ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയ്ക്ക് നാല് ദിവസം മാത്രം ശേഷിക്കെ, ഒരു പ്രധാന വിജയിയെ പ്രഖ്യാപിച്ച് ബിഗ് ബോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം. ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ. സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്ന സൗഹൃദ നിമിഷങ്ങളായിരുന്നു കഴിഞ്ഞ വാരം ഹൗസില്‍ ഉണ്ടായിരുന്നതെങ്കില്‍ ഈ ഫിനാലെ വീക്ക് അങ്ങനെയല്ല. ഫിനാലെയുടെ മുന്നോടിയായി ഈ സീസണില്‍ ഇതുവരെ എവിക്റ്റ് ആയ മത്സരാര്‍ഥികളുടെ ഹൗസിലേക്കുള്ള കടന്നുവരവ് ആയിരുന്നു ഈ ആഴ്ചയിലെ ഹൈലൈറ്റ്. മുന്‍ സീസണുകളിലൊക്കെ അത് സൗഹൃദ നിമിഷങ്ങളുടെ മനോഹരമായ പങ്കുവെക്കല്‍ ആയിരുന്നെങ്കില്‍ ഇക്കുറി അത് വലിയ അഭിപ്രായവ്യത്യാസങ്ങളുടേതും തര്‍ക്കങ്ങളുടേതും ആയിരുന്നു. അതേസമയം ഒരു വലിയ വിജയിയുടെ പ്രഖ്യാപനവും ഹൗസില്‍ ഇന്ന് ഉണ്ടായി.

സീസണ്‍ 7 ന്‍റെ സ്പോണ്‍സര്‍മാരില്‍ ഒരാളായ റീഗല്‍ ജ്വല്ലറിയുടെ വക ഒരു ഡയമണ്ട് നെക്ലേസ് ഈ സീസണിലെ സമ്മാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. സീസണിന്‍റെ തുടക്കം മുതല്‍ നടത്തിയ വിവിധ ടാസ്കുകളിലൂടെ നേടുന്ന പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഫിനാലെ വേദിയില്‍ വച്ചാവും നെക്ലേസ് സമ്മാനിക്കുകയെന്ന് ബിഗ് ബോസ് നേരത്തെ അറിയിച്ചിരുന്നു. ഗെയിമുകളും ടാസ്കുകളുമെല്ലാം കഴിഞ്ഞ്, എല്ലാവരും തിരികെ എത്തിയ സാഹചര്യത്തില്‍ ബിഗ് ബോസ് ഇന്ന് ആ വിജയിയെ പ്രഖ്യാപിച്ചു. ആര്യനാണ് ആ വിജയി. ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെ വേദിയില്‍ വച്ച് ആര്യന് ഈ സമ്മാനം നല്‍കും.

നാല് പോയിന്‍റുകളാണ് നെക്ലേസിനായുള്ള മത്സരത്തില്‍ ആര്യന് ലഭിച്ചത്. മൂന്ന് പോയിന്‍റുകളുമായി അക്ബര്‍ തൊട്ട് പിന്നില്‍ ഫിനിഷ് ചെയ്തു. അഞ്ച് പേര്‍ക്ക് 2 പോയിന്‍റുകള്‍ വീതവും ഏഴ് പേര്‍ക്ക് ഓരോ പോയിന്‍റുകളും പോയിന്‍റ് ടേബിളില്‍ ഉണ്ട്. ബിന്നി, ജിസേല്‍, ഒനീല്‍, നൂറ, ആദില എന്നിവരാണ് രണ്ട് പോയിന്‍റുകള്‍ വീതം നേടിയത്. അഭിലാഷ്, ജിഷിന്‍, ലക്ഷ്മി, അനുമോള്‍, നെവിന്‍, റെന ഫാത്തിമ, സാബുമാന്‍ എന്നിവര്‍ക്ക് ഓരോ പോയിന്‍റ് വീതവും.

അതേസമയം മുന്‍ മത്സരാര്‍ഥികളുടെ കടന്നുവരവോടെ സംഘര്‍ഷഭരിതമായി മാറിയ ഹൗസില്‍ നിലവിലെ ഫൈനല്‍ 7 മത്സരാര്‍ഥികളും വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയി. ഇന്നത്തെ എപ്പിസോഡില്‍ അവരെ വീണ്ടും ഊര്‍ജ്ജസ്വലരാക്കുവാന്‍ ബിഗ് ബോസ് ശ്രമിച്ചിരുന്നു. ഫിനാലെ അടുക്കുന്ന കാര്യവും നിങ്ങള്‍ ഫൈനല്‍ 7 ആണന്നും അവരെ ഓര്‍മ്മിപ്പിക്കുകയായിരുന്നു ബിഗ് ബോസ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്