Asianet News MalayalamAsianet News Malayalam

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

സീസണിന്‍റെ മുന്നോട്ടുപോക്കില്‍ വിവിധ മത്സരാര്‍ഥികളുടെയും ഗ്രൂപ്പുകളുടെയുമൊക്കെ സാധ്യതകളും പരിമിതികളുമൊക്കെ എങ്ങനെയെന്ന് നോക്കാം

bigg boss malayalam season 6 review who will benefit from the ejection of asi rocky nsn
Author
First Published Mar 26, 2024, 1:50 PM IST

ഒട്ടും പ്രതീക്ഷിക്കാത്തത് സംഭവിക്കുക! ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് പല ഭാഷകളിലായി ഇത്രയും ആരാധകര്‍ ഉണ്ടായതിന് കാരണം തന്നെ ഈ സ്വഭാവമാണ്. ഒരു കൂട്ടം അപരിചിതരായ മനുഷ്യര്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ അടച്ചിട്ട ഒരു വീട്ടില്‍ താമസിച്ച് മത്സരങ്ങളില്‍ ഏര്‍പ്പെട്ടാല്‍ എന്തുതന്നെ സംഭവിച്ചുകൂട! ബിഗ് ബോസ് ഷോയുടെ അണിയറക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതാണ്. ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്ന റോക്കിയുടെ പുറത്താവലാണ് സീസണ്‍ 6 ലെ ഏറ്റവും പുതിയ അപ്രതീക്ഷിതത്വം. മുന്‍ സീസണുകളില്‍ രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനുമൊക്കെ സഹമത്സരാര്‍ഥിക്ക് എതിരായ ശാരീരിക ഉപദ്രവത്തിന്‍റെ പേരില്‍ പുറത്തായിട്ടുണ്ടെങ്കിലും അതൊക്കെ അതത് സീസണുകള്‍ മുക്കാല്‍ ഭാഗവും പിന്നിട്ടതിന് ശേഷമായിരുന്നു. എന്നാല്‍ സീസണ്‍ 6 വെറും രണ്ട് വാരങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് റോക്കിയെ ബിഗ് ബോസ് ഇജക്റ്റ് ചെയ്തിരിക്കുന്നത്. ഈ അപ്രതീക്ഷിത സാഹചര്യം മറ്റ് മത്സരാര്‍ഥികള്‍ക്ക് നിരവധി സാധ്യതകള്‍ തുറന്നുകൊടുക്കുന്നുണ്ട്. എന്നാല്‍ അതിനെ വേണ്ടുംവിധം ആരൊക്കെ ഉപയോഗിക്കുമെന്ന് കണ്ടറിയണം. സീസണിന്‍റെ മുന്നോട്ടുപോക്കില്‍ വിവിധ മത്സരാര്‍ഥികളുടെയും ഗ്രൂപ്പുകളുടെയുമൊക്കെ സാധ്യതകളും പരിമിതികളുമൊക്കെ എങ്ങനെയെന്ന് നോക്കാം.

അപ്സര

കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാനും എതിരഭിപ്രായമുള്ള കാര്യങ്ങള്‍ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കാനുമുള്ള കഴിവും ബിഗ് ബോസിലെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. അക്കാര്യത്തില്‍ നിലവിലുള്ള മത്സരാര്‍ഥികളില്‍ മുന്‍നിരയില്‍ പെടുത്താം അപ്സരയെ. എത്ര സ്ട്രോംഗ് ആയ മത്സരാര്‍ഥിയാണെങ്കിലും അവരോട് മുട്ടിനില്‍ക്കാനുള്ള അപ്സരയുടെ കഴിവ് റോക്കിയുമായുള്ള പലപ്പോഴുമുണ്ടായ തര്‍ക്കങ്ങളില്‍ കണ്ടതാണ്. ആദ്യ വാരം മുതല്‍ ഇപ്പോള്‍വരെ ഗ്രാഫ് താഴാതെ നില്‍ക്കുന്നു എന്നതാണ് അപ്സരയുടെ മറ്റൊരു സവിശേഷത. ഈ സീസണില്‍ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത കാര്യമാണ് അത്. ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചപ്പോള്‍ ഹൗസിലെ എതിരാളികളെക്കൊണ്ടുപോലും കൈയടിപ്പിച്ചതാണ് അസ്പരയുടെ മറ്റൊരു നേട്ടം. റോക്കി പോയ സാഹചര്യത്തില്‍ ഇനിയങ്ങോട്ട് ഹൗസില്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം അസ്പരയുടേതാവുമെന്ന് ഉറപ്പാണ്. ഈ സീസണിലെ ഫൈനല്‍ 5 ല്‍ ഏറ്റവും സാധ്യത കല്‍പ്പിക്കാവുന്ന മത്സരാര്‍ഥികളില്‍ പ്രധാനി.

