ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ആഴ്ചയിലേക്ക് കടന്നു, ഏഴ് പേർ ആണ് നിലവില്‍ ഷോയില്‍ ഉള്ളത്. ഇതിനിടെ, അനീഷ് അനുമോൾക്ക് നൽകിയ വിവാഹാഭ്യർത്ഥന ചർച്ചയാകുകയാണ്.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി വെറും ആറ് ദിവസങ്ങൾ മാത്രമാണ് ബാക്കി. ആദില, നൂറ, അക്ബർ, നെവിൻ, അനുമോൾ, അനീഷ്, ഷാനവാസ് എന്നിവരാണ് ഇനി ഷോയിൽ അവസാനിക്കുന്നത്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ഗ്രാന്റ് ഫിനാലേയ്ക്ക് മുന്നോടിയായി നേരത്തെ എവിക്ട് ആയി പോയ മത്സരാർത്ഥികൾ എല്ലാവരും തിരികെ ഹൗസിൽ വരുന്നുണ്ട്. ഈ അവസരത്തിൽ അനീഷും മുൻഷി രഞ്ജിത്തും തമ്മിലുണ്ടായ സംസാരം ശ്രദ്ധനേടുകയാണ്.
അനീഷ്, അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയതാണ് ചർച്ചാ വിഷയം. ഇക്കാര്യത്തെ കുറിച്ച് മുൻഷി രഞ്ജിത്ത് അനീഷിനോട് ചോദിക്കുന്നുണ്ട്. "ഹാലോ..ബിഗ് ബോസ് മാരി ഡോട് കോം. നന്നായിട്ടുണ്ട്. എന്ത് സ്ട്രാറ്റജിയുടെ ഭാഗമായാലും", എന്നാണ് വന്ന് കയറിയ ഉടനെ അനീഷിനോട് രഞ്ജിത്ത് ചോദിക്കുന്നത്. "ഒരു സ്ട്രാറ്റജിയും അല്ല", എന്ന് ഉടനടി അനീഷ് മറുപടി നൽകുന്നുണ്ട്.
"അനുമോൾ കബളിപ്പിക്കുകയായിരുന്നോ ?", എന്നായിരുന്നു രഞ്ജിത്തിന്റെ അടുത്ത ചോദ്യം. ഇത്, "എനിക്ക് എന്റെ കാര്യം മാത്രമല്ലെ അറിയൂ. ഞാനും അനുമോളും തമ്മിലുള്ള വിഷയം, ആ ചാപ്റ്റർ ക്ലോസായി. അതിൽ മൂന്നാമതൊരാൾ വന്നിട്ട് കുത്തിപ്പൊക്കേണ്ട ആവശ്യം എന്താ ?", എന്ന് അനീഷ് ചോദിക്കുന്നുണ്ട്. പിന്നീട് ഒന്നും മിണ്ടാനാകാതെ നിൽക്കുന്ന മുൻഷി രഞ്ജിത്തിനെയും ഇന്നത്തെ പ്രമോയിൽ കാണാം.
എന്തായാലും ഈ വിവാഹാഭ്യർത്ഥനയാകും മുൻ ബിഗ് ബോസ് മത്സരാർത്ഥികളുടെ വീട്ടിലേയും സംസാരം എന്നത് വ്യക്തമാണ്. അതേസമയം, കഴിഞ്ഞ ദിവസം സാബുമാന്‍ എവിക്ട് ആയിരുന്നു. 60 ദിവസത്തോളം നീണ്ടുനിന്ന ബിബി ജീവിതത്തിന് ആയിരുന്നു സാബു ഇന്നലെ വിട പറഞ്ഞത്.



