വീടിനകത്തും പുറത്തുമുള്ളവർ ഒരുപോലെ കാത്തിരിക്കുന്ന വീക്കെൻഡ് എപ്പിസോഡാണ് ഇനി വരാനുള്ളത്. എന്തൊക്കെയാകും ഈ ദിവസങ്ങളിൽ ചർച്ചയാകാൻ സാധ്യത?

ബിഗ് ബോസ് മലയാളം സീസൺ 7 ഒരാഴ്ച പൂർത്തിയാക്കാനൊരുങ്ങുകയാണ്. വീടിനകത്തും പുറത്തുമുള്ളവർ ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നതാവട്ടെ മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡിനായും. എന്തൊക്കെയാണ് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും എങ്ങനെയാണ് പുറത്തുള്ളവർ തങ്ങളെ വിലയിരുത്തുന്നതെന്നും മത്സരാർത്ഥികൾക്ക് ലഭിക്കാൻ പോകുന്ന ആദ്യത്തെ സൂചനയും ഈ വീക്കെൻഡ് എപ്പിസോഡ് തന്നെയായിരിക്കും. എന്തൊക്കെ കാര്യങ്ങളായിരിക്കും മോഹൻലാൽ മത്സരാർത്ഥികളുമായി ചർച്ച ചെയ്യാൻ സാധ്യത?

ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്റെ പ്രകടനം തന്നെയാണ് അതിൽ ഒന്നാമത്തേത്. ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട അനീഷിന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു എന്ന് സഹമത്സരാർത്ഥികളോട് ചോദിക്കുകയും ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഒരവലോകനം നടക്കുകയും ചെയ്യും. ക്യാപ്റ്റൻ എന്ന നിലയിൽ നാഗിഷ് കാര്യമായി ഒന്നും ചെയ്യാത്ത ഒരാഴ്ചയാണ് കടന്നുപോകുന്നത്. തന്റെ ചുമതലയോ അധികാരങ്ങളോ നന്നായി വിനിയോഗിക്കാൻ ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല എന്നുതന്നെയാണ് പറയാനാവുക. ഇനി അതിന്റെ പേരിൽ എന്തെങ്കിലും ഏഴിന്റെ പണി കാത്തിരിക്കുന്നുണ്ടോ എന്നും ഇപ്പോൾ പറയാനാവില്ല.

നൽകിയ ടാസ്കുകളെക്കുറിച്ചും വീക്കെൻഡ് എപ്പിസോഡിൽ ചർച്ചകളുണ്ടാകും. പ്രത്യേകിച്ച് പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്‌കും അതുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളിലും എല്ലാവർക്കും പറയാനുള്ളത് എന്താണെന്ന് ചോദിയ്ക്കാൻ സാധ്യതയുണ്ട്. അതുപോലെ കോയിൻ പേരുകൾ ടാസ്ക്കിലെ പ്രകടനവും പണിപ്പുരയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും എല്ലാം വീക്കെൻഡ് എപ്പിസോഡിൽ ചർച്ചയായേക്കും.

മോഹൻലാൽ ഉറപ്പായും ചോദിയ്ക്കാൻ സാധ്യതയുള്ള അടുത്ത കാര്യം രേണു സുധി-അക്ബർ ഖാൻ എന്നിവർക്കിടയിലുണ്ടായ സെപ്റ്റിക് ടാങ്ക് പരാമർശമാണ്. അക്ബർ ഖാൻ രേണുവിനെ വിളിച്ച പേരും അതിന് മറുപടിയായി രേണു സുധി ഉപയോഗിച്ച woman കാർഡും, രണ്ടും വീക്കെൻഡ് എപ്പിസോഡിൽ ചർച്ചയാകും. അക്ബറിനെ ഫയർ ചെയ്യാനുള്ള സാധ്യതയും ഒരു മാപ്പിനുള്ള സാധ്യതയും ഒന്നും തള്ളിക്കളയാനാവില്ല. അങ്ങനെവന്നാൽ ഒരുപക്ഷെ അനീഷിനുള്ള ഇരട്ടപ്പേരിട്ട ആദില-നൂറ എന്നിവരും ചിലപ്പോൾ ആൻസറബിൾ ആവാനുള്ള സാധ്യതയുണ്ട്.

വീക്കെൻഡിൽ കയ്യടി നേടാൻ സാധ്യതയുള്ള ആളാണ് ജിസേൽ എന്നും തോന്നുന്നുണ്ട്. ജിസേലിന്റെ കുറിക്കുകൊള്ളുന്ന മറുപടികളും ഗെയിം സ്പിരിറ്റും എല്ലാം ചർച്ചയായേക്കും. അനുമോളുമായി നടന്ന കാർപെറ്റ് വൃത്തിയാക്കൽ വിഷയം, ശരത്തുമായുള്ള ഗുണ്ടി ചർച്ച തുടങ്ങി നിരവധി പോസിറ്റീവ് കാര്യങ്ങൾ ജിസേലിനെ കുറിച്ച് പറയാനും ഇത് അവരുടെ ആത്മവിശ്വാസം കൂടുതൽ ഉയർത്താനും ഇടയായേക്കാം. ഒപ്പം ഷാനവാസ് ഉന്നയിച്ച ജിസേലിന്റെ ഡ്രസിങ് വിഷയവും ചിലപ്പോൾ ചർച്ചയാകാം.

നെവിന്റെ മോഷണ പരമ്പരയാണ് അടുത്ത വിഷയം. വീട്ടിലെ മറ്റാരും അറിയാതെ പലതും അടിച്ചുമാറ്റുന്ന നെവിന്റെ വിഷ്വൽസ് അടക്കം മറ്റുള്ളവർക്ക് പ്ലേ ചെയ്തുകാണിക്കാനും മതി. തന്റെ പെട്ടി അനുവാദമില്ലാതെ നെവിൻ എടുത്തെന്ന കാര്യം അറിഞ്ഞാൽ ജിസേൽ പ്രതികരിക്കുന്നതെങ്ങനെയാവും എന്നും കണ്ടറിയണം.

വീട്ടിലെ പൊട്ടിമുളയ്ക്കുന്ന ഗ്രൂപ്പിസത്തിൽ ചർച്ചകളുണ്ടാകുമോ എന്നും അറിയേണ്ടിയിരിക്കുന്നു. കൂട്ടം ചേർന്ന് മറ്റുള്ളവരെ ലക്ഷ്യംവച്ച് ഗെയിം കളിക്കുന്ന അക്ബർ, ശരത്, അഭിലാഷ് എന്നിവരുടെ ഗ്രൂപ്പ് കളിയിൽ എന്താവും തീരുമാനം... നോക്കാം

സേഫ് ഗെയ്മാർമാർക്കുള്ള താക്കീതും വീക്കെൻഡ് എപ്പിസോഡിൽ നൽകാനാണ് സാധ്യത. ഇതുവരെ ഗെയിമിലേക്ക് ഇറങ്ങാത്തവർക്കും ആക്റ്റീവ് ആകാത്തവർക്കുമുള്ള ഏഴിന്റെ പണിയും വീക്കെൻഡിൽ കിട്ടിയേക്കും. ഏതായാലും വീക്കെൻഡ് എപ്പിസോഡ് കഴിയുന്നതോടുകൂടി ആരൊക്കെ സ്ട്രാറ്റജി മാറ്റുമെന്നും ആരൊക്കെ പുത്തൻ കാർഡുകൾ ഇറക്കുമെന്നും ആരൊക്കെ ഇറക്കിയ കാർഡുകൾ വലിക്കുമെന്നുമാണ് ഇനി അറിയേണ്ടത്.