bigg boss malayalam season 6 review who will benefit from the ejection of asi rocky nsn

 

സിജോ

തന്ത്രശാലിയായ ഗെയിമര്‍ ആണ് സിജോ. സഹമത്സരാര്‍ഥികളുടെ കഴിവുകളും കഴിവുകേടുകളും നന്നായി മനസിലാക്കിയിട്ടുള്ള ആളും. ഒരു യുട്യൂബര്‍ ആയതിനാല്‍ത്തന്നെ കാര്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ള കഴിവും സിജോയെ വേറിട്ടുനിര്‍ത്തുന്നു. തന്ത്രശാലിയായ ഗെയിമര്‍ ആയിരിക്കുമ്പോള്‍ത്തന്നെ രതീഷ് കുമാറിനെയോ റോക്കിയെയോ ഒക്കെപ്പോലെ എതിരാളികളെ അനാവശ്യമായി അങ്ങോട്ട് കയറി ചൊറിയുന്നില്ല എന്നത് ഹൗസില്‍ അയാളുടെ മൊത്തത്തിലുള്ള സ്വീകാര്യതയ്ക്ക് കാരണമാവുന്നുണ്ട്. എന്നാല്‍ റോക്കിയുടെ പുറത്താവലിലേക്ക് നയിച്ച സംഘര്‍ഷത്തില്‍ അത് ഉദ്ദേശിച്ച് ചെയ്തതല്ലെങ്കിലും സിജോയുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയപ്പോഴാണ് ഇത് സംഭവിച്ചതെന്നത് സിജോയ്ക്ക് ഒരു ബ്ലാക്ക് മാര്‍ക്ക് ഉണ്ടാക്കുന്നുണ്ട്. ഒപ്പം നിലവിലെ പരിക്ക് സാരമുള്ളതാണോ എന്നത് സിജോയുടെ മുന്നോട്ടുപോക്കിനെ സ്വാധീനിക്കുന്ന ഘടകമാണ്. പരിക്ക് ഭേദമായി തിരിച്ചുവരുന്ന പക്ഷം മുന്നോട്ട് പോകാന്‍ ഏറ്റവും സാധ്യത കാണുന്ന മത്സരാര്‍ഥി.

റസ്മിന്‍

കോമണര്‍മാരില്‍ ഒരാളായ നിഷാന കഴിഞ്ഞ വാരം പുറത്തായപ്പോള്‍ ഒപ്പം വന്ന റസ്മിന്‍ ഇതിനകം ഹൗസില്‍ തന്‍റെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു.  കാര്യങ്ങളെ നന്നായി വിശകലനം ചെയ്യാനുള്ള കഴിവും വേണ്ടസമയത്ത് കൃത്യമായി പ്രതികരിക്കാനുള്ള കഴിവും റസ്മിന് പ്ലസ് ആണ്. റസ്മിനും ജിന്‍റോയുമുള്ള രണ്ടം​ഗ സംഘമാണ് നിലവിലെ പവര്‍ ടീം. ജിന്‍റോയുടെ എടുത്തുചാട്ടവും തീരുമാനം എടുക്കുന്നതിലെ പാളിച്ചയുമൊക്കെ പരിഹരിക്കാനുള്ള ചുമതല റസ്മിനാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഹൗസിലെ മിക്കവരുമായും ഉണ്ടാക്കിയിട്ടുള്ള പാരസ്പര്യം ​ഗെയിമര്‍ എന്ന നിലയില്‍ റസ്മിന്‍റെ മുന്നോട്ടുള്ള വഴി സു​ഗമമാക്കുന്നുണ്ട്.

bigg boss malayalam season 6 review who will benefit from the ejection of asi rocky nsn

 

