തനിക്ക് തന്റേതായ കാഴ്‍ചപ്പാടുകള്‍ ഉണ്ടെന്നും പറയുന്നു ഷാനവാസ്.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഏറെ വിവാദമായിരുന്ന ഒന്നായിരുന്നു സഹമത്സരാർത്ഥിയായിരുന്ന ജിസേലിന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഷാനവാസിന്റെ പരാമർശം. ജിസേലിന്റെ വസ്ത്രധാരണം നാടിന്റെ സംസ്കാരത്തിനു ചേർന്നതല്ലെന്ന ഷാനവാസിന്റെ അഭിപ്രായത്തിനെതിരെ ഷോയ്ക്കകത്തും പുറത്തും വ്യാപകവിമർശനം ഉയർന്നിരുന്നു. എന്തുകൊണ്ടാണ് താൻ അങ്ങനെ പറഞ്ഞത് എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷാനവാസ് വിശദീകരിക്കുകയാണ്. ഒരു സാധാരണക്കാരന്റെ സാധാരണ മനസ് വെച്ചാണ് താൻ ആ സമയത്ത് അങ്ങനെ പറഞ്ഞതെന്ന് ഷാനവാസ് പറയുന്നു.
"ജിസേൽ കേരളത്തിന് പുറത്ത് നിന്ന് വരുന്നതാണ്. നമ്മുടെ ഓഡിയൻസിന്റെ പൾസ് അറിയണം എന്നില്ല. ഞാൻ അറിയുന്ന, എന്റെ സീരിയൽ ഓഡിയൻസിന്റെ പൾസ് അറിഞ്ഞിട്ടാണ് ഞാൻ പറഞ്ഞത്. ഈ ഓഡിയൻസിന്റെ സ്നേഹം അനുഭവിച്ചാണ് വളർന്നത്.
വസ്ത്രധാരണത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ചു കഴിഞ്ഞാൽ ജിസേലിനെ അവർ ഇഷ്ടപ്പെടും എന്ന അർഥത്തിൽ ആണ് ഞാൻ പറഞ്ഞത്. വീട്ടമ്മമാരും കുട്ടികളും എല്ലാവരും കൂടി കാണുന്നതായതു കൊണ്ട് കുറച്ച് അരോചകമാവും എന്നെനിക്കു തോന്നി. ആ സമയത്ത് ഞാൻ അത് പറഞ്ഞു. ഒരു സാധാരണക്കാരന്റെ സാധാരണ മനസ് വെച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്.
വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യമാണ് എന്ന കാര്യവും ഞാൻ അവിടെ പറഞ്ഞിട്ടുണ്ട്. വസ്ത്രധാരണ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ആർക്കും എന്ത് വസ്ത്രം വേണമെങ്കിലും ധരിക്കാം. ഞാൻ ഒരു സാധാരണക്കാരനാണ്. നാട്ടിൻപുറത്ത് നിന്നാണ് വരുന്നത്. എനിക്ക് എന്റേതായ കാഴ്ചപ്പാടുകൾ ഉണ്ട്. എന്നെ പറഞ്ഞ് പഠിപ്പിച്ചതും ഞാൻ കേട്ടതുമായ കുറേ കാര്യങ്ങൾ ഉണ്ട്. എങ്കിലും ഞാൻ അത്രയ്ക്ക് പഴഞ്ചനും അല്ല. പക്ഷേ ആ സമയത്ത് അത് എനിക്ക് അരോചകമായി തോന്നി", ഷാനവാസ് അഭിമുഖത്തിൽ പറഞ്ഞു.


