ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലെത്തി നിൽക്കെ, അനീഷ് അനുമോളോട് നടത്തിയ വിവാഹാഭ്യർത്ഥന വലിയ ചർച്ചയാകുന്നു. അനുമോൾ ഇത് നിരസിച്ചെങ്കിലും, സഹമത്സരാർത്ഥിയായ ഷാനവാസ് അവളെ കളിയാക്കുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി വെറും 8 ദിവസം മാത്രമാണ് ബാക്കി. ഷോ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ ഏറെ രസകരമായ സംഭവങ്ങളാണ് ഹൗസിനുള്ളിൽ നടക്കുന്നത്. അനുമോളോട് അനീഷ് വിവാഹ അഭ്യർത്ഥന നടത്തിയതും അത് അനു നിരസിച്ചതുമെല്ലാമാണ് ഹൗസിനുള്ളിലേയും പുറത്തെയും സംസാര വിഷയം. കഴിഞ്ഞ ദിവസം ആയിരുന്നു തന്റെ ഇഷ്ടം അനീഷ്, അനുമോളോട് തുറന്നു പറഞ്ഞത്. ഇക്കാര്യം നൂറ, ആദില, ഷാനവാസ് എന്നിവരോട് മാത്രമാണ് അനുമോൾ പറഞ്ഞിട്ടുള്ളത്.
ഇക്കാര്യം കേട്ട് ഷാനവാസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 'ലാലേട്ടൻ ചോദിച്ചാൽ ഞാൻ പറയും. ലാലേട്ടാ സംസാരങ്ങളൊക്കെ കേട്ടിട്ട് ലാലേട്ടൻ കൈപിടിച്ച് കൊടുക്കണമെന്നാണ്' എന്ന് ഷാനവാസ് പറയുന്നു. നൂറയോടും അനുമോളോടും ആയിരുന്നു പ്രതികരണം. ഇതിന് ദേഷ്യത്തോടും നിസഹായയുമായാണ് അനുമോൾ മറുപടി നൽകുന്നത്.
'എനിക്കറിഞ്ഞൂട മോളേ. ഇയാൾക്ക് എല്ലാം തമാശ. ഇതാണ് ഈ മനുഷ്യനോട് ഒരുകാര്യവും പറയാത്തത്. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ ഷാനവാസിക്ക. നാളെ ലാലേട്ടൻ വന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പഞ്ഞിക്കിടാൻ പോകുന്നത് എന്നെയാണ്. എല്ലാം കൂടി ചേർത്ത്', എന്ന് അനുമോൾ പറയുന്നുണ്ട്.
'അതിപ്പോൾ എല്ലാ ആഴ്ചയും അങ്ങനെ തന്നെയല്ലേ. നിനക്ക് അതല്ലേ വേണ്ടതെ'ന്നും ഷാനവാസ് ചോദിക്കുമ്പോൾ, 'എനിക്ക് അതൊന്നും വേണ്ട ഇക്ക. ലാലേട്ടൻ ഒന്ന് സ്നേഹത്തോടെ സംസാരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്', എന്നാണ് അനുമോളുടെ മറുപടി. 'കഴിഞ്ഞ 91 ദിവസമായി അവൻ അനുമോളെ വീക്ഷിച്ച് കൊണ്ടിരിക്കുകയാകും. അനീഷിന് ഈ ധൈര്യം എവിടെന്ന് വന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്', എന്നും ഷാനവാസ് പറയുന്നുണ്ട്. അതേസമയം, ഇക്കാര്യം മോഹൻലാൽ അനുമോളോടും അനീഷിനോടും ഇന്ന് ചോദിക്കുന്നുണ്ട്. അതിന്റെ പ്രമോയും ബിഗ് ബോസ് പുറത്തുവിട്ടിട്ടുണ്ട്.