​ജാസ്മിന്‍, ​ഗബ്രി

വീട്ടില്‍ നിന്നുള്ള ഫോണ്‍കോളിന് ശേഷം തകര്‍ന്ന ജാസ്മിനെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടതെങ്കില്‍ ഇപ്പോള്‍ അവര്‍ ​ഗെയിമിലേക്ക് തിരിച്ചുവരുന്നുണ്ട്. എന്നാല്‍ ​ഗബ്രിയൊഴികെ മറ്റ് മത്സരാര്‍ഥികളുമായി ചങ്ങാത്തം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ജാസ്മിന്‍റെ മൈനസ് ആണ്. ​ഗബ്രിയെ സംബന്ധിച്ച് പവര്‍ റൂമില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ഹൗസിലെ വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയിട്ടുണ്ട്. കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാനും എതിരാളിക്കെതിരായ ചെറിയ സാധ്യത പോലും ഉപയോ​ഗിക്കാന്‍ കഴിയുന്ന മത്സരാര്‍ഥിയുമാണ് ​ഗബ്രി. റോക്കി കൂടി പോയ സാഹചര്യത്തില്‍ ​ഗബ്രിക്ക് ഉയര്‍ന്നുവരാനുള്ള സാഹചര്യം നിലവില്‍ ഹൗസില്‍ ഉണ്ട്. ഇത് അയാള്‍ എങ്ങനെ ഉപയോ​ഗപ്പെടുത്തും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ജിന്‍റോ

മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയും പോലെയാണ് ഈ മത്സരാര്‍ഥി. കഴിഞ്ഞ വാരം ബി​ഗ് ബോസിലെ സ്റ്റാര്‍ ജിന്‍റോ ആയിരുന്നു. മണ്ടനെന്ന് വിളിച്ചവരെക്കൊണ്ട് തങ്ങള്‍ക്ക് തെറ്റിയെന്ന് തോന്നിപ്പിച്ച ജിന്‍റോയെയാണ് കഴിഞ്ഞ വാരം കണ്ടതെങ്കില്‍ ഈ ദിവസങ്ങളില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. പവര്‍ റൂമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മത്സരാര്‍ഥിയെന്ന നിലയില്‍ ജിന്‍റോയുടെ വലിയ വിജയമായിരുന്നെങ്കില്‍ ലഭിച്ച അധികാരം വിമര്‍ശനം വിളിച്ചുവരുത്തുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്ന ജിന്‍റോയെയാണ് ഇപ്പോള്‍ കാണുന്നത്. പലരും ജിന്‍റോയ്ക്കെതിരെ പരസ്യമായി നിലപാടെടുക്കുന്നുമുണ്ട്. കഴിഞ്ഞ വാരം ലഭിച്ച ജനപ്രീതി എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ ജിന്‍റോയ്ക്ക് സാധിക്കുമെന്നത് സംശയമാണ്.

bigg boss malayalam season 6 review who will benefit from the ejection of asi rocky nsn

 

ശ്രീരേഖ, നോറ

നല്ല വിശകലനശേഷി കാഴ്ചവച്ചിട്ടുള്ള ആളാണ് ശ്രീരേഖ. എന്നാല്‍ ശബ്ദമുയര്‍ത്തി പറയേണ്ടിടത്ത് അതിന് സാധിക്കുന്നില്ല എന്നത് മത്സരാര്‍ഥി എന്ന നിലയില്‍ അവരുടെ കരുത്ത് കുറയ്ക്കുന്നുണ്ട്. ​ഗബ്രിയും ജാസ്മിനും യമുനയുമൊക്കെ ഉണ്ടായിരുന്ന പവര്‍ ടീമിലെ അം​ഗമായിരുന്ന സമയത്ത് തന്‍റെ വേറിട്ട അഭിപ്രായങ്ങള്‍ അവര്‍ പങ്കുവച്ചിരുന്നു. സ്വന്തം ടീമം​ഗങ്ങളുടെ പല ലൂപ്പ് ഹോളുകളും അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഒരു ​ഗംഭീര ​ഗെയ്മര്‍ ആയിരുന്നെങ്കില്‍ ​ഗെയിം തനിക്ക് അനുകൂലമായി ചേഞ്ച് ചെയ്യാന്‍ കഴിയുന്ന സാഹചര്യം പക്ഷേ ഉപയോ​ഗപ്പെടുത്താന്‍ ശ്രീരേഖയ്ക്ക് ആയില്ല. നിലപാടുകളില്‍ ക്ലാരിറ്റിയുണ്ടോ എന്ന് കാണികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം എന്നതും ശ്രീരേഖയുടെ മൈനസ് ആണ്.

