സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിയിൽ തനിക്ക് സൗജന്യം വേണ്ടെന്ന് ശോഭ വിശ്വനാഥ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് ഈ ആനുകൂല്യം നൽകേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആ വാഗ്ദാനം നാളെ യാഥാർത്ഥ്യമാകാൻ പോവുകയാണ്. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് നടപ്പിലാക്കിയിരിക്കുന്നത്. നാളെ പദ്ധതി യാഥാർത്ഥ്യമാകാനിരിക്കെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം മുൻ താരവും ബിസിനസുകാരിയുമായ ശോഭ വിശ്വനാഥ്.
തനിക്ക് കെഎസ്ആർടിസിയിൽ ഫ്രീ ടിക്കറ്റ് വേണ്ടെന്നാണ് ശോഭ പറയുന്നത്. അതിന് കാരണവും അവർ വ്യക്തമാക്കുന്നുണ്ട്. "കെഎസ്ആര്‍ടിസിയില്‍ ഞാന്‍ കയറുന്നുണ്ടെങ്കില്‍ പൈസ കൊടുത്ത് ടിക്കറ്റെടുക്കും. എനിക്കിപ്പോള്‍ പൈസ കൊടുത്ത് ടിക്കറ്റെടുക്കാനുള്ള പ്രാപ്തയാണ് ഞാന്‍. അപ്പോള്‍ ഞാന്‍ പൈസ കൊടുത്ത് തന്നെ യാത്ര ചെയ്യും. ബിപിഎല്ലിന് താഴെ ഉള്ളവര്‍ക്ക് ആ ആനുകൂല്യങ്ങള്‍ കൊടുക്കണമായിരുന്നു. ആ അഭിപ്രായം എനിക്കുണ്ട്. ആണിനായാലും പെണ്ണിനായാലും", എന്നായിരുന്നു ശോഭ വിശ്വനാഥിന്റെ വാക്കുകൾ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ശോഭനയുടെ മറുപടി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ശോഭയെ പിന്തുണച്ച് കൊണ്ട് നിരവധി പേർ രംഗത്ത് എത്തി. "അത് പോയിന്റ് ആണ്. ക്യാഷ് കൊടുക്കാൻ പറ്റിയവർ കൊടുക്കട്ടെ. ഡെയ്ലി ബസ് യാത്ര ചെയ്യുന്നത് സർക്കാർ ടീച്ചർമാർ ആണ്. അവർക്ക് ഫ്രീ യാത്ര ഫിനാൻഷ്യലി ആവിശ്യം ഇല്ല. ബട്ട് ദിവസവും ഈ പ്രൈവറ്റ് ജോലി ചെയ്യുന്ന ചേച്ചിമാർ അവർക്കൊക്കെ ഇത് ഉപകാരം ആവും. ഈ തുണിക്കട, ഷോപ്സ്, മാളിലൊക്കെ വർക്ക് ചെയ്യുന്നവർക്കും പിന്നെ തികച്ചും സാദാരണക്കാർക്കും", എന്നാണ് ഒരാളുടെ കമന്റ്.
"കാശ് ഉള്ളവർ അങ്ങനെ തന്നെ വേണം. വരുമാനം കുറവായവർ സൗജന്യമായി യാത്ര ചെയ്യട്ടെ. ഇങ്ങനെ ചിന്തിക്കുന്നവർ വളരെ കുറവാണ് ഈ രാജ്യത്ത്, സൗജന്യമായി കിട്ടുന്നത് അർഹരായവർ മാത്രം കൈപ്പറ്റുന്നതാണ് നാടിനും സമൂഹത്തിനും സർക്കാരിനും നല്ലത്, പൈസയും സാമൂഹിക പ്രേതിബദ്ധതയും ഉള്ളവർ ഈ സൗജന്യം കൈപ്പറ്റരുത്. വയസായവർ, വരുമാനം ഇല്ലാത്തവർ, രോഗികൾ അങ്ങനെ അർഹരായവർ ധാരാളം ഉണ്ട്. സർക്കാർ വേർതിരിവ് കാണിച്ചില്ലെങ്കിലും. അർഹതയില്ലാത്തവർ അതിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, നല്ല തീരുമാനം. ക്യാഷ് ഉള്ളവർ കൊടുക്കട്ടെ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.



