വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് ആദിലയും നൂറയും എന്നായിരുന്നു ലക്ഷ്മിയുടെ പരാമർശം. ഇത് ഷോയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒപ്പം ലക്ഷ്മിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ഫാമിലി വീക്ക് നടക്കുകയാണ്. ഒനീൽ, നെവിൻ, ലക്ഷ്മി എന്നിവരുടെ വീട്ടുകാരായിരുന്നു ഇന്ന് ഷോയിൽ എത്തിയത്. മൂന്ന് വീട്ടുകാരെയും ഒരുമിച്ച് തന്നെയാണ് ഹൗസിനുള്ളിൽ ബി​ഗ് ബോസ് കയറ്റിയതും. ലക്ഷ്മിയുടെ അമ്മ മാത്രമായിരുന്നു ഷോയിൽ എത്തിയത്. എല്ലാവരോടും സ്നേഹം പങ്കിട്ട അമ്മ, ലക്ഷ്മി, ഒനീലിനോട് സോറി പറഞ്ഞത് ഇഷ്ടമായെന്ന് പറയുന്നുണ്ട്.

"ആ മോനോട് സോറി പറഞ്ഞത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. തെറ്റാണെന്ന് മനസിലാക്കിയപ്പോൾ അത് തിരുത്തിയത് കണ്ടപ്പോൾ അഭിമാനം തോന്നി. ക്ഷമ പറയുന്നതാണ് ഏറ്റവും വലുത്", എന്നാണ് ലക്ഷ്മിയോട് അമ്മ പറയുന്നത്. പിന്നാലെ ഒരോ വീട്ടുകാരും അഭിപ്രായങ്ങൾ പങ്കുവച്ചു. ആദില-നൂറ കപ്പിൾസിനെതിരെ നടത്തിയ പരാമർശം ലക്ഷ്മിയുടെ അമ്മ സംസാരിക്കുന്നുണ്ട്. ഇരുവരെയും തന്റെ വീട്ടിലേക്കും അവർ ക്ഷണിച്ചു.

"എല്ലാവരും നന്നായി കളിക്കുന്നുണ്ട്. കുറച്ചുകൂടി പ്രേക്ഷകരെ ത്രസിപ്പിക്കാനായി ശ്രമിക്കണം. എല്ലാവരും എന്റെ വീട്ടിലേക്ക് വരണം. പ്രത്യേകിച്ച് ആദിലയും നൂറയും. ഇവൾ വീട്ടിൽ കയറ്റുന്നതിന് എതിരാണെങ്കിൽ സിറ്റൗട്ടിൽ ഇരുന്നാൽ മതി(തമാശയായി). എല്ലാവർക്കും ഓരോ വ്യക്തിത്വം ഉണ്ടല്ലോ. ഓരോ അഭിപ്രായങ്ങളും. എന്റെ ഇളയ കുഞ്ഞ് പാർവതിയെ പോലെയാണ് നൂറയെ കാണാൻ", എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത്.

എവിക്ട് ആയി പോയ മത്സരാർത്ഥി മസ്താനിയോട് ഒനീൽ മോശമായി പെരുമാറിയെന്ന ആരോപണം ഏറെ ചർച്ചയായി മാറിയിരുന്നു. സംഭവം കണ്ടില്ലെങ്കിലും ലക്ഷ്മി ഇക്കാര്യം വളരെ മോശമായി ഒനീലിനോട് സംസാരിക്കുകയും ചെയ്തു. ഒടുവിൽ താൻ പറഞ്ഞത് തീർത്തും തെറ്റാണെന്ന് മനസിലാക്കിയ ലക്ഷ്മി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് ആദിലയും നൂറയും’, എന്നായിരുന്നു ലക്ഷ്മിയുടെ പരാമർശം. ഇത് ഷോയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒപ്പം ലക്ഷ്മിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നിരുന്നാലും തന്റെ നിലപാടിൽ നിന്നും മാറാൻ ലക്ഷ്മി ഇതുവരെ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്