ഒനീലിനെതിരെ ലക്ഷ്മി നടത്തിയ പരാമർശം അമ്മയ്ക്ക് ഇഷ്ടമായിട്ടില്ലെന്നും അത് മറക്കാനാകില്ലെന്നും സംസാരത്തിൽ നിന്നും വ്യക്തമാണ്.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഫാമിലി വീക്ക് മുന്നോട്ട് പോകുകയാണ്. ഇന്നത്തോടെ ഇത് അവസാനിക്കുകയും ചെയ്യും. ഒനീലിന്റെയും ലക്ഷ്മിയുടേയും വീട്ടുകാരും ഇന്ന് ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. ഒനീലിനെതിരെ ലക്ഷ്മി നടത്തിയ പരാമർശം അമ്മയ്ക്ക് ഇഷ്ടമായിട്ടില്ലെന്നും അത് മറക്കാനാകില്ലെന്നും സംസാരത്തിൽ നിന്നും വ്യക്തമാണ്.
ഹൗസിനുള്ളിൽ ഒനീലിന്റെ അമ്മ എത്തിയതും കാല് പിടിച്ച് മാപ്പ് പറയാൻ ലക്ഷ്മി ശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം പുറത്തിറങ്ങിയ ശേഷമെന്നാണ് അമ്മ പറഞ്ഞത്. ഒടുവിൽ ബിഗ് ബോസ് ഹൗസിന് അകത്തേക്ക് കയറിയ അമ്മ വളരെ സന്തോഷവതിയായാണ് കാണപ്പെട്ടത്. "എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബിഗ് ബോസിൽ വരണമെന്നത്. എന്നെങ്കിലും ഒനീൽ വരുകയാണെങ്കിൽ എനിക്കും വരാൻ പറ്റുമല്ലോന്ന് കരുതിയതാണ്. അതിന് അവസരമൊരുക്കിയ ബിഗ് ബോസിനും ടീമിനും നന്ദി", എന്നാണ് അമ്മ പറഞ്ഞത്.
പിന്നാലെ ഒനീലിനെതിരെ ലക്ഷ്മി നടത്തിയ പരാമർശം അമ്മ മറ്റ് മത്സരാർത്ഥികളോടായി സംസാരിക്കുന്നുണ്ട്. "നമുക്കൊരു ലൈഫ് പുറത്തുണ്ട്. ഒനീലായത് കൊണ്ട് അതിനെതിരെ വാദിച്ചു. നമുക്കറിയാം നമ്മുടെ മകൻ അങ്ങനെ ചെയ്യില്ലെന്ന്. പക്ഷേ അതല്ലല്ലോ. ഒനില കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. നിങ്ങളെല്ലാവരും അവനൊപ്പം നിന്നു. ലക്ഷ്മി വന്ന് ഇപ്പോഴെന്റെ കാല് പിടിച്ചു. ഞാൻ പറഞ്ഞു വേണ്ടെന്ന്. പുറത്തുവരുമ്പോൾ സംസാരിക്കാമെന്ന്. അവളെനിക്ക് അൺകൺഫർട്ടബിളാണ്. ഇത്തിരി നേരം സന്തോഷിച്ചിട്ട് ഞാൻ പോകും", എന്നായിരുന്നു അമ്മയുടെ വാക്കുകൾ.
മുൻ മത്സരാർത്ഥി മസ്താനിയോട് ഒനീൽ മോശമായി പെരുമാറി എന്നതായിരുന്നു സംഭവം. ഇത് നേരിൽ കാണാത്ത ലക്ഷ്മി, ഒനീലിനെതിരെ വളരെ മോശമായി സംസാരിച്ചു. വീട്ടുകാരെ അടക്കം പറഞ്ഞിരുന്നു. പക്ഷേ തനിക്ക് അമളി പറ്റിയതാണെന്ന് മനസിലാക്കിയ ലക്ഷ്മി പിന്നീട് മാപ്പ് പറയുകയും ചെയ്തു.
നെവിന്റെ അമ്മയും സഹോദരിയും ബിഗ് ബോസിൽ എത്തിയിരുന്നു. "ബിഗ് ബോസിൽ ചേട്ടായി വന്നപ്പോൾ ഞാൻ കളിയാക്കിയിരുന്നു. ആദ്യ ആഴ്ച തന്നെ ഔട്ടാകുമെന്ന് തമാശക്ക് പറഞ്ഞു. പക്ഷേ ഇത്രയും ദിവസം ആള് നിന്നു. ഞാൻ അതിൽ അഭിമാനിക്കുന്നു", എന്നായിരുന്നു നെവിന്റെ സഹോദരി നവ്യയുടെ വാക്കുകൾ. അതേസമയം, ബിന്നിയും ഭർത്താവ് നൂബിൻ തിരികെ പോയിട്ടുണ്ട്. മൂന്ന് ദിവസത്തെ ബിഗ് ബോസ് വാസത്തിന് ശേഷമായിരുന്നു നൂബിന്റെ മടക്കം.



