'ശക്തിമാൻ' പോലുള്ള സീരിയലുകളിലൂടെ പ്രശസ്തയായ നടി നൂപുർ അലങ്കാർ ഇപ്പോൾ സന്യാസ ജീവിതം നയിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും, അമ്മയുടെയും സഹോദരിയുടെയും മരണവുമാണ് ഭൗതിക ലോകം ഉപേക്ഷിക്കാൻ കാരണമായതെന്ന് അവര്‍ പറയുന്നു.

രുകാലത്ത് ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങി നിന്ന നിരവധി താരങ്ങൾ പിന്നീട് ആത്മീയതയിലേക്കും സന്യാസത്തിലേക്കും തിരിഞ്ഞ വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി നൂപുർ അലങ്കാർ. സൂപ്പർ ഹിറ്റായി മാറിയ ശക്തമാൻ ഉൾപ്പടെയുള്ള ഒട്ടനവധി സീരിയലുകളിലൂടെ ശ്രദ്ധനേടിയ ആളാണ് നൂപുർ. ഒരുകാലത്ത് ലൈംലൈറ്റിൽ തിളങ്ങി നിന്ന ഇവരിപ്പോൾ സന്യാസ ജീവിതം നയിക്കുകയാണ്. 90കളിൽ പതിനായിരവും പന്ത്രണ്ടായിരവും സമ്പാദിച്ചിരുന്ന നൂപുർ ​ഗുഹകളിലാണ് താമസിക്കുന്നത്. ഒപ്പം ഭക്ഷണത്തിനായി ഭിക്ഷാടനവും നടത്തി പോകുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് നൂപുർ അലങ്കാർ. ടെലി ടോക്ക് ഇന്ത്യയോട് ആയിരുന്നു ഇവരുടെ പ്രതികരണം. "എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്താണെന്ന് നിങ്ങൾക്കിപ്പോൾ ​ഗൂ​ഗിളിൽ നിന്നും കണ്ടെത്താനാകും. പിഎംസി ബാങ്ക് അഴിമതിയാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. അതിന് ശേഷം എന്റെ അമ്മ ശാരീരികമായും മാനസികമായും തളർന്ന് പോയി. ചികിത്സിക്കാൻ പണമില്ലാതെ സാമ്പത്തിക പ്രതിസന്ധി. അമ്മയുടേയും സഹോദരിയുടേയും മരണമാണ് എന്റെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ വേദന. അതുവരെ ഈ ലോകവുമായി എനിക്കുണ്ടായിരുന്ന എല്ലാ ബന്ധവും അവസാനിച്ചു. ഇവിടെ ജീവിക്കാൻ ഇഷ്ടമില്ലാതായി. എല്ലാവരുടേയും സമ്മതത്തോടെ ആത്മീയതയിലേക്ക് ഞാൻ തിരിഞ്ഞു", എന്ന് നൂപുർ അലങ്കാർ പറയുന്നു.

"ഭൗതികമായ ലോകത്തിൽ നിന്നുമുള്ള പടിയിറക്കം എനിക്ക് വളരെ എളുപ്പമായിരുന്നു. മുൻപ് ബില്ലുകൾ, ജീവിതശൈലി ചെലവുകൾ, നടിയായതിനാൽ ശരീരം നോക്കാൻ ഭക്ഷണക്രമം എല്ലാം ഉണ്ടായിരുന്നു. ഞാൻ അഭിനയിക്കുന്ന സമയത്ത് ഒരു മാസം 10,000 മുതൽ 12,000 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോൾ ഭിക്ഷാടനം എന്റെ ഒരു അചാരമാണ്. ചില സമയങ്ങളിൽ ഞാനത് ചെയ്യാറുണ്ട്. ഭിക്ഷയായി ലഭിക്കുന്നത് ദൈവത്തിനും ​ഗുരുവിനും പങ്കിടും. അത് അഹന്തയെ ഇല്ലാതാക്കുന്നു. ഇപ്പോഴെനിക്ക് നലോ അഞ്ചോ ജോഡി വസ്ത്രം മാത്രമാണ് ഉള്ളത്. ആശ്രമങ്ങൾ സന്ദർശിക്കുന്നവർ വഴിപാടുകൾ കൊണ്ടുവരുന്നു, ചിലപ്പോൾ വസ്ത്രങ്ങളും, അത് മതിയാകും എനിക്ക്", എന്നും നൂപുർ അലങ്കാർ കൂട്ടിച്ചേർത്തു. താൻ ഗുഹകളിൽ താമസിച്ചിട്ടുണ്ടെന്നും എലികളുടെ കടിയിലും കനത്ത മഞ്ഞുവീഴ്ചകളും അതിജീവിച്ചിട്ടുണ്ടെന്നും നൂപുർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്