ബിഗ് ബോസ് മലയാളം സീസൺ 7-ൽ നൂറ ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കി. മുൻ സീസണിലെ വിജയിയായ ദിൽഷ നേടിയ അതേ 56 പോയിന്റുകൾ നൂറയും നേടിയത് കിരീട സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതോടെ ഫൈനലിലേക്കുള്ള മത്സരം കൂടുതൽ ആവേശകരമായി.

ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നൂറയാണ് ഏറ്റവും കൂടുതൽ പോയിന്‍റുകൾ നേടി ടിക്കറ്റ് ടു ഫിനാലെ വിജയിച്ചത്. 56 പോയിന്‍റുകളാണ് നൂറ നേടിയത്. രണ്ടാമതെത്തിയ ആര്യന് 51 പോയിന്‍റുകൾ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. താൻ ആക്ടീവ് അല്ലെന്ന് പറഞ്ഞ ഹൗസിനുള്ളിലെ പലര്‍ക്കുമുള്ള മറുപടി പോലെയാണ് ടിക്കറ്റ് ടൂ ഫിനാലെ ടാസ്ക്കുകളിൽ നൂറ നിറഞ്ഞാടിയത്. കരുത്തും വേഗവും കൊണ്ട് ടാസ്ക്കുകളിൽ മിന്നാറുള്ള ആര്യനെയും കൗശലം ആവോളമുള്ള അക്ബറിനെയും നെവിനെയുമെല്ലാം നൂറയ്ക്ക് പിന്തള്ളാനായത് വലിയ നേട്ടമാണ്.

നൂറയ്ക്ക് ആത്മവിശ്വാസം കൂട്ടുന്ന ഘടകം

ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുമ്പോൾ നൂറയുടെ ആത്മവിശ്വാസം കൂട്ടുന്ന മറ്റൊരു ഘടകം കൂടെയുണ്ട്. ഇതിന് മുമ്പ് മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഒരു വനിത മത്സരാര്‍ത്ഥി ടിക്കറ്റ് ടൂ ഫിനാലെ ജയിച്ചപ്പോൾ കിരീടം നേടിയായിരുന്നു മടങ്ങിയത്. ബിഗ് ബോസ് നാലാം സീസണിൽ ദില്‍ഷയാണ് ടിക്കറ്റ് ടൂ ഫിനാലെയിലൂടെ ഫൈനൽ ഉറപ്പിച്ച് പിന്നീട് കപ്പ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചത്.

ഇത് ആകസ്മികം മാത്രമോ?

നൂറയും ദില്‍ഷയും തമ്മില്‍ ആകസ്മികം ആയി വന്ന ഒരു സാമ്യത കൂടി നോക്കുമ്പോൾ ഇത്തവണ ബിഗ് ബോസ് കിരീടത്തിൽ ഒരു പെണ്‍മുത്തം ഉണ്ടാകുമോ എന്നതാണ് വലിയ ആകാംക്ഷ. നാലാം സീസണിൽ ദില്‍ഷയ്ക്ക് ടിക്കറ്റ് ടൂ ഫിനാലെ ടാസ്ക്കുകളിൽ നിന്നായി ലഭിച്ചത് 56 പോയിന്‍റുകളാണ്. ഇത്തവണ നൂറയ്ക്കും അതേ 56 പോയിന്‍റുകൾ തന്നെയാണ് ലഭിച്ചത് എന്നുള്ളതാണ് ഇതിലെ കൗതുകം. മത്സര ശേഷം ആദിലയോട് നൂറ പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്. 

നമ്മൾ മൂന്ന് പെൺകുട്ടികളിൽ ആരെങ്കിലും ടിക്കറ്റ് ടു ഫിനാലെ വിജയിക്കണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്ന് നൂറ പറഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനത്തോട് അടുക്കുമ്പോൾ ഇപ്പോൾ ഒമ്പത് പേരാണ് ഹൗസിലുള്ളത്. നൂറ ഫൈനൽ ഉറപ്പിച്ചതോടെ ഇനിയുള്ള നാല് സ്ഥാനങ്ങൾക്കായി വാശിയേറിയ പോരാട്ടം നടക്കുമെന്നുറപ്പാണ്. മുൻ സീസണുകളിൽ നിന്ന് വിഭിന്നമായി ഇത്തവണ ആർക്കും വ്യക്തമായ മേൽക്കൈ അവകാശപ്പെടാൻ ഇല്ലാത്തത് കൊണ്ട് ഈ സീസൺ ക്ലൈമാക്സ് ശരിക്കും ത്രില്ലടിപ്പിക്കും, ആ കാര്യം ഉറപ്പ്!