ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ നാൽപ്പതാം ദിവസത്തിൽ നടന്ന ലീഡർഷിപ്പ് ടാസ്കിൽ മൃദുല വിജയിച്ചു. വീക്കിലി ടാസ്കിൽ മികച്ച പ്രകടനം നടത്തിയ ആസിഫും മൃദുലയും തമ്മിലായിരുന്നു മത്സരം.

ബി​ഗ് ബോസ് മലയാളം സീസൺ 8 അതിന്റെ നല്പതാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒപ്പം ആ വാരം നോമിനേഷൻ മുക്തി ലഭിക്കുന്നതുമായ സ്ഥാനമാണ് ലീഡർ. ഓരോ ആഴ്ചയിലേയും വീക്കിലി ടാസ്കിന്റെ അടിസ്ഥാനത്തിലാണ് ലീഡർ സ്ഥാനത്തേക്ക് മത്സരിക്കേണ്ടവരെ കണ്ടെത്തുന്നത്. ഇവർ തമ്മിൽ ഒരു ടാസ്ക് നടക്കും. ഇതിൽ ജയിച്ച് കയറുന്ന ഒരാൾ ആ വാരം ബി​ഗ് ബോസ് ഹൗസ് ഭരിക്കും. ഒപ്പം നോമിനേഷൻ മുക്തിയും.

മൃദുലയും ആസിഫുമാണ് ഇക്കുറി ലീഡര്‍ഷിപ്പ് ടാസ്കില്‍ പങ്കെടുക്കുന്നത്. വീക്കിലി ടാസ്കില്‍ കൊലപാതകികളില്‍ ഒരാളായിരുന്നു മൃദുല. കുറ്റവാളിയാണെന്ന് ഭൂരിഭാഗവും തിരിച്ചറിഞ്ഞില്ലെങ്കില്‍ അയാള്‍ അടുത്ത വാരത്തിലെ ലീഡര്‍ഷിപ്പ് ടാസ്കിലേക്ക് എത്തുമെന്ന് ബിഗ് ബോസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃദുല എത്തിയത്. വീക്കിലി ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ആളായി സഹമത്സരാർത്ഥികൾ തെരഞ്ഞെടുത്തത് ആസിഫിനെ ആണ്. അങ്ങനെയാണ് ആസിഫും ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.

വെളുത്ത നിറമുള്ള ഒരു വലിയ കാന്‍വാസില്‍ രണ്ട് നിറങ്ങളിലുള്ള ചായം പൂശുകയാണ് ആസിഫും മൃദുലയും ചെയ്യേണ്ടത്. ഓരോ മത്സരാര്‍ഥിയും ഓരോ നിറത്തിലുള്ള ചായമാണ് പൂശേണ്ടത്. മൃദുലയ്ക്ക് നീല നിറവും ആസിഫിന് ചുവപ്പ് നിറവുമാണ് ലഭിക്കുന്നത്. കാന്‍വാസിന്‍റെ കൂടുതല്‍ ഭാഗത്ത് സ്വന്തം നിറം പൂശുന്ന മത്സരാര്‍ഥിയാണ് ടാസ്കില്‍ ജയിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ഒന്നിന് മുകളില്‍ ഒന്നായി ഓരോ നിറവും വന്നതിനാല്‍ ഇതിന്‍റെ വിലയിരുത്തല്‍ അല്‍പം ബുദ്ധിമുട്ടാണ്. തർക്കങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഒടുവിൽ മൃദുല വിജയിച്ചതായി നിലവിലെ ലീഡറായ കൊമ്പൻ സ്ഥിരീകരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു വനിത ലീഡര്‍ ആകുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming