പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നടന്‍ എന്ന ഒറ്റ വാക്കിലാണ് ഗബ്രി ജോസ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. അഭിനയകലയോട് അത്രയും അഭിനിവേശമുണ്ട് അയാള്‍ക്ക്. കമലിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് ഈ വേറിട്ട പേരുകാരന്‍ സിനിമാ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ അരങ്ങേറ്റത്തിന് മുന്‍പ് കാര്യമായ അഭിനയ പഠനം അദ്ദേഹം നടത്തിയിരുന്നു. ബോളിവുഡ് താരം അനുപം ഖേര്‍ ആണ് ഗബ്രി ജോസിന്‍റെ അഭിനയമേഖലയിലെ ഗുരു.

അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. ഹോളി ഗ്രേസ് അക്കാദമി ഓഫ് എന്‍ജിനീയറിംഗില്‍ നിന്നാണ് ബിരുദം നേടിയത്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടലില്‍ അജ്മല്‍ എന്ന കഥാപാത്രമായാണ് ഗബ്രി ജോസ് എത്തിയത്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ഇത്.

തട്ടുകട മുതല്‍ സെമിത്തേരി വരെ, ദി ഹോപ്പ് എന്നീ ചിത്രങ്ങളിലും ഗബ്രി ജോസ് അഭിനയിച്ചിട്ടുണ്ട്. യോഗയാണ് ഗബ്രിയുടെ മറ്റ് താല്‍പര്യങ്ങളില്‍ ഒന്ന്. സ്ഥിരമായി യോഗ അഭ്യസിക്കാറുണ്ട് അദ്ദേഹം. മൃഗസ്നേഹിയായ ഗബ്രി ജോസിന് ഏറ്റവുമിഷ്ടം നായകളെയാണ്. ബിഗ് ബോസ് സീസണ്‍ 6 ല്‍ ശ്രദ്ധേയ സാന്നിധ്യമാവാന്‍ സാധ്യതയുള്ള ആളാണ് ഈ യുവകലാകാരന്‍. അദ്ദേഹം പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്നറിയാന്‍ കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

അതേസമയം കഴിഞ്ഞ തവണത്തേതില്‍ നിന്ന് വിഭിന്നമായി കോമണര്‍ മത്സരാര്‍ഥികളെ ഇത്തവണ ഒരാഴ്ച മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്.

ALSO READ : യാത്രകളുടെ ഊര്‍ജ്ജവുമായി നിഷാന ബിഗ് ബോസിലേക്ക്; സീസണ്‍ 5 ലെ കോമണര്‍മാരില്‍ ഒരാള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം