നീയൊക്കെ ആണോടാ എന്റെ തലവേദന തീരുമാനിക്കാൻ എന്ന് പറഞ്ഞ് കട്ടക്ക് നിൽക്കുന്ന രേണുവിനെ ആണ് പ്രേക്ഷകർ ഇന്നലെ കണ്ടത്. 

ബിഗ് ബോസ് സീസൺ 7 . കാത്തിരുന്ന് കാത്തിരുന്ന് അങ്ങനെ ബിഗ് ബോസ് സീസൺ 7 ൽ ആദ്യത്തെ ദിവസം കഴിഞ്ഞിരിക്കുകയാണ്.ഏഴിന്റെ പണിയുമായി കാത്തിരിക്കുന്ന മോഹൻലാലിന്റെ മടയിലേയ്ക്ക് എത്തിയ മത്സരാർത്ഥികൾ. വീറോടും വാശിയോടും പൊരുതി മുന്നേറുകയാണ് ഓരോരുത്തരും. പക്ഷേ ബി ബി ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയാകുന്ന പേര് രേണു സുധിയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്കെത്തി ഒരു ദിവസം ഒരാൾ ഒരു തവണയെങ്കിലും തന്നെ കാണും വിധം റീച്ചുണ്ടാക്കാനും അത് വഴി ബി ബി ഹൗസിൽ ഇടം പിടിക്കാനും രേണുവിന് കഴിഞ്ഞിട്ടുണ്ട്. പോസിറ്റീവും നെഗറ്റീവും ഇടകലർന്ന ഫീഡ് ബാക്കുകൾ ബി ബി ഹൗസിൽ പോകും മുൻപേ രേണുവിന് ഉണ്ട്. ബി ബി ഹൗസിൽ ഒരു ദിവസം പിന്നിടുമ്പോഴും ഫീഡ് ബാക്കുകൾ അങ്ങനെത്തന്നെയാണ് നില നിൽക്കുന്നത്.

എന്നാൽ തന്ത്രശാലിയായ ഗെയ്മർ ആയാണ് രേണുവിനെ ബി ബി ഹൗസിൽ കാണുന്നത്. ഇന്നലെ തനിയ്ക്ക് തലവേദനയാണെന്ന് രേണു ക്യാപ്റ്റനായ അനീഷിനോട് പറയുകയുണ്ടായി. അങ്ങനെയെങ്കിൽ രേണു കുറച്ച് സമയം വിശ്രമിക്കട്ടെ എന്ന് അനീഷ് പെർമിഷനും കൊടുത്തു. എന്നാൽ രേണുവിന്റെ തലവേദന കള്ളമാണെന്നായിരുന്നു അപ്പാനി ശരത്തിന്റെയും അഭിലാഷിന്റേയും വാദം. തലവേദന ഉള്ള ഒരാൾക്ക് ഞൊടിയിടയിൽ അത് മാറിയോ എന്നും എന്തിനാണ് അഭിനയമെന്നും പറഞ്ഞ് അവർ ഇരുവരും രേണുവുമായി അടി ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. എന്നാൽ നീയൊക്കെ ആണോടാ എന്റെ തലവേദന തീരുമാനിക്കാൻ എന്നും പറഞ്ഞ് കട്ടക്ക് നിൽക്കുന്ന രേണുവിനെ ആണ് പ്രേക്ഷകർ ഇന്നലെ കണ്ടത്. തനിക്ക് തലവേദന ആണെന്നും കള്ളം പറയേണ്ട ആവശ്യമില്ലെന്നും രേണു അവരോട് മുഖത്ത് നോക്കി പറയുകയാണ് ചെയ്തത്. ഇത്രയും മല്ലന്മാർക്കൊപ്പം ഒറ്റക്ക് നിന്നാണ് രേണു സുധി അവിടെ പൊരുതിയത്. പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞ് രേണു നേരെ മുറിയിലേയ്ക്ക് പോകുകയും ചെയ്തു.

എന്നാൽ ഷാനുവിന് തലവേദനയാണെന്ന് പറഞ്ഞപ്പോൾ ക്യാപ്റ്റൻ പരിഗണന നൽകുന്നത് കണ്ടില്ലെന്നും പറഞ്ഞായി അടുത്ത അടി. അടി കൂടി ഒച്ചയെടുത്ത രേണുവിന് തലവേദന കൂടിയതോടെ ഡോക്ടറുടെ സേവനം ആവശ്യമാണെന്ന് അനീഷ് ബിഗ് ബോസ്സിനോട് പറഞ്ഞു. അത് കേട്ട് വന്ന ഷാനു, രേണുവിന് മാത്രം അനീഷ് പരിഗണന നൽകുന്നെന്നും പറഞ്ഞ് അടുത്ത അടി ഉണ്ടാക്കി.

പറഞ്ഞു വരുന്നത് രേണുവിന്റെ തലവേദനയിൽ നിന്ന് തുടങ്ങിയ കണ്ടന്റ് ആണ് ഇന്നലെ മൊത്തം ഓടിയത് എന്നാണ്. ബിഗ് ബോസിന് വേണ്ട കണ്ടന്റ് കൊടുക്കാൻ രേണു ശ്രമിക്കുന്നുണ്ട്. അതേസമയം രേണു സുധി എന്ന പേരിന് പുറത്ത് നല്ല മൈലേജ് ഉണ്ടെന്ന് അറിയുന്ന അപ്പാനി ശരത്തും അഭിലാഷും രേണുവിനെതിരെ നിൽക്കാനാണ് ശ്രമിക്കുന്നത്. രേണുവുമായി ക്ലാഷ് ഉണ്ടാകുന്നതോടെ തങ്ങളുടെ പേര് പ്രേക്ഷകർക്ക് പരിചിതമാകുമെന്നും അങ്ങനെ ആളുകളിലേക്ക് എത്താമെന്നും അവർ കരുതുന്നതുപോലെയാണ് നിലവിലെ പോക്ക്. എന്നാൽ രേണു പെട്ടന്നൊന്നും ആ കുതന്ത്രങ്ങളിൽ വീഴുമെന്ന് തോന്നുന്നില്ല. ബി ബി ഹൗസിനുള്ളിൽ പാട്ടുപാടി മത്സരാർത്ഥികളെയും പ്രേക്ഷകരെയും കയ്യിലെടുക്കുന്ന രേണുവിനെയും നമ്മൾ ഇന്നലെ കണ്ടിരുന്നു. ശാരികയും രേണുവും നേർക്കുനേർ വരുമെന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. പക്ഷേ ഇതുവരെ അവർ ഇരുവരും തമ്മിൽ വലിയ ഫൈറ്റൊന്നും ഉണ്ടായിട്ടില്ല. എന്തായാലും ദിവസം ഒന്നല്ലേ കഴിഞ്ഞുള്ളു. രേണു സുധി അത്ര പെട്ടന്ന് പതറുന്ന കൂട്ടത്തിൽ അല്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. ഏതായാലും രേണു സുധിയിൽ നിന്നും ബിഗ് ബോസ് രേണുവിലേക്കുള്ള വളർച്ച സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. രേണുവിന്‍റെ പേരിൽ ആർമി ഗ്രൂപ്പുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ എന്താണ് രേണുവിന്റെ ഗെയിം സ്ട്രാറ്റജി എന്ന് കൂടുതൽ അറിയാനാകും എന്നാണ് പ്രതീക്ഷ.

YouTube video player