ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ സാധാരണക്കാര്‍ക്ക് പ്രവേശനം നേടാനുള്ള അവസരം ഇന്ന് കൂടി മാത്രം
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ എട്ടാമത്തെ സീസണ്‍ വരികയാണ്. ഇക്കുറി കോമണര്‍ ടിക്കറ്റില്‍ നിരവധി സാധാരണക്കാര്‍ക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി ഒരു ഷോയും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്. സീസണ്‍ 8 അഗ്നിപരീക്ഷ എന്ന പേരില്‍ നടക്കുന്ന ഷോയില്‍ വിജയിക്കുന്നവര്‍ക്ക് ബിഗ് ബോസിലേക്ക് എന്‍ട്രി ലഭിക്കും. ഇതിലേക്ക് അപേക്ഷിക്കേണ്ട വിധം എങ്ങനെയെന്ന് നേരത്തെ അറിയിപ്പ് എത്തിയിരുന്നു. ഇതിനായുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഇന്നാണ്. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇതിനായി അവശേഷിക്കുന്നത്.
ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് നേരത്തേ പുറത്തുവിട്ട പ്രൊമോയില്‍ അഗ്നിപരീക്ഷയില്‍ എങ്ങനെ പങ്കെടുക്കുമെന്ന കാര്യം മോഹന്‍ലാല്‍ തന്നെ അറിയിച്ചിരുന്നു. “സീസണ്‍ 8 അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ നിലപാടും വ്യക്തിത്വവും വ്യക്തമാക്കുന്ന, നിങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണ് എന്ന് വെളിപ്പെടുത്തുന്ന 3 മിനിറ്റില്‍ താഴെയുള്ള ഒരു ഇന്‍ട്രൊഡക്ഷന്‍ വീഡിയോ തയ്യാറാക്കി http://asianet.jiostar.com/bb8 എന്ന വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യുക”, മോഹന്‍ലാലിന്‍റെ വാക്കുകള്‍. അഗ്നിപരീക്ഷയില്‍ വിജയിച്ചാല്‍ സീസണ്‍ 8 ല്‍ പങ്കെടുക്കാനുള്ള അവസരമാണ് മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. അയയ്ക്കുന്ന ഇന്‍ട്രൊഡക്ഷന്‍ വീഡിയോയ്ക്ക് ഉണ്ടാകാവുന്ന പരമാവധി സൈസ് 50 എംബി ആണ്. ജൂണ്‍ 15 ആണ് അവസാന തീയതി.
കോമണര്‍ ആയി എത്തിയ അനീഷ് ആയിരുന്നു ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ വിജയി. അതിനാല്‍ത്തന്നെ പുതിയ സീസണില്‍ കോമണര്‍ മത്സരാര്‍ഥികള്‍ക്ക് സ്വാഭാവികമായും പ്രാധാന്യം കൂടും. അതേസമയം അഗ്നിപരീക്ഷയോ ബിഗ് ബോസ് സീസണ്‍ എട്ടോ എന്ന് ആരംഭിക്കുമെന്ന വിവരം ഇനിയും പുറത്തെത്തിയിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്‍റെ അവതാരകനായി എത്തുക.