നോറയെ സംബന്ധിച്ച് ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ആളാണ്. ആദ്യ വാരം കണ്ട ആളല്ല ഇപ്പോള്‍. എതിര്‍പ്പുള്ള കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള ധൈര്യം നോറയെ വേറിട്ടുനിര്‍ത്തുന്നു. ബി​ഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന അപൂര്‍വ്വം ശബ്ദങ്ങളിലൊന്നും നോറയുടേതാണ്. ഒരു ​ഗ്രൂപ്പിന്‍റെയും ഭാ​ഗമല്ലാത്തതിനാല്‍ സഹമത്സരാര്‍ഥികളില്‍ നിന്ന് പിന്തുണ വേണ്ട സാഹചര്യങ്ങളെ അവര്‍ എങ്ങനെ മറികടക്കും എന്ന് കണ്ടറിയണം.

bigg boss malayalam season 6 review who will benefit from the ejection of asi rocky nsn

 

ഋഷി, അര്‍ജുന്‍, അന്‍സിബ

റോക്കി കൂടി ഉള്‍പ്പെട്ട ടീമിന്‍റെ ഭാ​ഗമാണ് ഇവര്‍. ഉയര്‍ന്നുവരാനുള്ള സ്പേസ് ഋഷിക്കും അര്‍ജുനും നിലവിലുണ്ട്. എന്നാല്‍ വേണ്ട രീതിയില്‍ അവരതിനെ ഉപയോ​ഗപ്പെടുത്തുന്നില്ല. അവരുടെ ടീമിന്‍റെ നട്ടെല്ലായിരുന്ന റോക്കി പുറത്താക്കപ്പെട്ടിരിക്കുന്നു. മുന്നോട്ടുള്ള ​ഗെയിം എങ്ങനെയാവുമെന്ന് കണ്ടറിയുന്നു. ഒരു മത്സരാര്‍ഥിയെന്ന നിലയിലുള്ള വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ അന്‍സിബയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.

ശരണ്യ, ശ്രീതു

കാര്യങ്ങളെ ന്യൂട്രല്‍ ആയി സമീപിക്കുന്ന, പക്ഷപാതിത്വമില്ലെന്ന് തോന്നിപ്പിക്കുന്ന സാന്നിധ്യമാണ് ശരണ്യ, ഏറെക്കുറെ ശ്രീതുവും. എന്നാല്‍ മത്സരാര്‍ഥികളെന്ന നിലയില്‍ ശക്തരല്ല.

bigg boss malayalam season 6 review who will benefit from the ejection of asi rocky nsn

 

ജാന്‍മോണി, യമുന

ഈ സീസണില്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന അപൂര്‍വ്വം പേരില്‍ ഒരാളാണ് ജാന്‍മോണി. ജാന്‍മോണിയുടെ മലയാളവും മോഹന്‍ലാലിന് മുന്നില്‍ പോലും പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത സ്വാഭാവിക പെരുമാറ്റവുമൊക്കെ ജാന്‍മോണിയെ വ്യത്യസ്തയാക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ മത്സരാര്‍ഥിയെന്ന നിലയിലുള്ള നിലപാടിലെ സ്ഥിരതയില്ലായ്മ ജാന്‍മോണിക്ക് ലഭിക്കാനുള്ള പ്രേക്ഷകപ്രീതിയെ കുറയ്ക്കുന്നുണ്ട്. ആദ്യ രണ്ട് വാരങ്ങളില്‍ പവര്‍ റൂം അടക്കമുള്ള സാധ്യതകള്‍ ലഭിച്ചിട്ടും അത് ഫലപ്രദമായി ഉപയോ​ഗിക്കാന്‍ കഴിയാതിരുന്ന ആളാണ് യമുന. ഹൗസില്‍ തന്‍റെ സാന്നിധ്യം അടയാളപ്പെടുത്താനും കഴിഞ്ഞിട്ടില്ല. 

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Follow Us:
Download App:
  • android
  • ios