ഏറ്റവുമാദ്യം ധന്യയെ അവതരിപ്പിച്ച ദില്‍ഷ പിന്നീട് റോണ്‍സണെയും ഏറ്റവുമൊടുവിലായി റിയാസിനെയും അവതരിപ്പിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ഇതുവരെ അരങ്ങേറിയ വീക്കിലി ടാസ്‍കുകളില്‍ ഏറ്റവും കൌതുകമുണര്‍ത്തുന്ന ഒന്നായിരുന്നു ഇന്നത്തേത്. ആള്‍മാറാട്ടം എന്നു പേരിട്ടിരുന്ന ടാസ്കില്‍ ഒരു മത്സരാര്‍ഥി രൂപഭാവങ്ങളിലും പെരുമാറ്റത്തിലും മറ്റൊരു മത്സരാര്‍ഥിയായി മാറുകയാണ് വേണ്ടിയിരുന്നത്. ഇതിനായി ഓരോരുത്തരം തങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ ആഗ്രഹമുള്ള രണ്ടുപേരുടെ പേരുകള്‍ ബിഗ് ബോസിനെ അറിയിക്കണമായിരുന്നു. ഇതില്‍ നിന്ന് ഓഡിഷനിലൂടെ ബിഗ് ബോസ് ഓരോരുത്തരുടെയും റോളുകള്‍ നിശ്ചയിക്കുകയായിരുന്നു. അതേസമയം ഇടയ്ക്ക് റോളുകള്‍ മാറാനും ബിഗ് ബോസ് അവസരം നല്‍കിയിരുന്നു. ഓരോ തവണ സൈറണ്‍ മുഴങ്ങുമ്പോഴും ഒരാള്‍ക്ക് മാത്രമായിരുന്നു ഇത്. സൈറണ്‍ മുഴങ്ങുന്ന സമയത്ത് ആദ്യം ഓടിയെത്തി ഗാര്‍ഡന്‍ ഏരിയയില്‍ വച്ചിരിക്കുന്ന ബസര്‍ അമര്‍ത്തുന്നവര്‍ക്കായിരുന്നു അതിനുള്ള അവസരം. ഇതുപ്രകാരം ആദ്യ രണ്ട് തവണയും അവസരം നേടിയത് ദില്‍ഷയായിരുന്നു.

ഏറ്റവുമാദ്യം ധന്യയെ അവതരിപ്പിച്ച ദില്‍ഷ പിന്നീട് റോണ്‍സണെയും ഏറ്റവുമൊടുവിലായി റിയാസിനെയും അവതരിപ്പിച്ചു. ധന്യയായി അഭിനയിച്ചപ്പോള്‍ വസ്ത്രധാരണത്തില്‍ താനുമായുള്ള സമാനത കൊണ്ട് വലിയ പ്രകടനം നടത്താനായില്ല ദില്‍ഷയ്ക്ക്. എന്നാല്‍ റോണ്‍സണായും റിയാസ് ആയും എത്തിയപ്പോള്‍ ദില്‍ഷ നന്നായി അഭിനയിച്ചു. അതേസമയം ഓരോ തവണ കഥാപാത്രത്തെ മാറ്റുമ്പോഴും മത്സരാര്‍ഥിക്ക് ഓരോ പോയിന്‍റ് നല്‍കുമെന്ന് ബി​ഗ് ബോസ് അറിയിച്ചിരുന്നു. ഇതുപ്രകാരം വിലപ്പെട്ട രണ്ട് പോയിന്‍റുകളാണ് ദില്‍ഷ ഇന്ന് സ്വന്തമാക്കിയത്.

ALSO READ : വംശി പൈഡിപ്പള്ളിയുടെ വിജയ് ചിത്രത്തിന് പേരായി, ഫസ്റ്റ് ലുക്ക് എത്തി

അതേസമയം ഏറെ പ്രാധാന്യമുള്ള വീക്കിലി ടാസ്ക് ആണ് ഇത്തവണത്തേത്. കാരണം ഈ സീസണിലെ ഏറ്റവുമൊടുവിലെ ക്യാപ്റ്റന്‍സി ടാസ്കിലേക്ക് തെരഞ്ഞെടുക്കപ്പെടുക ഈ ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മൂന്നുപേര്‍ ആവുമെന്ന് ബി​ഗ് ബോസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ബി​ഗ് ബോസ് ഒരു ആഡംബര അത്താഴവും നല്‍കും.