വർണ ശബളമായ ആഘോഷരാവിൽ തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ ഷോ അവതാരകനായ മോഹൻലാൽ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്ടിലേക്ക് പറഞ്ഞുവിടും.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ മലയാളം വെർഷൻ ആരംഭിച്ചിട്ട് ആറ് സീസണുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് മുതൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ തിരശ്ശീല ഉയരും. ഇന്ന് വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ ഷോ സംപ്രേക്ഷണം ചെയ്യും. ഒപ്പം ജിയോ ഹോട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് ഗ്രാന്റ് ലോഞ്ച് കാണാനാകും.
വർണ ശബളമായ ആഘോഷരാവിൽ തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ ഷോ അവതാരകനായ മോഹൻലാൽ സ്വാഗതം ചെയ്ത് ബിഗ് ബോസ് വീട്ടിലേക്ക് പറഞ്ഞുവിടും. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായിട്ടാകും ബിഗ് ബോസ് മലയാളം സീസൺ 7 വരിക എന്നാണ് ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.

വിവിധ സ്ട്രാറ്റജികൾ, ഫേക്ക് കാര്‍ഡ്, സേഫ് കാര്‍ഡ്, സോപ്പിംഗ് കാര്‍ഡ്, നന്മ കാര്‍ഡ്, ഒളിക്കല്‍ കാര്‍ഡ്, പ്രിപ്പയര്‍ കാര്‍ഡ്, വിക്റ്റിം കാര്‍ഡ് എന്നിവയ്ക്കെല്ലാം തന്നെ ബിഗ് ബോസ് സീസൺ 7 ഫുൾ സ്റ്റോപ്പിടുമെന്ന് ഉറപ്പാണ്. മുൻ സീസണുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ടാസ്കുകൾക്ക് പുറമെ, അവതരണത്തിൽ പുത്തൻ മാറ്റവുമായി മോഹൻലാലും എത്തും. ഇതെല്ലാം സൂചിപ്പിച്ച് കൊണ്ടുള്ള പ്രൊമോകൾ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്തായാലും എന്തൊക്കെയാകും ഇത്തവണ ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
എന്താണ് ബിഗ് ബോസ് ഷോ ?
വിവിധ മേഖലകളിലും വിവിധ സാഹചര്യങ്ങളിലും സ്വഭാവങ്ങളിലുമൊക്കെയുള്ള ഒരു കൂട്ടം മത്സരാർത്ഥികളെ ഒരു വീട്ടിൽ 100 ദിവസം താമസിപ്പിക്കും. ഈ ബിഗ് ബോസ് ഹൗസിൽ പുറത്തുനിന്നുമുള്ള യാതൊരു വിവരവും മത്സരാർത്ഥികൾക്ക് അറിയാൻ സാധിക്കില്ല. ഫോൺ, ക്ലോക്ക്, പത്രം, ടിവി എന്നിവയൊന്നും തന്നെ ഹൗസിൽ ഉണ്ടായിരിക്കില്ല. മത്സരാർത്ഥികൾക്ക്, പുറമെ നിന്നും ഒരാളുമായി സംവദിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് അവതാരകനായ മോഹൻലാലിനോട് മാത്രമായിരിക്കും.

എത്ര മത്സരാർത്ഥികളാണോ ഷോയിൽ ഉള്ളത് അവർക്കെല്ലാവർക്കും വ്യക്തിപരമായും ഗ്രൂപ്പായും ടാസ്കുകൾ ബിഗ് ബോസ് നൽകും. കൂടാതെ ബിഗ് ബോസ് ഹൗസിലെ മുഴുവൻ ജോലികളും മത്സരാർത്ഥികൾ തന്നെയാണ് ചെയ്യേണ്ടതും. ഇത്തരത്തിൽ ഓരോ ആഴ്ചയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാൾ ടാസ്കിൽ പങ്കെടുത്ത് വിജയിച്ച് ക്യാപ്റ്റനാകും. ഓരോ ആഴ്ചയിലും ഒരു ക്യാപ്റ്റൻസി ഉണ്ടാകും. ഇയാൾക്ക് ആകും ആ ആഴ്ചയിലെ ബിഗ് ബോസ് വീട്ടിലെ എല്ലാ അധികാരവും. വ്യത്യസ്ത സ്വഭാവമുള്ള ആളുകൾ ആയത് കൊണ്ടുതന്നെ പ്രശ്നങ്ങളും തർക്കങ്ങളുമെല്ലാം ബിഗ് ബോസ് വീട്ടിലുണ്ടാകും. ഇങ്ങനെ ടാസ്കുകളും പ്രതിസന്ധികളും എല്ലാം തരണം ചെയ്ത്, ബുദ്ധിയും ശക്തിയും ഉപയോഗിച്ച്, പ്രേക്ഷക പിന്തുണയോടെ 100 ദിവസം ബിഗ് ബോസ് ഹൗസിൽ നിൽക്കുന്ന ഒരാൾ ടൈറ്റിൽ വിന്നറാകും.
ആരൊക്കെയാകും മത്സരാർത്ഥികൾ ?
സിനിമ, സീരിയൽ, മ്യൂസിക്, കായികം, ഫാഷൻ, എൽജിബിറ്റിക്യൂ, സോഷ്യൽ മീഡിയ വൈറൽ താരങ്ങൾ തുങ്ങി വിവിധ മേഖലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളാണ് ഓരോ ബിഗ് ബോസ് സീസണുകളിലും മാറ്റുരയ്ക്കുന്നത്. ഈ സീസൺ ഉൾപ്പടെയുള്ള മൂന്ന് സീസണുകളിലായി സാധാരണ ജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്നോ അതിൽ കൂടുതലോ ആയ കോമണർ മത്സരാർത്ഥികളും ഇവർക്കൊപ്പം ഷോയിൽ ഉണ്ടാകും. ഷോ മുന്നോട്ട് പോകുംന്തോറും വൈൽഡ് കാർഡ് ആയും പുതിയ മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് വരും.

എവിക്ഷനും പ്രേക്ഷക വോട്ടിങ്ങും
ബിഗ് ബോസ് മത്സരാർത്ഥികൾ ഏറെ നെഞ്ചിടിപ്പോടെ നോക്കി കാണുന്ന ഘട്ടമാണ് എവിക്ഷനും വോട്ടിങ്ങും. എല്ലാ ആഴ്ചകളിലും ശനി, ഞായർ ദിവസങ്ങളിലാണ് ബിഗ് ബോസിൽ എവിക്ഷൻ നടക്കുന്നത്. ആകെയുള്ള മത്സരാർത്ഥികൾ തങ്ങൾക്ക് എതിരാളികളാണെന്ന് തോന്നുന്ന സഹ മത്സരാർത്ഥിയെ നോമിനേറ്റ് ചെയ്യും. ഇതിൽ ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടുന്നവരെ പ്രേക്ഷക വോട്ടിങ്ങിലേക്ക് വിടും. ആര് ബിഗ് ബോസിൽ നിൽക്കണം ആര് പോകണം എന്നതിന്റെ അന്തിമ തീരുമാനമായിരിക്കും ഈ പ്രേക്ഷക വോട്ടിംഗ്. ഒരാളോ അതിൽ കൂടുതൽ പേരോ ഓരോ ആഴ്ചയും എവിക്ട് ചെയ്യപ്പെടും.




