ്ങൾ ആലോചിച്ചിട്ടല്ലേ യെസ് എന്നോ നോ എന്നോ പറയാൻ പറ്റുള്ളൂ. ഇതൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണ്', എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
ഇതിനിടയില്‍ 'രണ്ടുപേരും മാച്ചാണ്. ഒരിക്കലും തെറ്റ് അംഗീകരിക്കാത്തവരാണ്. എങ്ങനെയോ പടച്ചോൻ കറക്ടായി ഒന്നിപ്പിച്ചു. ഇനി അനുവിന്റെ കയ്യിലാണ് എല്ലാം. യുക്തിപൂർവ്വം ആലോചിച്ച് ഓക്കെ പറയ്. എല്ലാം സെറ്റാവും', എന്നായിരുന്നു അക്ബർ പറഞ്ഞത്. പിന്നാലെ കേരളപിറവിയോട് അനുബന്ധിച്ച് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് കേക്ക് സമ്മാനമായി കൊടുക്കുകയും ചെയ്തു. പിന്നാലെ, ഇങ്ങനെ ആണെങ്കിൽ ഇവിടെന്ന് ഇറങ്ങി കഴിഞ്ഞാൽ ഒരു ആലോചന പോലും എനിക്ക് വരില്ലെന്ന് ആദിലയോടായി അനുമോൾ പറയുന്നുണ്ടായിരുന്നു.



